India

നാലാമത് ഫിയാത്ത് മിഷൻ കോൺഗ്രസിന് ആരംഭം

പ്രിന്‍സ് ഡേവിസ് 19-04-2023 - Wednesday

തൃശൂര്‍: നാലാമത് ഫിയാത്ത് മിഷൻ കോൺഗസിന് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുടക്കമായി. നിരവധി വൈദികരുടെയും അല്‍മായരുടെയും ബിഷപ്പുമാരുടെയും സാന്നിധ്യത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മിഷൻ കോൺഗ്രസിന് തിരി തെളിയിച്ചു. മാർ റാഫേൽ തട്ടിൽ, മാർ ടോണി നീലങ്കാവിൽ , മാർ ചാക്കോ തോട്ടുമാലിക്കൽ തുടങ്ങി നിരവധി ബിഷപ്പുമാർ അനുഗ്രഹീതമായ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ ഇന്ന് 78 ാം ജന്മദിനം ആഘോഷിക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കു ജെറുസലെം ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് പട്ടത്ത് ബൊക്കെ നൽകി അനുമോദിച്ചു. തുടർന്ന് വിശുദ്ധ ബലിയോടെ മിഷൻ കോൺഗ്രസിലെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായി.

മാമ്മോദീസാ സ്വീകരിച്ചവരെല്ലാം മിഷ്ണറിമാരാണെന്നും ഓരോ മിഷ്ണറിമാരുടെയും ജീവിതം സ്നേഹത്തിലൂടെ പ്രവർത്തന നിരതമാകണമെന്നും വിശുദ്ധ കുർബാന മധ്യേ നല്‍കിയ സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. തുടർന്ന് എഴുപതോളം വരുന്ന മിഷൻ എക്സിബിഷൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. മിഷൻ ധ്യാനം, വൈദിക ധ്യാനം,ഫിലിപ്പ് കോഴ്സ്, വൈദികർക്കും സന്യസ്തർക്കുമുള്ള സംഗമം, എക്സിബിറ്റേഴ്സ് ഗാതറിംഗ്, കൾച്ചറൽ പ്രോഗ്രാം എന്നിവ നടന്നു. രാവിലെ 9 മുതൽ വൈകീട്ട് 7 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.


Related Articles »