Videos

അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നൽകണമേ | നോമ്പുകാല ചിന്തകൾ | ഇരുപത്തിയേഴാം ദിവസം

പ്രവാചകശബ്ദം 09-03-2024 - Saturday

അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ (മത്തായി 6:11).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിയേഴാം ദിവസം ‍

ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍! എന്നു പഠിപ്പിച്ച ഈശോ തന്നെ, എന്തിനാണ് അന്നന്നുവേണ്ട ആഹാരത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലൂടെ നമ്മോട് ആവശ്യപ്പെടുന്നത്.

ഇവിടെ, അന്നന്നുവേണ്ട ആഹാരം ഇന്നു എനിക്കു തരണമേ എന്നല്ല പ്രാർത്ഥിക്കുന്നത്; ഞങ്ങൾക്കു തരണമേ എന്നാണ് പ്രാർത്ഥിക്കുന്നത്. നമ്മുടെ ശരീരത്തിന്റെയും ആത്മാവിന്റെയും വളർച്ചക്ക് ആവശ്യമായ എല്ലാ നന്മകളും ദൈവത്തിന്റെ കരങ്ങളിൽ നിന്നും സ്വീകരിക്കുന്ന ഒരു മനോഭാവം ഈ പ്രാർത്ഥന നമ്മിൽ രൂപപ്പെടുത്തുന്നു. അതോടൊപ്പം ഈ ലോകത്തിലെ നമ്മുടെ സഹോദരങ്ങളും ദൈവപിതാവിന്റെ മക്കളുമായ ദരിദ്രരെയും പാവപ്പെട്ടവരെയും സഹായിക്കുവാനും അവരോട് ചേർന്ന് നടന്നുകൊണ്ട് അവർക്ക് സഹായം ചെയ്യുവാനുമുള്ള വലിയ ഉത്തരവാദിത്വവും ഈ യാചന നമ്മെ ഓർമ്മപ്പെടുത്തുന്നു.

സഭാപിതാവായ തീർത്തുല്യൻ ഇപ്രകാരം പഠിപ്പിക്കുന്നു: സ്വർഗത്തെ സംബന്ധിച്ച കാര്യങ്ങൾക്കുശേഷം - അതായത്, ദൈവത്തിന്റെ നാമത്തിനും ദൈവതിരുമനസ്സിനും ദൈവരാജ്യത്തിനും ശേഷം - നമ്മുടെ ഈ ലോകജീവിതത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള യാചനകൾക്കും ഈ പ്രാർത്ഥനയിൽ സ്ഥാനം ലഭിച്ചിരിക്കുന്നു. നമ്മുടെ കർത്താവ് നമ്മെ ഇങ്ങനെ പഠിപ്പിച്ചു: “നിങ്ങൾ അവിടുത്തെ രാജ്യം അന്വേഷിക്കുവിൻ, ഇവയെല്ലാം അതോടൊപ്പം നിങ്ങൾക്കു ലഭിക്കും" (ലൂക്കാ 12,31). 'അന്നന്നുവേണ്ട അപ്പം ഒരോ ദിവസവും ഞങ്ങൾക്കു തരണമേ' എന്നത് ഒരു ആത്മീയ അർത്ഥത്തിലാണ് നമ്മൾ മനസ്സിലാക്കേണ്ടത്.

മിശിഹായാണ് നമ്മുടെ അപ്പം, കാരണം മിശിഹായാണ് ജീവൻ, ജീവനാണ് അപ്പം. അവിടുന്നു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം (യോഹ 6,35). അതിന് അല്‌പം മുമ്പ് അവിടുന്നു പറഞ്ഞു: സ്വർഗത്തിൽ നിന്നിറങ്ങിവന്ന, ജീവിക്കുന്ന ദൈവത്തിൻ്റെ വചനമാണ് അപ്പം (യോഹ 6,33). അപ്പത്തിൽ അവിടുത്തെ ശരി രമുള്ളതിനാൽ അവിടുന്നു പറഞ്ഞു: ഇത് എന്റെ ശരീരമാകുന്നു (മത്താ 26,26; മർക്കോ 14,22; ലൂക്കാ 22:19). നമ്മൾ അന്നന്നുവേണ്ട ആഹാരത്തിനു വേണ്ടി പ്രാർത്ഥിക്കുമ്പോൾ, എന്നും മിശിഹായിൽ ജീവിക്കുന്നതിനുവേണ്ടിയും അവിടുത്തെ ശരീരത്തോട് അവിഭാജ്യമാംവിധം ഐക്യപ്പെട്ടിരിക്കുന്ന തിനു വേണ്ടിയുമാണ് പ്രാർത്ഥിക്കുന്നത് (On Prayer 6).

പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ ജീവിതത്തിൽ നാം അനുഭവിക്കുന്ന ആത്മീയവും ഭൗതികവുമായ എല്ലാ നന്മകളും നമ്മുക്ക് ഈ നോമ്പുകാലത്ത് ദൈവത്തിന്റെ കരങ്ങളിലേക്ക് സമർപ്പിക്കാം. എന്നിട്ട് "അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നൽകണമേ" എന്ന് പ്രാർത്ഥിച്ചുകൊണ്ട് എല്ലാം ദൈവകരങ്ങളിൽ നിന്നും സ്വീകരിക്കാം അതോടൊപ്പം പലവിധ ദാരിദ്ര്യം അനുഭവിക്കുന്ന മറ്റുള്ളവരെ ഓർമ്മിക്കുകയും കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുകയും ചെയ്യാം.

More Archives >>

Page 1 of 30