Life In Christ

ഫ്രാന്‍സിസ് പാപ്പ തുടക്കമിട്ട പാവങ്ങള്‍ക്കായുള്ള ആറാമത് ആഗോള ദിനം ഇന്ന്; വത്തിക്കാനില്‍ പ്രത്യേക പരിപാടികള്‍

പ്രവാചകശബ്ദം 13-11-2022 - Sunday

വത്തിക്കാന്‍ സിറ്റി; 2016ലെ കരുണയുടെ അസാധാരണ ജൂബിലി വർഷ സമാപനത്തിൽ ഫ്രാൻസിസ് പാപ്പ തുടക്കമിട്ട പാവങ്ങള്‍ക്കായുള്ള ആറാമത് ആഗോള ദിനം ഇന്ന്. ഇതിനോട് അനുബന്ധിച്ച് പാവങ്ങളോടൊപ്പം പാപ്പ ഇന്നു ദിവ്യബലിയർപ്പിക്കും. ദിനം കൊണ്ടാടുന്നതിനായി സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി വഴി വത്തിക്കാൻ പല സംരംഭങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച ദിവ്യബലിക്ക് ശേഷം വത്തിക്കാനിലെ പോള്‍ ആറാമൻ ഹാളിൽ ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്. ദരിദ്രകുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കാനുള്ള മറ്റു പല ദീർഘകാല സംരംഭങ്ങളും

വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ആവശ്യമുള്ളവർക്ക് സൗജന്യ ചികിൽസയും പരിശോധനകളും നടത്താനായി ഇന്ന് മൊബൈൽ ചികിത്സാലയം പ്രത്യേകമാം വിധം തുറക്കും. എല്ലാ വർഷവും ആണ്ടുവട്ടത്തിലെ 33മത് ഞായറാഴ്ച ആഘോഷിക്കപ്പെടുന്ന ഈ ദിനത്തിന്റെ ലക്ഷ്യം ക്രൈസ്തവരെ സാമ്പത്തീകവും അതിജീവനത്തിന്റെയും പ്രശ്നങ്ങളിൽ വലയുന്ന പ്രാന്തപ്രദേശങ്ങളിലേക്ക് കടന്ന് ചെന്ന് യേശു തന്നെ കാണിച്ചു തന്ന സ്നേഹത്തിന്റെ അടയാളമായി സേവനം ചെയ്യാൻ പ്രോൽസാഹിപ്പിക്കുകയെന്നതാണ്. പരിശോധനയും, മരുന്നു നൽകലും മാത്രമല്ല ശരീരം മുഴുവനുമുള്ള വൈദ്യപരിശോധന, ഹൃദയം, രക്തം, ഫ്ലൂ, കോവിഡ് 19, എയ്ഡ്സ്, ഹെപ്പറ്റിറ്റിസ് സി, ക്ഷയം, തുടങ്ങിയവയ്ക്കുള്ള പരിശോധനകളും മരുന്നും സേവനവും വത്തിക്കാന്‍ ലഭ്യമാക്കുന്നുണ്ട്.

റോമിലുള്ള ഇടവകകളിലേക്ക് ഭക്ഷണ സാമഗ്രികളുടെ പൊതികൾ എത്തിച്ച് ആവശ്യമുള്ള കുടുംബങ്ങൾക്ക് വിതരണം ചെയ്യാനും ബില്ലുകളടക്കാനും വത്തിക്കാൻ സഹായമെത്തിക്കുന്നുണ്ട്. വാസസ്ഥലമില്ലാത്തവർക്ക് മാത്രമല്ല സഹായം ആവശ്യമായിട്ടുള്ളതെന്നു ആർച്ച് ബിഷപ്പ് ഫിസിക്കെല്ല പറഞ്ഞു. മാസാവസാനം വരെ എത്തിക്കാൻ പണിപ്പെടുന്ന ദരിദ്രർ ഉണ്ടെന്നും ആറു സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ ഇറ്റലിയിൽ 5 മില്യൺ പാവങ്ങൾ ഉണ്ടെന്നുള്ളത് ലോകത്തിലെന്താണ് നടക്കുന്നതെന്നറിയാൻ നമ്മെ സഹായിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇത്തരത്തിൽ ഏഷ്യയിലെയും, ലാറ്റിനമേരിക്കയിലേയും, ആഫ്രിക്കയിലേക്കും ചിലയിടങ്ങളിലെ സ്ഥിതി എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ദരിദ്രരുടെ സാന്നിധ്യത്തെ മനസ്സിലാക്കാനും പ്രതികരിക്കാനും കഴിയുന്നവരുമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »