News

യോഗിയുടെ യു‌പിയില്‍ വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ ജയിലില്‍

പ്രവാചകശബ്ദം 02-03-2024 - Saturday

ലക്നൌ: ഉത്തർപ്രദേശില്‍ ഒരു കത്തോലിക്ക വൈദികന്‍ ഉൾപ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ മതപരിവർത്തന നിരോധന നിയമ മറവില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു വിചാരണ നേരിട്ടു ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ജയിലുകളിൽ നിന്നു ജാമ്യം നേടുന്നതിൽ അമിതമായ കാലതാമസമാണ് ഇവര്‍ നേരിടുന്നതെന്നും യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. ഡൊമിനിക് പിൻ്റോ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച വാദം തുടർച്ചയായി മൂന്നാം തവണയും മാറ്റിവച്ചതിനെത്തുടർന്ന് ഇവരുടെ മോചനത്തിനായി ലക്നൌ ബിഷപ്പ് ജെറാൾഡ് ജോൺ മത്യാസ്, പ്രാർത്ഥനയ്ക്കു ആഹ്വാനം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ദുഃഖകരവും നിർഭാഗ്യകരവുമാണെന്ന് ബിഷപ്പ് പറഞ്ഞു.

തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കർക്കശമായ മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന ആരോപണങ്ങളെ തുടര്‍ന്നു ഈ വര്‍ഷം ആദ്യ രണ്ട് മാസത്തിനുള്ളിൽ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്ത 39 ക്രൈസ്തവരില്‍ ഫാ. പിൻ്റോയും ഉൾപ്പെടുകയായിരിന്നു. നിയമപോരാട്ടത്തിന് ഒടുവില്‍ അറസ്‌റ്റിലായ ഏഴുപേർ ജാമ്യം നേടിയെങ്കിലും മറ്റുള്ളവർ ജയിലിൽ തുടരുന്നതായി ക്രിസ്തീയ നേതൃത്വത്തെ ഉദ്ധരിച്ചുള്ള യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതീക്ഷ നഷ്ടപ്പെടരുതെന്നും ജാമ്യം ലഭിക്കുന്നതുവരെ പ്രാർത്ഥിക്കുന്നത് തുടരാനും ബിഷപ്പ് ജെറാൾഡ് ജോൺ ആഹ്വാനം നല്‍കി.

ബരാബങ്കി ജില്ലയിലെ ദേവാ പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്ത് മതപരിവർത്തനം നടത്തിയെന്നാരോപിച്ച് അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 15 പേരാണ് അറസ്റ്റിലായത്. 2021ലെ ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമം ലംഘിച്ചുവെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മുപ്പതിലധികം ക്രൈസ്തവരുടെ ജാമ്യാപേക്ഷ വിവിധ കോടതികളിൽ തീർപ്പുകൽപ്പിക്കാതെ നിലനില്‍ക്കുകയാണെന്നും കാരണം കൂടാതെയാണ് കേസ് മാറ്റിവെയ്ക്കുന്നതെന്നും ജയിലിൽ കഴിയുന്നവരെ സഹായിക്കുന്ന ഒരു ക്രിസ്ത്യൻ നേതാവ് യുസിഎ ന്യൂസിനോട് പറഞ്ഞു. ഫാ. പിൻ്റോയുടെയും മറ്റ് 10 പേരുടെയും ജാമ്യാപേക്ഷ നിലവില്‍ മാർച്ച് ഏഴിലേക്കാണ് മാറ്റിയിരിക്കുന്നത്. ഭാരതത്തില്‍ ക്രൈസ്തവര്‍ ഏറ്റവും അധികം വേട്ടയാടപ്പെടുന്നത് ഉത്തര്‍പ്രദേശിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു.


Related Articles »