News

മുസ്ലീം രാജ്യത്ത് ക്രിസ്തു സമര്‍പ്പണത്തിന്റെ 12 ദശകങ്ങള്‍: സലേഷ്യന്‍ സമൂഹം തുര്‍ക്കിയില്‍ 120 വര്‍ഷങ്ങള്‍ പിന്നിട്ടു

പ്രവാചകശബ്ദം 15-03-2023 - Wednesday

ഇസ്താംബൂള്‍: വിശുദ്ധ ഡോൺ ബോസ്‌കോ സ്ഥാപിച്ച സലേഷ്യന്‍ സന്യാസ സമൂഹം മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ തുര്‍ക്കിയിലെ നിസ്തുല സേവനത്തിന് നീണ്ട 120 വര്‍ഷങ്ങള്‍ പിന്നിട്ടു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇക്കഴിഞ്ഞ മാര്‍ച്ച് 11-ന് ഇസ്താംബൂളിലെ കത്തീഡ്രലില്‍വെച്ച് വിശുദ്ധ ഡോണ്‍ ബോസ്കോയുടെ പത്താമത്തെ പിന്‍ഗാമിയും സന്യാസ സമൂഹത്തിന്റെ മേജര്‍ റെക്ടറുമായ ഫാ. ആംഗെല്‍ ഫെര്‍ണാണ്ടസ് ആര്‍ട്ടിമെയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നന്ദിസൂചകമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സലേഷ്യന്‍ സമൂഹാംഗങ്ങളും, കുട്ടികളും, യുവജനങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ കൃതജ്ഞത ബലിയില്‍ പങ്കെടുത്തു. തുര്‍ക്കിയില്‍ സന്യാസ സമൂഹം നടത്തിവരുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. ആംഗെല്‍ നന്ദി അര്‍പ്പിച്ചു.

പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയ നേതാവും, കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസുമായ ബര്‍ത്തലോമിയോ ഒന്നാമനുമായി ഫാ. ആംഗെല്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി. കൂടിക്കാഴ്ചക്കിടെ ഇരുവരും ഫ്രാന്‍സിസ് പാപ്പയോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 120 വര്‍ഷങ്ങളായി സലേഷ്യന്‍ സമൂഹം തുര്‍ക്കിയില്‍, പ്രത്യേകിച്ച് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പാത്രിയാര്‍ക്കീസ് നന്ദി അറിയിച്ചു. സലേഷ്യന്‍ സമൂഹത്തിന്റെ തുര്‍ക്കിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്ന പിന്തുണക്ക് ഫാ. ആംഗെല്‍, പാത്രിയാര്‍ക്കീസിന് നന്ദി അറിയിച്ചു.

ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥനയോടെയാണ് കൂടിക്കാഴ്ച അവസാനിച്ചത്. വിശുദ്ധ ഡോണ്‍ബോസ്കോയുടെ ആദ്യ പിന്‍ഗാമിയായ വാഴ്ത്തപ്പെട്ട മിഗുവേല്‍ റുവയാണ് സലേഷ്യന്‍ സമൂഹത്തെ തുര്‍ക്കിയിലേക്ക് വ്യാപിപ്പിച്ചത്. ഇസ്ലാമിക രാഷ്ട്രമായ തുര്‍ക്കിയില്‍ എത്തിയ സലേഷ്യന്‍ സമൂഹാംഗങ്ങള്‍ ഇസ്താംബൂളാണ് കേന്ദ്രമാക്കിയത്. വിവിധ കാലങ്ങളിലായി സന്യാസ സമൂഹം തുര്‍ക്കിയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. സമീപ കാലത്ത് തുര്‍ക്കിയേയും, സിറിയയേയും പിടിച്ചു കുലുക്കിയ ശക്തമായ ഭൂകമ്പത്തില്‍ സലേഷ്യന്‍ സമൂഹം വലിയ ഇടപെടലുകളാണ് നടത്തിയത്. ഭൂകമ്പബാധിത മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും, വലിയ രീതിയിലുള്ള സഹായമെത്തിക്കുകയും ചെയ്തിരിന്നു.


Related Articles »