News - 2024

കേരള സഭയെ ചേര്‍ത്തുപിടിച്ച ബെനഡിക്ട് പാപ്പ

പ്രവാചകശബ്ദം 01-01-2023 - Sunday

കേരള കത്തോലിക്ക സഭയെ ചേര്‍ത്തുപിടിച്ച പത്രോസിന്റെ പിന്‍ഗാമി കൂടിയായിരിന്നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. സഭയുടെ സാർവത്രിക സ്വഭാവം അരക്കിട്ടുറപ്പിക്കുംവിധം അംഗസംഖ്യ നോക്കാതെ എല്ലാ സഭകളുടെയും പ്രതിനിധികൾക്കു വരെ കർദ്ദിനാൾ തിരുസംഘത്തിൽ അദ്ദേഹം സ്ഥാനം നൽകിയിരുന്നു. വിവിധ പൗരസ്ത്യ റീത്തിൽനിന്ന് ഉത്ഭവിച്ച് പൗരസ്ത്യ റീത്തുകളെ അംഗീകരിച്ചാദരിക്കുന്നതിൽ അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല. നേരത്തേ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി യെയും കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയത് അദ്ദേഹമായിരുന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയെക്കൂടി കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ട് കേരള സഭയുടെ ചരിത്രത്തിൽ പുത്തൻ അധ്യായം രചിക്കാന്‍ ബനഡിക്ട് പാപ്പയ്ക്കു കഴിഞ്ഞു.

ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ പേരുവിളിച്ചത് ബനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നു. 2008 ഒക്ടോബർ 12നായിരുന്നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലോകമെങ്ങുനിന്നുമെത്തിയ മലയാളികളെ സാക്ഷിനിർത്തി അദ്ദേഹം നാമകരണം നടത്തിയത്. തേവർപറമ്പിൽ കുഞ്ഞച്ചനെയും സിസ്റ്റർ എവുപ്രാസ്യമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചതും അദ്ദേഹമാണ്. ഗീവർഗീസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത, മദർ ഏലീശ്വ, ഫാ. അഗസ്റ്റിൻ ജോൺ ഊക്കൻ, മാർ മാത്യു മാക്കീൽ, പൂതത്തിൽ തൊമ്മിയച്ചൻ, മദർ പ്രേത, ഫാ. ആന്റണി തച്ചുപറമ്പിൽ എന്നിവരെ ദൈവദാസരായി പ്രഖ്യാപിച്ചതും ബെനഡിക്ട് പതിനാറാമനായിരുന്നു.

കൽദായ സുറിയാനി ആരാധനക്രമത്തിന്റെ ആരംഭം മാർ തോമാശ്ലീഹയിലും ശ്ലീഹായുടെ ശിഷ്യരായ അദ്ദായിയിലും മാറിയിലുമാണെന്നു മാർപാപ്പ പഠിപ്പിച്ചിരിന്നു. മാർ തോമാശ്ലീഹ ഒരു പ്രേഷിതനായി ഭാരതത്തിൽ വന്നുവെന്ന പാരമ്പര്യം തീർച്ചയായും ചരിത്രത്തിന്റെ തലത്തിൽ ഗൗരവമായി എടുക്കണമെന്നു (ലിറ്റർജിയുടെ ചൈത ന്യം, പേജ് 167) ബെനഡിക്ട് പാപ്പ ചൂണ്ടിക്കാട്ടിയിരുന്നു. ഡൽഹി കേന്ദ്രമാക്കി ഫരീദാബാദ് രൂപതയും തമിഴ്നാട്ടിൽ രാമനാഥപുരം രൂപതയും സ്ഥാപിച്ചതും രൂപതാധ്യക്ഷന്മാരെ നിയമിച്ചതും സീറോ മലബാർ സഭയോടുള്ള അദ്ദേഹത്തിന്റെ സ്നേഹ വായ്പായാണ് സഭാനേതൃത്വം കണക്കാക്കുന്നത്.

സഭയുടെ മുഖപത്രമായ ‘ഒസെർവത്തോരെ റൊമാനോ’യുടെ മലയാളം പതിപ്പിറങ്ങിയതും അദ്ദേഹത്തിന്റെ കാലത്താണ്.


Related Articles »