Faith And Reason - 2024

അമലോത്ഭവ മാതാവിന്റെ തിരുനാൾ ആഘോഷം; വീടുകളും തെരുവുകളും തിരികൾ തെളിയിച്ച് കൊളംബിയൻ ജനത

പ്രവാചകശബ്ദം 08-12-2022 - Thursday

ബൊഗോട്ട: ഇന്നു ഡിസംബർ എട്ടാം തീയതി അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനത്തോട് അനുബന്ധിച്ച് വീടുകളും, തെരുവുകളും തിരികൾ തെളിയിച്ച് പ്രകാശമാനമാക്കിയുള്ള ആഘോഷത്തിനു തുടക്കം കുറിച്ച് ലാറ്റിന്‍ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ ജനങ്ങൾ. തിരികൾ തെളിയിച്ചുകൊണ്ട് തിരുനാൾ ദിവസത്തിന്റെ തലേദിവസം രാത്രി നടക്കുന്ന ആഘോഷ പരിപാടി 'നൈറ്റ് ഓഫ് ദ ലിറ്റിൽ കാൻഡിൽസ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിനം വലിയ ആഘോഷപൂര്‍വ്വമാണ് കൊളംബിയൻ ജനത കൊണ്ടാടുന്നത്.

അന്ന് രാത്രി കുടുംബങ്ങൾ ഒരുമിച്ചു കൂടിയും പ്രത്യേക ഭക്ഷണം ഒരുക്കിയും ആഘോഹിക്കുന്നു. ചില കുടുംബങ്ങളിൽ ജപമാലയും, നൊവേന പ്രാർത്ഥനയും ചൊല്ലാറുണ്ട്. 1854 മുതലാണ് ഈ ആഘോഷ പരിപാടിക്ക് തുടക്കം കുറിക്കപ്പെട്ടത്. പ്രസ്തുത വർഷം ഡിസംബർ ഏഴാം തീയതി പിറ്റേദിവസം മാതാവിന്റെ അമലോത്ഭവം ഒരു വിശ്വാസ സത്യമായി പിയൂസ് ഒന്‍പതാമൻ മാർപാപ്പ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിൽ, ലോകമെമ്പാടുമുള്ള വിശ്വാസികൾ തിരി തെളിയിച്ചു പ്രാർത്ഥിച്ചു. തിരി തെളിയിച്ചുള്ള ഡിസംബർ ഏഴാം തീയതിയിലെ പ്രാർത്ഥന കൊളംബിയയിൽ പിന്നീട് വന്ന വർഷങ്ങളിലും തുടർന്നു വരികയാണ്. കൊളംബിയയിലെ ജനത പോകുന്ന മറ്റു രാജ്യങ്ങളിലും അവർ 'നൈറ്റ് ഓഫ് ദ ലിറ്റിൽ കാൻഡിൽസ്' ആഘോഷങ്ങൾ പിന്തുടരാറുണ്ട്.

മദ്യം ലഭ്യമാക്കുന്ന ഒരു ചടങ്ങായി ഇതിനെ മാറ്റുന്നവരും ഉള്ളതിനാല്‍ ഡിസംബർ ഏഴാം തീയതിയിലെ ആഘോഷത്തിന്റെ യഥാർത്ഥ അർത്ഥം വിസ്മരിക്കരുതെന്ന് ബോഗോട്ട അതിരൂപതയിലെ വൈദികൻ ഫാ. ജോർജ് ആര്യാസ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. കുടുംബങ്ങൾ ഒരുമിച്ചു കൂടി, ചെറിയ കുട്ടികൾക്ക് ആഘോഷത്തിന്റെ അർത്ഥം വിവരിച്ചു നൽകണമെന്നും അദ്ദേഹം പറഞ്ഞു. 1854 ഡിസംബര്‍ 8ന് പീയൂസ് ഒൻപതാമൻ പാപ്പയാണ് മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. ലോകമാസകലമുള്ള മെത്രാന്മാരൂടെ അഭിപ്രായം ആരാഞ്ഞശേഷം ‘ഇൻഎഫാബിലി ദേവൂസ്’ എന്ന തിരുവെഴുത്ത് വഴിയായാണ് പ്രഖ്യാപനം നടത്തിയത്.


Related Articles »