Life In Christ

'പുഞ്ചിരിയുടെ പാപ്പ' ജോൺ പോൾ ഒന്നാമൻ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 05-09-2022 - Monday

വത്തിക്കാന്‍ സിറ്റി: 1978 ഓഗസ്റ്റ്‌ 26 മുതല്‍ സെപ്റ്റംബര്‍ 28 വരെ വെറും 33 ദിവസം മാത്രം ആഗോള കത്തോലിക്കാ സഭയെ നയിക്കുകയും 'പുഞ്ചിരിക്കുന്ന പാപ്പ' എന്ന അപര നാമത്തില്‍ അറിയപ്പെടുകയും ചെയ്ത ജോൺപോൾ ഒന്നാമൻ പാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി. വത്തിക്കാനിലെ സെന്റെ പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന പ്രഖ്യാപന ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത് ഫ്രാൻസിസ് പാപ്പ ആയിരുന്നു. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമരാറോ ഇരുപത്തിഅയ്യായിരം വിശ്വാസികളുടെ സാന്നിധ്യത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

ക്രൂശീകരിക്കപ്പെട്ട ക്രിസ്തുവിനെ ചുംബിക്കണം എന്നുണ്ടെങ്കിൽ, തലകുമ്പിട്ട്, ക്രിസ്തുവിന്റെ ശിരസ്സിലെ മുൾമുടിയിലുള്ള ഏതാനും മുള്ളുകളിൽ നിന്ന് മുറിവേൽക്കാതെ അതിന് സാധിക്കില്ലെന്ന് വിശുദ്ധ കുർബാനയിൽ സന്ദേശം നൽകി സംസാരിച്ച ഫ്രാൻസിസ് മാർപാപ്പ, ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ വാചകങ്ങളെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. 'പുഞ്ചിരിക്കുന്ന മാർപാപ്പ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജോൺ പോൾ ഒന്നാമൻ പാപ്പയുടെ പുഞ്ചിരിയിലൂടെ കര്‍ത്താവിന്റെ നന്മ ആളുകളിലേക്ക് പകർന്നു നൽകപ്പെട്ടുവെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു.

ക്രൂശിൽ മരിച്ച ക്രിസ്തുവിലേക്ക് നോക്കുമ്പോൾ നമ്മുടെ ശത്രുക്കളെ പോലും സ്നേഹിക്കാൻ നാം വിളിക്കപ്പെടുകയാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ലൂക്കായുടെ സുവിശേഷം പതിനാലാം അധ്യായത്തെ ആസ്പദമാക്കിയായിരുന്നു പാപ്പയുടെ സന്ദേശം. എല്ലാം ഉപേക്ഷിക്കാതെ അടുത്തുവരുന്ന ആര്‍ക്കും എന്റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ലായെന്ന് യേശുക്രിസ്തു പറഞ്ഞ സുവിശേഷ ഭാഗം ഫ്രാന്‍സിസ് പാപ്പ ഓർത്തെടുത്തു. സുവിശേഷം കേട്ടുകൊണ്ടിരുന്നവരിൽ പലരും ക്രിസ്തു തങ്ങളുടെ നേതാവായി, ശത്രുക്കളിൽ നിന്ന് തങ്ങളെ മോചിപ്പിക്കും എന്നാണ് ചിന്തിച്ചത്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കുന്ന ഒരാളാണ് ക്രിസ്തുവെന്ന് അവർ വിശ്വസിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനും, പ്രശസ്തി നേടാനും, അധികാരം കയ്യാളാനുമുളള ഭൗതികമായ ലക്ഷ്യം, ക്രിസ്തുവിന്റെ രീതിയല്ല, അതിനാൽ തന്നെ അത് ക്രിസ്തു ശിഷ്യന്മാരുടെയും, സഭയുടെയും രീതിയാകാൻ പാടില്ല.

ആഴത്തിലുള്ള ബന്ധങ്ങളെക്കാളും, വലിയ നിധികളേക്കാളും തന്റെ സ്നേഹത്തിന് ശിഷ്യർ പ്രാധാന്യം നൽകണമെന്നാണ് ക്രിസ്തു താല്പര്യപ്പെട്ടത്. ക്രിസ്തുവിന് പൂർണ്ണമായി സമർപ്പിക്കുകയെന്നത്, നമ്മിലേക്ക് നോക്കുന്നതിനേക്കാൾ കൂടുതലായി ക്രിസ്തുവിലേക്ക് നോക്കുകയെന്നതാണ്. ജോൺ പോൾ ഒന്നാമൻ പാപ്പയോട് മാധ്യസ്ഥം ചോദിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തു കൊണ്ടാണ് പരിശുദ്ധ പിതാവിന്റെ സന്ദേശം അവസാനിച്ചത്.

നേരത്തെ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ തീവ്രമായ മസ്തിഷ്ക്ക വീക്കവും, മാരകമായ അപസ്മാര രോഗവും മൂലം ഏറെ കഠിനമായ സാഹചര്യത്തിലൂടെ കടന്നുപോയ പെൺകുട്ടിക്ക് ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പയുടെ മാധ്യസ്ഥം മൂലം ലഭിച്ച സൗഖ്യം വത്തിക്കാന്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് വാഴ്ത്തപ്പെട്ട പദത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനമായത്. 2008 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ നാമകരണവുമായി ബന്ധപ്പെട്ട് വിസ്തരിച്ച 21 സാക്ഷികളിൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സാക്ഷ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം ഒരു പാപ്പ തന്റെ മുൻഗാമിയെക്കുറിച്ച് മുഖാമുഖം സാക്ഷ്യം നൽകുന്നത് ഇതാദ്യമായിട്ടായിരിന്നു.

ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ നാളുകൾ സഭയെ നയിച്ച പത്രോസിന്റെ പിന്‍ഗാമിയാണ് ജോൺ പോൾ ഒന്നാമൻ എങ്കിലും അദ്ദേഹം 'പുഞ്ചിരിക്കുന്ന പാപ്പ' എന്ന വിശേഷണത്താൽ അദ്ദേഹം ഏറെ ശ്രദ്ധ നേടിയിരിന്നു. 1978 ൽ ആഗസ്റ്റ് 26ന് പാപ്പയായി തിരഞ്ഞെടുക്കപെട്ട ജോൺപോൾ ഒന്നാമൻ പാപ്പ, 1978 സെപ്റ്റംബർ 28ന് അന്തരിക്കുകയായിരുന്നു. വെറും 33 ദിവസങ്ങൾ കൊണ്ട് 'പുഞ്ചിരിക്കുന്ന പാപ്പ' എന്ന വിശേഷണം ആൽബിനോ ലുച്ചിയാനി സ്വന്തമാക്കി. 2003 ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ കാലഘട്ടത്തിലാണ് നാമകരണത്തിനായുള്ള രൂപതാതല പ്രവർത്തനങ്ങൾക്ക് വെനീസിലെ ബെല്ലുനോ രൂപതയിൽ നിന്ന് തുടക്കം കുറിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »