India - 2024

ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ട്: ഹൈക്കോടതി

05-09-2021 - Sunday

കൊച്ചി: ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഗര്‍ഭസ്ഥശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ടെന്നും നവജാതശിശുവില്‍ നിന്നു ഗര്‍ഭസ്ഥശിശുവിനെ വേറിട്ടു കാണേണ്ടതില്ലെന്നും ഹൈക്കോടതി. 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ എറണാകുളം സ്വദേശിനിയായ അമ്മ നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ഗര്‍ഭസ്ഥശിശുവിന് വൈകല്യമുണ്ടെന്നു കണ്ടെത്തിയതിനാല്‍ അബോര്‍ഷനുവേണ്ടി ഹര്‍ജിക്കാരി ആശുപത്രി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, നിയമപ്രകാരം 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ ഹര്‍ജിക്കാരിയുടെ ആവശ്യം നിഷേധിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് നടപടി തുടങ്ങിയെങ്കിലും ഇതു വിജ്ഞാപനം ചെയ്തിട്ടില്ലെന്നു ഹൈക്കോടതി വിലയിരുത്തി. ഹര്‍ജിക്കാരിയുടെ ആവശ്യം പരിഗണിക്കാനായി മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കി റിപ്പോര്‍ട്ട് തേടിയിരുന്നു. കുഞ്ഞിന് വൈകല്യമുണ്ടെങ്കിലും ഗുരുതരമല്ലെന്നും അമ്മയുടെ ജീവനു ഭീഷണിയല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് ഗര്‍ഭസ്ഥശിശുവിനും ജീവിക്കാന്‍ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളിയത്.


Related Articles »