News

ശൈശവ വിവാഹങ്ങൾക്കെതിരെ പ്രതിഷേധവുമായി ദക്ഷിണ സുഡാനിലെ കത്തോലിക്ക മെത്രാന്മാർ

പ്രവാചകശബ്ദം 24-06-2023 - Saturday

ജൂബ; രാജ്യത്ത് നടക്കുന്ന ശൈശവ വിവാഹങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി സുഡാനിലെ കത്തോലിക്ക മെത്രാന്മാർ. ഇത് മൂലം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാനും, അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും സാധിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന് മെത്രാന്മാർ ആരോപിച്ചു. 2011ലാണ് സുഡാനിൽ നിന്നും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഡി സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് ഫോർ വിമൺ ഇൻ ദ ഹോൺ ഓഫ് ആഫ്രിക്കയുടെ റിപ്പോർട്ട് പ്രകാരം ഓരോ ആഴ്ചയും പത്തോളം പെൺകുട്ടികളാണ് ബാല വിവാഹത്തിന് നിർബന്ധിതമായി ഇരയാക്കപ്പെടുന്നത്. രാജ്യത്തെ 50 ശതമാനം പെൺകുട്ടികളും 18 വയസ്സിന് മുന്നേ തന്നെ വിവാഹ ജീവിതത്തിലേക്ക് കടക്കേണ്ടി വരുന്നുണ്ടെന്ന് മെത്രാന്‍മാര്‍ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട് പ്രകാരം ബാലവിവാഹം ചെയ്യപ്പെടുന്ന പെൺകുട്ടികളിൽ എട്ടുപേർക്കും യൗവനം എത്തുന്നതിനുമുമ്പേ തന്നെ അമ്മമാർ ആകേണ്ടിവരുന്നു. ബാലവിവാഹം എതിർത്താൽ ഇവർ സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുമോയെന്ന ഭയമുണ്ട്. കൂടാതെ ചിലർ തടവറയിൽ പോലും അടക്കപ്പെടുന്ന സ്ഥിതിവിശേഷമാണുളളത്. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമാനിറ്റേറിയൻ റെസ്പോൺസ് പ്ലാൻ ഫോർ സൗത്ത് സുഡാൻ നൽകുന്ന വിവരമനുസരിച്ച് 2022ൽ മാത്രം രാജ്യത്ത് 40 ലക്ഷത്തോളം പെൺകുട്ടികൾ ബാല വിവാഹങ്ങളിൽ ഏർപ്പെടുകയോ വിവാഹത്തിനു വേണ്ടി നിർബന്ധിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. 2021നെ അപേക്ഷിച്ച് ഇങ്ങനെ വിവാഹത്തിൽ ഏർപ്പെടുന്നവരുടെ എണ്ണം 13 ലക്ഷത്തോളമാണ് വർദ്ധിച്ചത്.

ജൂൺ പന്ത്രണ്ടാം തീയതി ഫാത്തിമ മാതാവിന്റെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തിൽ സന്ദർശനം നടത്തുന്ന വേളയിൽ വായു രൂപതയുടെ മെത്രാൻ മാത്യു റെമിജോ ആദം, പശുക്കൾക്ക് വേണ്ടിയും, മറ്റ് സമ്മാനങ്ങൾക്ക് വേണ്ടിയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, അവരുടെ സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകാതെ അവരെ വിവാഹം ചെയ്ത് അയക്കുന്ന പിതാക്കന്മാരെ ശാസിച്ചിരിന്നു. നിർബന്ധിത വിവാഹം മൂലമോ, ഗർഭധാരണം മൂലമോ ഓരോ വർഷവും പെൺകുട്ടികൾ വിദ്യാലയങ്ങളിൽ നിന്ന് അപ്രതീക്ഷിതമായികൊണ്ടിരിക്കുന്ന സാഹചര്യമുള്ളതിനാല്‍ സഭാ നേതാക്കന്മാർ എന്ന നിലയിൽ പെൺകുട്ടികളെ നിർബന്ധിത വിവാഹത്തിനോ, ബാല വിവാഹത്തിനോ വിധേയരാക്കുന്ന പിതാക്കന്മാരോട് തങ്ങൾക്ക് വിയോജിപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പെൺകുട്ടികളെ അവരുടെ വിദ്യാഭ്യാസത്തിൽ സഹായിക്കാൻ വേണ്ടി കുടുംബം നോക്കുന്ന അമ്മമാരുടെ അധ്വാനം വീക്ഷിക്കണമെന്നും, അത് നശിപ്പിക്കുന്ന നടപടിയാണ് പിതാക്കന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും ബിഷപ്പ് മാത്യു റെമിജോ പറഞ്ഞു. പശുക്കൾ ലഭിക്കും എന്നുള്ള ചിന്തയിൽ ചിലയാളുകൾ പെൺകുട്ടികളെ നിർബന്ധിത വിവാഹത്തിന് വിധേയരാക്കുന്നുണ്ടെന്ന് ഇടയ സന്ദർശനങ്ങളിൽ നിന്ന് തനിക്ക് മനസ്സിലാക്കാൻ സാധിച്ചുവെന്ന് തൊരിത്ത് രൂപതയുടെ മെത്രാൻ ഇമ്മാനുവൽ ബർണാധിനോ പറഞ്ഞു. പഴയ രീതി തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമാണ് സൌത്ത് സുഡാനെങ്കിലും രാജ്യത്തു ഇസ്ലാമിക തീവ്രവാദം ശക്തമാണ്.


Related Articles »