Videos

ഏതാണ് ഏറ്റവും പൂർണ്ണമായ പ്രാർത്ഥന? | നോമ്പുകാല ചിന്തകൾ | ഇരുപത്തിമൂന്നാം ദിവസം

പ്രവാചകശബ്ദം 05-03-2024 - Tuesday

"ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ" ( മത്തായി 6:12).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിമൂന്നാം ദിവസം ‍

എല്ലാ മതങ്ങളും ദൈവത്തോട് പ്രാർത്ഥിക്കുവാൻ മനുഷ്യനെ പഠിപ്പിക്കുന്നു. നമ്മുടെ ആവശ്യങ്ങൾ നമ്മേക്കാൾ കൂടുതലായി അറിയുന്ന ദൈവം തന്നെ നമ്മെ ഒരു പ്രാർത്ഥന പഠിപ്പിക്കുന്നുവെങ്കിൽ അതായിരിക്കും ഏറ്റവും പൂർണ്ണമായ പ്രാർത്ഥന. ദൈവപുത്രനായ യേശുക്രിസ്‌തു രണ്ടായിരം വർഷങ്ങൾക്ക് മുൻപ് മനുഷ്യനായി അവതരിച്ചപ്പോൾ മനുഷ്യനെ പഠിപ്പിച്ച പ്രാർത്ഥനയാണ്" സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാർത്ഥന.

ഈശോ പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിൽ ഏഴു യാചനകൾ ആണ് ഉള്ളത്. അവയിൽ ആദ്യത്തെ മൂന്നുയാചനകൾ അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. എന്നീ യാചനകൾ നമ്മുടെ ജീവിതത്തെ ദൈവവുമായി നേരിട്ട് ബന്ധപ്പെടുത്തുന്നവയാണ്. കൂടുതൽ ദൈവസ്പർശിയായ ആദ്യത്തെ മൂന്നെണ്ണം നമ്മെ പിതാവിന്റെ മഹത്വത്തിലേക്ക് അടുപ്പിക്കുന്നു.

പിന്നീടുള്ള നാലു യാചനകൾ അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ, ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ, ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ, തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്നിവ മനുഷ്യരായ നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരുവാൻ നാം ദൈവത്തോടു നടത്തുന്ന യാചനയാണ്.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയാണ് യേശു ശിഷ്യന്മാരെ പഠിപ്പിച്ച ഏക പ്രാർത്ഥന. അതുകൊണ്ടാണ് ഈ പ്രാർത്ഥനയെ കർത്തൃപ്രാർത്ഥന എന്ന് വിളിക്കുന്നത്. ഒരു മനുഷ്യന്റെ ഈ ലോകജീവിതവും നിത്യജീവിതവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും ഈ പ്രാർത്ഥനയിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് വിശുദ്ധ തോമസ് അക്വീനാസ് ഈ പ്രാർത്ഥനയെ ഏറ്റവും പൂർണ്ണമായ പ്രാർത്ഥന എന്നു വിളിക്കുന്നു. അത് സുവിശേഷം മുഴുവന്റെയും സംഗ്രഹമാണെന്ന് സഭാപിതാവായ തെർത്തുല്യൻ പഠിപ്പിക്കുന്നു.

കർത്തേജിലെ വിശുദ്ധ സിപ്രിയാൻ ഇപ്രകാരം പറയുന്നു: അതുകൊണ്ട്, ഏററവും പ്രിയപ്പെട്ട സഹോദരന്മാരേ, ഗുരു ആയ ദൈവം നമ്മെ പഠിപ്പിച്ചതുപോലെ നമുക്കു പ്രാർത്ഥിക്കാം. അവിടത്തെ പ്രാർത്ഥനകൊണ്ടു തന്നെ അവിടത്തോടു പ്രാർത്ഥിക്കുമ്പോൾ, ക്രിസ്തുവിൻ്റെ പ്രാർത്ഥനയെ അവിടത്തെ ചെവികളിലേക്ക് നാം എത്തിക്കുമ്പോൾ അത് അവ ഗാഢവും തീവ്രവുമായ പ്രാർത്ഥനയായിരിക്കും. ഒരു പ്രാർത്ഥന ചൊല്ലുമ്പോൾ പിതാവ് വീണ്ടും തന്റെ പുത്രന്റെ വാക്കുകൾ തിരിച്ചറിയാൻ ഇടയാകട്ടെ. നാം ദൈവത്തിന്റെ കൺമുമ്പിലാണു നില്ക്കുന്നതെന്ന കാര്യം പരിഗണിക്കുക. (Youcat P281)

പ്രിയപ്പെട്ട സഹോദരങ്ങളെ "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന കർത്തൃപ്രാർത്ഥന ഒരു പ്രാർത്ഥനയേക്കാൾ കൂടിയ ഒന്നാണ്. മനുഷ്യനെ സൃഷ്‌ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം തന്നെ അവിടുത്തെ വാക്കുകളിൽ കൂടി മനുഷ്യനെ നേരിട്ട് പഠിപ്പിച്ച ഒരേ ഒരു പ്രാർത്ഥനയേ നമ്മുക്ക് ലഭ്യമായിട്ടുള്ളൂ അത് ഈ പ്രാർത്ഥനയാണ്. ആദിമ ക്രൈസ്തവർ ഏറ്റവും പ്രാധാന്യത്തോടെ ചൊല്ലിയിരുന്ന ഈ പ്രാർത്ഥന അലസമായി ചൊല്ലാതെ ഇന്നുമുതൽ അതിന്റെ അർഥം മനസ്സിലാക്കി ചൊല്ലുവാൻ നമ്മുക്ക് തീരുമാനമെടുക്കാം. അത് നമ്മുടെ ജീവിതത്തിന്റെ സമസ്‌ത മേഖലകളെയും തീർച്ചയായും നവീകരിക്കും.


Related Articles »