Videos

പരീക്ഷകളും പ്രലോഭനങ്ങളും | നോമ്പുകാല ചിന്തകൾ | ഇരുപത്തിയൊന്‍പതാം ദിവസം

പ്രവാചകശബ്ദം 11-03-2024 - Monday

ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്‍മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ (മത്തായി 6:13).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിയൊന്‍പതാം ദിവസം ‍

ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യനും രണ്ടുതരം വെല്ലുവിളികളെ നേരിടുന്നുണ്ട്. ഒന്ന് അവന്റെ ആന്തരിക മനുഷ്യന്റെ വളർച്ചക്ക് ആവശ്യമായ പരീക്ഷകളാണ്. അത് നാം ആത്മീയമായി വളരുന്നതിനും ഈ ലോകമോഹങ്ങളെ ഉപേക്ഷിച്ചു സുവിശേഷ ഭാഗ്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് ദൈവത്തോട് കൂടുതൽ അടുക്കുന്നതിനും അങ്ങനെ നാം സ്വർഗ്ഗരാജ്യത്തിൽ എത്തിച്ചേരുന്നതിനുമായി ദൈവം അനുവദിക്കുന്നതാണ്.

എന്നാൽ രണ്ടാമത്തേത് പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പ്രലോഭനങ്ങളാണ്. അത് പിശാചിൽ നിന്നും വരുന്നു. നമ്മെ പാപത്തിൽ വീഴിച്ചു ദൈവത്തിൽ നിന്നും അകറ്റി നരകത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പിശാച് ഒരുക്കുന്ന കെണികളാണ് അവ.

അതിനാൽ "ആന്തരിക മനുഷ്യന്റെ വളർച്ചക്ക് ആവശ്യമായ പരീക്ഷകളെ പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പ്രലോഭനത്തിൽ നിന്നും വേർതിരിച്ചറിയാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു" (CCC 2847).

ലോകം പുരോഗമിക്കുമ്പോൾ പ്രലോഭനങ്ങളും വർദ്ധിക്കുന്നു. അൻപത് വർഷങ്ങൾക്ക് മുൻപുള്ള പ്രലോഭനങ്ങളല്ല ഇന്നുള്ളത്. പണ്ട് തിന്മയെന്നു കരുതിയിരുന്ന പലതിനെയും ഇന്ന് ലോകം നന്മയെന്നു വിളിക്കുവാൻ തുടങ്ങിയിരിക്കുന്നു. കാലം മുന്നോട്ട് പോകുംതോറും, പിശാച് മനുഷ്യനെ പാപത്തിലേക്ക് വീഴ്ത്തുവാനുള്ള സാഹചര്യങ്ങളെ കൂടുതലായി ഒരുക്കി വച്ചുകൊണ്ട് നമ്മുടെ വീഴ്ച്ചക്കായി കാത്തിരിക്കുന്നു.

ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് നമ്മുടെ രക്ഷകനായ യേശുക്രിസ്‌തു ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ എന്ന ആറാമത്തെ യാചന സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയത്. പ്രലോഭനത്തിൽ വീഴാതിരിക്കുവാൻ ഈ നോമ്പുകാലത്ത് നമ്മുക്ക് കൂടുതലായി പ്രാർത്ഥിക്കാം. കാരണം ഇത് ഒരു ആത്മീയ പോരാട്ടമാണ്. ഇതിൽ വിജയം വരിക്കുവാൻ പ്രാർത്ഥനയിലൂടെ മാത്രമേ സാധിക്കൂ.

പ്രാർത്ഥനയിലൂടെയാണ് യേശു ആരംഭത്തിലേതുമുതൽ പീഡാസഹനത്തിന്റെ അന്തിമ ഘട്ടനത്തിലേതുവരെയുള്ള പ്രലോഭകനെ തോൽപിച്ചത്. നമ്മുടെ പിതാവിനോടുള്ള ഈ യാചനയിൽ, യേശു നമ്മെ തൻ്റെ പോരാട്ടത്തോടും സഹനത്തോടും ചേർത്തു നിർത്തുന്നു. അവിടുത്തെ ജാഗ്രതയോടുള്ള കൂട്ടായ്‌മയിൽ നമ്മുടെ ഹൃദയത്തിൻറ ജാഗ്രത പുലർത്താൻ അവിടുന്നു നമ്മെ ഓർമ്മിപ്പിക്കുന്നു. ജാഗ്രത "ഹൃദയത്തിന്റെ കാവലാണ്". യേശു തന്റെ പിതാവിനോടു നമ്മെ അവിടുത്തെ നാമത്തിൽ കാത്തുസൂക്ഷിക്കണമേ എന്നു പ്രാർത്ഥിച്ചു. 'ഈ ജാഗ്രതയിലേക്കു പരിശുദ്‌ധാത്മാവു നമ്മെ നിരന്തരം പ്രേരിപ്പിക്കുന്നു. ഈ യാചന, നമ്മുടെ ഭൗമിക പോരാട്ടത്തിന്റെ അന്തിമ പ്രലോഭനവുമായി ബന്‌ധപ്പെട്ട അതിൻറെ നാടകീയമായ അർഥം മുഴുവനും ഉൾക്കൊള്ളുന്നു; ഇത് അന്ത്യംവരെയുള്ള നിലനിൽപിനുവേണ്ടി പ്രാർഥിക്കുന്നു. “ഇതാ ഞാൻ കള്ളനെപ്പോലെ വരുന്നു. ഉണർന്നിരിക്കുന്നവൻ ഭാഗ്യവാൻ"- ( കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2849)

More Archives >>

Page 1 of 30