News - 2024

നിക്കരാഗ്വേയിലെ വൈദികരുടെ അറസ്റ്റ്; ആശങ്ക പ്രകടിപ്പിച്ചും പ്രാർത്ഥന അറിയിച്ചും ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 02-01-2024 - Tuesday

മനാഗ്വേ: നിക്കരാഗ്വേയിൽ മെത്രാന്മാരുടെയും വൈദികരുടെയും തുടർച്ചയായ അറസ്റ്റുകളിൽ ആശങ്ക പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ദൈവജനനിയുടെ തിരുന്നാളും ലോക സമാധാന ദിനവുമായിരുന്ന പുതുവത്സരദിനമായ ഇന്നലെ (01/01/24) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ആശീർവ്വാദാനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യവേയാണ് ഫ്രാൻസിസ് പാപ്പ തൻറെ ഉത്ക്കണ്ഠ രേഖപ്പെടുത്തിയത്.

കിരാതമായ നടപടികളിലൂടെ, ഭരണകൂടം സഭയ്ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പാപ്പ തൻറെ ആശങ്ക അറിയിച്ചത്. അറസ്റ്റുചെയ്യപ്പെട്ടവരോടും അവരുടെ കുടുംബങ്ങളോടും രാജ്യത്തെ ആകമാന സഭയോടും പ്രാർത്ഥനയിലുള്ള തൻറെ സാമീപ്യം പാപ്പ അറിയിച്ചു. പ്രശ്നപരിഹാരത്തിന് സംഭാഷണത്തിന്റെ സരണിയിൽ ചരിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയട്ടെയെന്ന് പറഞ്ഞ പാപ്പ, രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

ഇക്കഴിഞ്ഞ ഡിസംബർ 31-ന് ഹിനത്തേഗ രൂപതയിൽപ്പെട്ട ഫാ. ഗുസ്താവൊ സന്തീനൊ എന്ന കത്തോലിക്ക വൈദികനെയും 29-ന് രാത്രി നിക്കരാഗ്വേയിലെ മനാഗ്വ അതിരൂപതയിൽപ്പെട്ട 6 വൈദികരെയും പോലീസ് അകാരണമായി അറസ്റ്റുചെയ്തിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ 14 വൈദികരും സിയൂന രൂപതയുടെ മെത്രാൻ ഇസിദോറൊ മോറയും രണ്ടു സെമിനാരി വിദ്യാർത്ഥികളും അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്.

കടുത്ത ജനാധിപത്യ വിരുദ്ധ നയമാണ് രാജ്യം ഭരിക്കുന്ന ഡാനിയേല്‍ ഒര്‍ട്ടേഗ പിന്തുടരുന്നത്. ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി കത്തോലിക്ക സഭ രംഗത്തുണ്ട്. ഈ സമീപനമാണ് ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുവാക്കി മാറ്റിയത്. സഭയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കിയും സന്യാസ സമൂഹങ്ങളെ പുറത്താക്കിയും ഭരണകൂട വേട്ടയാടല്‍ രാജ്യത്തു തുടരുകയാണ്.


Related Articles »