India - 2024

അസൂയ പിശാചിന്റെ അടിസ്ഥാന സ്വഭാവം, ഇത് മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ പൈശാചിക ശക്തി: ഫാ. ഡൊമിനിക്ക് വാളന്മനാല്‍

പ്രവാചകശബ്ദം 25-02-2023 - Saturday

മാനന്തവാടി: അസൂയ പിശാചിന്റെ അടിസ്ഥാന സ്വഭാവമാണെന്നും ഇത് മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ പൈശാചിക ശക്തിയാണെന്നും പ്രമുഖ വചനപ്രഘോഷകന്‍ ഫാ. ഡൊമിനിക്ക് വാളന്മനാല്‍. മാനന്തവാടി രൂപത സുവർണ ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന 'കൃപാഭിഷേകം' ബൈബിൾ കൺവെൻഷനില്‍ ഇന്നലെ വചനപ്രഘോഷണം നടത്തുകയായിരിന്നു അദ്ദേഹം. അസൂയ, സ്വാര്‍ത്ഥമോഹം എവിടെ ഉണ്ടാകുന്നുവോ അവിടെ പ്രശ്നങ്ങള്‍ ഉടലെടുക്കുകയാണ്. നാം ചെറുതായി പോകുന്നുവെന്ന തോന്നലില്‍ നിന്നാണ് അസൂയയുടെ വിത്തുകള്‍ പിശാച് വിതയ്ക്കുന്നത്. പിശാചിന്‍െറ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്‌ഷക്കാര്‍ അതനുഭവിക്കുന്നു (ജ്‌ഞാനം 2:24) എന്ന് വചനത്തില്‍ വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഹങ്കാരം എന്ന തിന്‍മയാണ് അസൂയയിലേക്ക് നയിക്കുന്നത്. അസൂയയില്‍ എല്ലാ തിന്മയും കൂടി ചേര്‍ന്നിരിക്കുന്നു. ''നിങ്ങളില്‍ ജ്‌ഞാനിയും വിവേകിയുമായവന്‍ ആരാണ്‌? അവന്‍ നല്ല പെരുമാറ്റം വഴി വിവേകജന്യമായ വിനയത്തോടെ തന്‍െറ പ്രവൃത്തികളെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കട്ടെ. എന്നാല്‍, നിങ്ങള്‍ക്കു കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ഥമോഹ വും ഉണ്ടാകുമ്പോള്‍, ആത്‌മപ്രശംസ ചെയ്യുകയോ സത്യത്തിനു വിരുദ്‌ധമായി വ്യാജം പറയുകയോ അരുത്‌. ഈ ജ്‌ഞാനം ഉന്ന തത്തില്‍നിന്നുള്ളതല്ല; മറിച്ച്‌, ഭൗമികവും സ്വാര്‍ഥപരവും പൈശാചികവുമാണ്‌. എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മങ്ങളും ഉണ്ട്‌'' (യാക്കോബ്‌ 3:13-16). വിശുദ്ധ ഗ്രന്ഥത്തില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഫാ. ഡൊമിനിക്ക് ചൂണ്ടിക്കാട്ടി.

ഇന്നലെ വികാരി ജനറാള്‍ ഫാ. പോൾ മുണ്ടോളിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ബലിയര്‍പ്പണം നടന്നു. ഇന്നലെ ശുശ്രൂഷകളുടെ സമാപനത്തില്‍ ഫാ. ഡൊമിനിക്ക്, വിടുതല്‍ ശുശ്രൂഷ നടത്തി. ആയിരങ്ങള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും.


Related Articles »