Videos

ബറാബ്ബാസിനു വേണ്ടി മുറവിളി കൂട്ടുന്നവർ | നോമ്പുകാല ചിന്തകൾ | മുപ്പത്തിനാലാം ദിവസം

പ്രവാചകശബ്ദം 16-03-2024 - Saturday

"അവരാകട്ടെ, ക്രൂശിക്കുക, അവനെ ക്രൂശിക്കുക എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു" (ലൂക്കാ 23:21).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിനാലാം ദിവസം ‍

ഈശോയുടെ വിചാരണ വേളയിൽ അവിടുത്തെ ക്രൂശിക്കുവാനും പകരം ബറാബ്ബാസിനെ വിട്ടുതരുവാനും ആവശ്യപ്പെട്ടുകൊണ്ട് മുറവിളി കൂട്ടുന്ന ജനസമൂഹത്തെ നാം സുവിശേഷത്തിൽ കാണുന്നു. അപ്പോള്‍, അവര്‍ ഏകസ്വരത്തില്‍ ആക്രോശിച്ചു: ഇവനെ കൊണ്ടുപോവുക. ബറാബ്ബാസിനെ ഞങ്ങള്‍ക്കു വിട്ടുതരിക. പട്ടണത്തില്‍ നടന്ന കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടവനാണ് ബറാബ്ബാസ്. യേശുവിനെ വിട്ടയയ്ക്കണം എന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ഒരിക്കല്‍കൂടി അവരോടു സംസാരിച്ചു. അവരാകട്ടെ, ക്രൂശിക്കുക, അവനെക്രൂശിക്കുക എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു ( ലൂക്കാ 23:17-21). "അവര്‍ ആവശ്യപ്പെട്ടത് അനുവദിച്ചുകൊടുക്കുവാന്‍ പീലാത്തോസ് തീരുമാനിച്ചു. അവര്‍ ആവശ്യപ്പെട്ട മനുഷ്യനെ കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിരുന്നവനെ അവന്‍ വിട്ടയയ്ക്കുകയും യേശുവിനെ അവരുടെ ഇംഗിതത്തിന് ഏല്‍പിച്ചു കൊടുക്കുകയും ചെയ്തു" (23:24-25).

ലോകരക്ഷകനും സത്യദൈവവുമായ യേശുക്രിസ്‌തു സ്വന്തം കൺമുൻപിൽ നിന്നപ്പോഴും അവർ ഈശോയെ തിരസ്കരിച്ചുകൊണ്ട് ബറാബ്ബാസിനെ ഞങ്ങൾക്കു വിട്ടുതരിക എന്ന മുറവിളി കൂട്ടുന്നു. ഇതേക്കുറിച്ച് സഭാപിതാവായ വിശുദ്ധ അംബ്രോസ് ഇപ്രകാരം പറയുന്നു:

ഒരു നിരപരാധിയുടെ രക്തത്തിനായി മുറവിളികൂട്ടിയ അവർ തങ്ങൾക്ക് അനുയോജ്യനായ കുറ്റവാളിയെ ചോദിച്ചുവാങ്ങി. നിഷ്കളങ്കതയെയും പരിശുദ്ധ സ്നേഹത്തെയും തെറ്റും കുറ്റവുമായി കാണുന്ന വിചിത്രനിയമങ്ങൾ നിർമ്മിക്കുന്നതിൽ മനുഷ്യൻ്റെ ക്രൂരത പലപ്പോഴും വൈഭവം പ്രകടിപ്പിച്ചിട്ടുണ്ട്. 'ബറാബ്ബാസ്' എന്ന വാക്കിന്റെ അർത്ഥം 'പിതാവിൻ്റെ മകൻ' എന്നാണ്. പിശാചിന്റെ സന്തതികൾ എന്ന വർഗത്തിൽപ്പെടുത്താവുന്ന ഒരു ജനതയാണ് ബറാബ്ബാസിനെ ചോദിച്ചു വാങ്ങിയത്. “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്നുള്ളവരാണ്" (യോഹ 8,44). ദൈവത്തിന്റെ പുത്രന്മാരാകുന്നതിനു പകരം തലമുറകളെ പിശാചിൻ്റെ പുത്രന്മാരാക്കുവാനായിരുന്നു അവരുടെ പ്രയത്നം. (Exposition of the Gospel of Luke 10.101-102).

മാമ്മോദീസയിലൂടെ ക്രിസ്ത്യാനികളായി തീർന്നെങ്കിലും സ്വന്തം ജീവിതത്തിൽ നിന്നും ക്രിസ്‌തുവിനെ മാറ്റി നിറുത്തി പകരം ബറാബ്ബാസിനെ സ്വീകരിക്കുന്ന ഒരു വ്യക്തിയാണോ ഞാൻ? നമ്മുക്ക് ഓരോരുത്തർക്കും ആത്മശോധന ചെയ്യാം. ഈ ആധുനിക ലോകം നമ്മുടെ മുൻപിൽ ധാരാളം പ്രലോഭനങ്ങൾ വയ്ക്കുന്നുണ്ട്. ഒരു യഥാർത്ഥ ക്രിസ്‌തു ശിഷ്യനായി ജീവിക്കുമ്പോൾ നിന്ദനങ്ങളും ഒറ്റപ്പെടലുകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും നമ്മുടെ ജീവിതത്തിൽ നേരിട്ടുവെന്നു വരാം. അപ്പോഴൊക്കെ ഈശോയെ മാറ്റിനിറുത്തുവാനും ബറാബ്ബാസിനെ സ്വീകരിക്കുവാനും പിശാച് നമ്മെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.

അപ്പോഴൊക്കെ വിശുദ്ധ അംബ്രോസ് നൽകുന്ന സന്ദേശം നമ്മുക്ക് ഓർമ്മിക്കാം. ഈ ലോക മോഹങ്ങളെ ഉപേക്ഷിച്ച് യേശുവിനോടൊപ്പം നടക്കുമ്പോൾ നമ്മളെ മാത്രമല്ല നമ്മുടെ തലമുറകളെയും നാം ദൈവത്തിന്റെ പുത്രൻമാരാക്കി മാറ്റുന്നു. എന്നാൽ യേശുവിനെ ഉപേക്ഷിച്ച് നാം തിന്മ സ്വീകരിക്കുമ്പോൾ നമ്മളെയും നമ്മുടെ തലമുറകളെയും നാം പിശാചിന്റെ പുത്രൻമാരാക്കി മാറ്റുകയായിരിക്കും ചെയ്യുക.

More Archives >>

Page 1 of 31