Youth Zone - 2024

ഇസ്ലാമിക് സ്റ്റേറ്റ് താണ്ഡവമാടിയ ഇറാഖിലെ ലൈബ്രറികള്‍ തുറക്കാന്‍ ചുക്കാന്‍പിടിച്ച് ക്രൈസ്തവ യുവജനങ്ങൾ

പ്രവാചകശബ്ദം 08-07-2022 - Friday

മൊസൂള്‍: 2014 മുതൽ 2017 വരെ നീണ്ട ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധിനിവേശം നടന്ന കാലയളവിൽ ഇറാഖിലെ മൊസൂളിലും, നിനവേ പ്രവിശ്യയിലും നശിപ്പിക്കപ്പെട്ട പുസ്തകശാലകളും, പുസ്തകങ്ങൾ വിൽക്കുന്ന കടകളും തുറക്കാന്‍ ഇടപെടലുമായി ക്രൈസ്തവ യുവജനങ്ങൾ. അമൂല്യമായ നിരവധി ഗ്രന്ഥങ്ങൾ ഇക്കാലയളവില്‍ നശിപ്പിക്കപ്പെട്ടിരിന്നു. ചിലത് തീവ്രവാദികളുടെ കൈകളിൽ എത്താതിരിക്കാൻ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. ഇപ്പോൾ പ്രതീക്ഷകൾക്ക് ചിറകു നൽകി മൊസൂളിലും നിനവേ പ്രവിശ്യയിലും പുസ്തകശാലകളും, സാംസ്കാരിക കേന്ദ്രങ്ങളും വീണ്ടും തുറക്കുവാനാണ് തീരുമാനമായിരിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് ക്രൈസ്തവ യുവജനങ്ങളാണെന്നതാണ് ശ്രദ്ധേയമായ കാര്യം.

അൽഘോഷ് ജില്ലയിലെ സിരിക്ഷയിൽ ജനൻ ഷാക്കർ ഏലിയാസ് എന്ന യുവതി ആരംഭിച്ച പുസ്തകശാല വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്. സൗജന്യമായി രണ്ടായിരത്തോളം പുസ്തകങ്ങളാണ് ആളുകൾക്ക് വായിക്കാനായി ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ചെറിയ കാലയളവിൽ ഒരു സാംസ്കാരിക കേന്ദ്രമായി ഈ പുസ്തകശാല മാറി. പുസ്തകശാല ആരംഭിക്കുന്ന കാര്യം ജനന്റെ മനസ്സിൽ ചെറുപ്പം മുതലേ ഉണ്ടായിരുന്നു. ഇതിനിടയിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ഭയന്ന് ഇവരുടെ കുടുംബത്തിന് ഗ്രാമത്തിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നു. ഇതോടുകൂടി അവർ പുസ്തകശാല ആരംഭിക്കാൻ ദൃഢനിശ്ചയം എടുക്കുകയായിരുന്നു. തിരികെ ഗ്രാമത്തിലേക്ക് മടങ്ങി സർവകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം തന്റെ സ്വപ്നം പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ജനൻ ആരംഭിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ പിടിച്ചടക്കിയ സ്ഥലങ്ങളിലെ ക്രൈസ്തവ പുസ്തകശാലകളുടെ തകർച്ചയെയും, അതിന്റെ പ്രത്യാഘാതങ്ങളെയും ആസ്പദമാക്കി മൊസൂൾ സർവ്വകലാശാലയിൽ സാൻബ്ലാ അസീസ് ശിഹാബ് വിദ്യാർത്ഥിനി നടത്തിയ ഗവേഷണത്തെ പറ്റി ജൂൺ മാസം നടന്ന ചർച്ചയും വിഷയത്തിൽ ക്രൈസ്തവ യുവജനങ്ങളുടെ ആശങ്കയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കെതിരെ സൈന്യം നടത്തിയ പോരാട്ടത്തിൽ നാശനഷ്ടം സംഭവിച്ച മൊസൂൾ സർവ്വകലാശാലയിലെ പുസ്തകശാല കഴിഞ്ഞ ഫെബ്രുവരി മാസം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും തുറന്നത് മൊസൂൾ നഗരത്തിൻറെ 'പുതിയ തുടക്കം' എന്ന വിശേഷണം നൽകിയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.


Related Articles »