News - 2024

അട്ടിമറിയിലൂടെ സൈനീക ഭരണകൂടം അധികാരം പിടിച്ചെടുത്തതിന് 3 വര്‍ഷം; പ്രാര്‍ത്ഥനാദിനമായി ആചരിച്ച് മ്യാന്മര്‍ സഭ

പ്രവാചകശബ്ദം 03-02-2024 - Saturday

യങ്കോണ്‍: സൈനീക ഭരണകൂടം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു കൊണ്ട് മ്യാന്മറിലെ ജനാധിപത്യ സംവിധാനത്തെ തകിടം മറിച്ചതിന്റെ മൂന്നാം വാര്‍ഷികം പ്രാര്‍ത്ഥനാദിനമായി ആചരിച്ച് മ്യാന്മര്‍ സഭ. 2021 ഫെബ്രുവരി ഒന്നിനാണ് സൈനീക ഭരണകൂടം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തത്. മൂന്നാം വാര്‍ഷിക ദിനമായ ഫെബ്രുവരി ഒന്നാം തിയതി ദിവ്യകാരുണ്യത്തിന് മുന്നില്‍ നിശബ്ദമായ ആരാധന നടത്തിയും, ജപമാലയർപ്പിച്ചും സമാധാനത്തിന്റെയും നീതിയുടേയും സ്വാതന്ത്ര്യത്തിന്റെ കാലം സംജാതമാകാന്‍ ദേവാലയങ്ങളില്‍ വിവിധ പ്രാർത്ഥനകൾ നടന്നു.

രാവിലെ നടന്ന ദിവ്യബലി അര്‍പ്പണത്തില്‍ അന്യായമായി തടവിലാക്കപ്പെട്ടവർക്കും, ദുരിതപൂർണ്ണമായ വിധത്തില്‍ അഭയാർത്ഥി കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും, പീഡനങ്ങളിൽ നിന്ന് രക്ഷപെട്ടവർക്കും, വേണ്ടി പ്രാർത്ഥിച്ചുവെന്ന് യങ്കോണിലെ ഇടവകാംഗങ്ങള്‍ വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. പട്ടാള അട്ടിമറി നടന്ന അന്നു മുതൽ ഇന്നുവരെ മരണമടഞ്ഞ നിഷ്കളങ്കരായവർക്കു വേണ്ടി പ്രാർത്ഥിച്ചതോടൊപ്പം യുദ്ധം അവസാനിക്കാനും, സമാധാനവും നീതിയും, അവകാശങ്ങളും, മനുഷ്യാന്തസ്സ് മാനിക്കപ്പെടാനും വേണ്ടി പ്രാദേശിക സമൂഹം പ്രാർത്ഥിച്ചതായും പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

2021 ഫെബ്രുവരിയിൽ ഓംഗ് സാൻ സൂചി ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയായിരുന്നു. കിരാതമായ നിലപാടുകളില്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിക്കാൻ സമാധാനപരമായി നിരത്തിൽ ഇറങ്ങിയ ജനങ്ങളെ പട്ടാളം അടിച്ചമർത്തി. ഇതിനിടെ അക്രമകാരികളെ ലക്ഷ്യമിട്ട് പട്ടാളക്കാര്‍ നടത്തിയ തിരച്ചിലിലും ആക്രമണങ്ങളിലും രാജ്യത്തെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിയ്ക്കിരയാക്കപ്പെട്ടിരിന്നു. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്ന് പട്ടാള ഭരണകൂടം മുമ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല. അടിയന്തരാവസ്ഥ നിരവധി തവണ നീട്ടിയതിനാൽ തിരഞ്ഞെടുപ്പ് വൈകുകയാണ്. നിലവില്‍ മ്യാൻമറിൽ അടിയന്തരാവസ്ഥ ആറ് മാസത്തേക്ക് കൂടി നീട്ടിയെന്ന് നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി കൗൺസിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിന്നു.


Related Articles »