News

അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ പ്രധാനപ്പെട്ട സ്പോൺസർ വാഷിംഗ്ടണിലെ കാത്തലിക് യൂണിവേഴ്സിറ്റി

പ്രവാചകശബ്ദം 06-01-2024 - Saturday

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ സ്ഥിതി ചെയ്യുന്ന കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക ഈ വർഷം ഇന്ത്യാനാപോളിസിൽ നടക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ പ്രധാനപ്പെട്ട സ്പോൺസറാകുമെന്ന് പ്രഖ്യാപിച്ചു. പത്താമത് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ജൂലൈ മാസത്തിൽ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിൽവെച്ചായിരിക്കും നടക്കുക. വൈദികർക്ക് വേണ്ടി പ്രത്യേക പരിപാടി സംഘടിപ്പിക്കാൻ യൂണിവേഴ്സിറ്റി പദ്ധതിയിടുന്നുണ്ട്. കൂടാതെ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ എത്തുന്നവരുമായി സമ്പർക്കം നടത്തുന്നതിന് വേണ്ടി രണ്ട് പ്രത്യേക വേദികളും യൂണിവേഴ്സിറ്റി ക്രമീകരിക്കും. അതേസമയം പരിപാടി നടക്കുന്നതോടെ വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ സ്പോൺസറായി യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക മാറും.

ദിവ്യകാരുണ്യം എന്നത് നമ്മുടെ കൂട്ടായ്മയുടെ ഏറ്റവും വലിയ അടയാളമാണെന്നും, ആ നീർച്ചാലിൽ നിന്നാണ് സഭയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഊർജ്ജം ലഭിക്കുന്നതെന്നും കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയുടെ അധ്യക്ഷൻ പീറ്റർ കീൽപാട്രിക്ക് പറഞ്ഞു. ദിവ്യകാരുണ്യ അവബോധവും, കൂട്ടായ്മയും, ആത്മീയതയും വീണ്ടെടുക്കാൻ വേണ്ടിയുള്ള മെത്രാന്മാരുടെ ആഹ്വാനത്തിന് ഉടനടി മറുപടി നൽകാനുള്ള ഉത്തരവാദിത്വം അമേരിക്കയിലെ കത്തോലിക്കാ സഭയുടെ ദേശീയ സർവകലാശാല എന്ന നിലയിൽ കാത്തലിക് യൂണിവേഴ്സിറ്റിക്ക് ഉണ്ടെന്നാണ് തന്റെ ബോധ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധ്യാപനത്തിന്റെയും, ഗവേഷണത്തിന്റെയും മികവിലൂടെ സത്യം കണ്ടെത്തി സഭയുടെയും, രാജ്യത്തിന്റെയും, ലോകത്തിന്റെയും, സേവനതാല്പര്യം മുൻനിർത്തി അത് പകർന്നു നൽകുക എന്നതാണ് കാത്തലിക് യൂണിവേഴ്സിറ്റിയുടെ ദൗത്യമെന്ന് കീൽപാട്രിക്ക് ചൂണ്ടിക്കാട്ടി. ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് വേദിയിൽ സജ്ജീകരിക്കുന്ന പരിപാടികളിലൂടെ ഈ ദൗത്യം നിറവേറ്റാൻ വേണ്ടി യൂണിവേഴ്സിറ്റി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവും ദിവ്യകാരുണ്യ ഭക്തിയും പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ മെത്രാന്‍ നടത്തി വരുന്ന മൂന്ന്‍ വര്‍ഷം നീണ്ട പരിപാടിയാണ് ദേശീയ ദിവ്യകാരുണ്യ നവീകരണം (നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍).

ദിവ്യകാരുണ്യ നവീകരണത്തിന്റെ ഭാഗമായി ഈ വർഷം ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസ് കോള്‍ട്ട്സിന്റെ ഹോം സ്റ്റേഡിയമായ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍വെച്ചാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. വിനോണ-റോച്ചെസ്റ്റര്‍ മെത്രാന്‍ റോബര്‍ട്ട് ബാരോണ്‍, അമേരിക്കയിലെ വത്തിക്കാന്‍ പ്രതിനിധിയായ ക്രിസ്റ്റഫെ പിയറെ, രാജ്യത്തെ ദിവ്യകാരുണ്യ ഭക്തിയുടെ നവീകരണത്തിന് നേതൃത്വം നല്‍കുന്ന ക്രൂക്ക്സ്റ്റണ്‍ മെത്രാന്‍ ആന്‍ഡ്ര്യൂ കൊസന്‍സ്, ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായ മെത്രാന്‍ ജോസഫ് എസ്പില്ലാട്ട് എന്നിവരാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിലെ മുഖ്യ പ്രഭാഷകര്‍.


Related Articles »