Videos

സന്ദർശിച്ചു രക്ഷിക്കുന്നവൻ | നോമ്പുകാല ചിന്തകൾ | ഇരുപത്തിയൊന്നാം ദിവസം

പ്രവാചകശബ്ദം 03-03-2024 - Sunday

"ഇസ്രയേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ. എന്തെന്നാൽ അവിടുന്ന് തന്റെ ജനത്തെ സന്ദർശിച്ചു രക്ഷിച്ചിരിക്കുന്നു" (ലൂക്കാ 1:68)

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിയൊന്നാം ദിവസം ‍

മക്കൾ വേദനയനുഭവിക്കുമ്പോൾ അവരുടെ അടുത്തേക്ക് ചെന്ന് അവരെ ആശ്വസിപ്പിക്കുന്നവരാണ് മാതാപിതാക്കൾ. അങ്ങനെയെങ്കിൽ മനുഷ്യരായ നമ്മൾ വേദനയനുഭവിക്കുമ്പോൾ പിതാവായ ദൈവം ഒരിക്കലും നമ്മിൽ നിന്നും അകന്നിരിക്കുകയില്ല. പ്രാചീന കാലം മുതൽ തന്നെ എല്ലാ മതങ്ങളും ദൈവത്തെ അന്വേഷിച്ചുകൊണ്ടിരുന്നു, എന്നാൽ യഥാർത്ഥ ദൈവം മനുഷ്യനെ സന്ദർശിച്ച ചരിത സംഭവമായിരുന്നു മിശിഹായുടെ മനുഷ്യാവതാരം. അങ്ങനെ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലൂടെയും കുരിശു മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ദൈവം മനുഷ്യനെ സന്ദർശിക്കുകയും അവനോടൊപ്പം വസിക്കുകയും അവനെ രക്ഷിക്കുകയും ചെയ്‌തു.

"ഇസ്രയേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ. എന്തെന്നാൽ അവിടുന്ന് തന്റെ ജനത്തെ സന്ദർശിച്ചു രക്ഷിച്ചിരിക്കുന്നു" (ലൂക്കാ 1:68). ഈ വചനഭാഗം വ്യാഖ്യാനിച്ചുകൊണ്ട് സഭാപിതാവായ വന്ദ്യനായ ബീഡ് ഇപ്രകാരം പറയുന്നു:

നമ്മൾ നമ്മെത്തന്നെ അവനിൽനിന്നും അകറ്റുമ്പോഴും, ജഡ പ്രകാരമുള്ള തൻ്റെ പ്രത്യക്ഷപ്പെടലിലൂടെ നമ്മുടെ കർത്താവ് നമ്മെ സന്ദർശിച്ചു. നമ്മൾ പാപികളായിരിക്കുമ്പോഴും, നമ്മെ അന്വേഷിക്കുന്നതിനും നീതീകരിക്കുന്നതിനുംവേണ്ടി അവൻ നമ്മെ തിരഞെഞ്ഞെടുത്തു. ഭിഷഗ്വരൻ രോഗിയെ സന്ദർശിക്കുന്നതുപോലെ, അവൻ നമ്മെ സന്ദർശിച്ചു. നമ്മുടെ അഹങ്കാരത്തിൻ്റെ രൂഢമൂലമായ രോഗത്തെ സൗഖ്യപ്പെടുത്താൻ, അവൻ തന്റെ തന്നെ എളിമയുടെ മാതൃക നമുക്ക് നല്കി. നമ്മൾ പാപത്തിന്റെ അടിമത്തത്തിലേക്ക് വില്ക്കപ്പെട്ടവരും പ്രാചീനശത്രുവിനെ ശുശ്രൂഷിക്കാൻ സ്വയം സമർപ്പിച്ചവരുമായിരുന്നിട്ടും, തന്റെ തന്നെ രക്തത്തിന്റെ വിലയായി, അവൻ നമുക്ക് സ്വാതന്ത്ര്യം നൽകി. (CF P44.)

പ്രിയപ്പെട്ട സഹോദരങ്ങളെ നമ്മുടെ ദൈവം എവിടെയോ മറഞ്ഞിരിക്കുന്ന ഒരു ദൈവമല്ല. നമ്മുടെ വേദനകളിലും സങ്കടങ്ങളിലും നമ്മെ വ്യക്തിപരമായി സന്ദർശിച്ചു രക്ഷിക്കുന്നവനാണ് നമ്മുടെ ദൈവം.

അതിനാൽ നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലേക്കും നമ്മുക്ക് യേശുവിനെ ക്ഷണിക്കാം. നമ്മുടെ വേദനകളിലേക്ക് യേശുവിനെ ക്ഷണിക്കാം കാരണം അവൻ ആശ്വസദായകനാണ്. തകർന്നുപോയ നമ്മുടെ വ്യക്തിബന്ധങ്ങളിലേക്ക് നമ്മുക്ക് യേശുവിനെ ക്ഷണിക്കാം കാരണം അവൻ ഒരു ദൈവിക വ്യക്തിയാണ്. നമ്മുടെ രോഗങ്ങളിലേക്ക് യേശുവിനെ ക്ഷണിക്കാം കാരണം അവൻ സൗഖ്യദായകനാണ്. നമ്മുടെ ഇല്ലായ്‌മകളിലേക്ക് യേശുവിനെ ക്ഷണിക്കാം കാരണം അവൻ സൃഷ്‌ടാവായ ദൈവമാണ്.

More Archives >>

Page 1 of 30