India - 2024

മാർ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

പ്രവാചകശബ്ദം 03-01-2024 - Wednesday

കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. രജതജൂബിലിയാഘോഷങ്ങളുടെ ഭാഗമായി കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലിൽ മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു. ബിഷപ്സ് ഹൗസിൽനിന്ന് കത്തീഡ്രലിലേക്കു പ്രദക്ഷിണത്തോടെയാണ് ആഘോഷങ്ങൾക്കു തുടക്കമായത്. ജൂബിലേറിയൻ മാർ മാത്യു മൂലക്കാട്ടിന് ഫ്രാൻസിസ് മാർപാപ്പ അയച്ച ലത്തീൻ ഭാഷയിലുള്ള സന്ദേശവും മലയാള പരിഭാഷയും അതിരൂപത ചാൻസലർ റവ. ഡോ. ജോൺ ചെന്നാകുഴി വായിച്ചു. മാർ മാത്യു മൂലക്കാട്ട് ജൂബിലി ദീപം തെളിച്ചു.

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വചനസന്ദേശം നൽകി. ദൈവസ്നേഹത്തിൽ നിറഞ്ഞ് സമചിത്തതയോടെയും സമഭാവനയോടെയും സുവിശേഷദീപ്‌തി പകർത്താൻ നിതാന്തജാഗ്രത പുലർത്തുന്നതോടൊപ്പം ക്നാനായ സമുദായത്തിന് ആത്മീയ മുഖം നൽകാൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിനു സാധിച്ചെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സമചിത്തത, സംയമനം, വിവേകം എന്നിവ വിഭാവനം ചെയ്യുന്ന വ്യക്തിത്വ വിശേഷണത്തിന്റെ ഉടമയാണ് മാർ മൂലക്കാട്ട്. ക്‌നാനായ സമൂഹത്തെ സഭാത്മകമായും സമുദായപരമായും സമന്വയിപ്പിച്ച് സീറോമലബാർ സഭയിലും സാർ വത്രിക സഭയിലും സന്തുലിതമായ ദർശനം നൽകാൻ മാർ മൂലക്കാട്ടിനു സാധിച്ചെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. വിശുദ്ധ കുർബാനയെത്തുടർന്ന് വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻ്റ് ബാബു പറമ്പടത്തു മലയിൽ എന്നിവർ ആശംസകളർപ്പിച്ചു.

മെത്രാഭിഷേക ജൂബിലിയോടനുബന്ധിച്ച് കോട്ടയം അതിരൂപത നടപ്പാക്കുന്ന വിവിധ ഉപവി-സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. അതിരൂപത സഹായമെത്രാൻമാരായ മാർ ജോസഫ് പണ്ടാരശേരിൽ സ്വാഗതവും ഗീവർഗീസ് മാർ അപ്രേം കൃതജ്ഞതയും അർപ്പിച്ചു. നിരവധി ബിഷപ്പുമാരും ജനപ്രതിനിധികളും ഉൾപ്പെടെ ഒട്ടേറെ പേർ അനുമോദനങ്ങൾ അറിയിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കൈവയ്‌പു ശുശ്രൂഷ വഴി റോമിലെ സെൻ്റ് പീറ്റേഴ്‌സ് ബസലിക്കയിൽവച്ച് 1999 ജനുവരി ആറിനാണ് മാർ മാത്യു മൂലക്കാട്ട് കോട്ടയം രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായത്. 2006 ജനുവരി 14ന് കോട്ടയം അതിരൂപതാധ്യക്ഷനായി സ്ഥാനമേൽക്കുകയായിരിന്നു.


Related Articles »