News - 2024

റോം വികാരി ജനറാളിനെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായി നിയമിച്ച് പാപ്പ

പ്രവാചകശബ്ദം 08-04-2024 - Monday

വത്തിക്കാന്‍ സിറ്റി: റോമിലെ വികാരി ജനറാള്‍ കർദ്ദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസിനെ വത്തിക്കാനിലെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായി നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. എഴുപതു വയസ് പ്രായമുള്ള കർദ്ദിനാൾ ഡൊണാറ്റിസ് 2017 മുതൽ റോം രൂപതയുടെ ഭരണപരമായ കാര്യങ്ങള്‍ക്കു മേൽനോട്ടം വഹിച്ചു വരികയായിരിന്നു. അതേസമയം റോമിലെ വികാരിയായി മറ്റാരെയും ഫ്രാന്‍സിസ് പാപ്പ നിയമിച്ചിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. റോം രൂപതയില്‍ ഫ്രാൻസിസ് മാർപാപ്പ കൊണ്ടുവരുന്ന പ്രധാന പരിഷ്കാരത്തിലെ ഏറ്റവും പുതിയ മാറ്റമാണ് കര്‍ദ്ദിനാള്‍ ഡൊണാറ്റിസിൻ്റെ സ്ഥാനകൈമാറ്റം.

ഒരു ദശാബ്ദത്തിലേറെ നീണ്ട അപ്പസ്തോലിക് പെനിറ്റൻഷ്യറി തസ്‌തികയിൽ നിന്ന് വിരമിക്കുന്ന കർദ്ദിനാൾ മൗറോ പിയാസെൻസയുടെ പിൻഗാമിയായാണ് കര്‍ദ്ദിനാള്‍ ഡൊണാറ്റിസ് എത്തുന്നത്. അപ്പസ്തോലിക് പെനിറ്റൻഷ്യറിയെ 'കരുണയുടെ കോടതി' എന്നാണ് വിളിക്കുന്നത്. പാപ മോചനം, ദണ്ഡവിമോചനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാനും പഠിക്കാനും മാര്‍പാപ്പയ്ക്കു മുന്നില്‍ വിഷയം അവതരിപ്പിക്കാനും റോമന്‍ കൂരിയായുടെ കീഴിലുള്ള അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ ഡിക്കാസ്റ്ററിയ്ക്കാണ് ഉത്തരവാദിത്വം.

2017-ൽ റോമിലെ വികാരിയായി ഡൊണാറ്റിസിനെ നിയമിച്ചതോടെ, നൂറ്റാണ്ടുകൾക്ക് ശേഷം കർദ്ദിനാൾ അല്ലാത്ത റോമിൻ്റെ വികാരി ജനറലായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയായി അദ്ദേഹം അറിയപ്പെട്ടിരിന്നു. പിറ്റേവര്‍ഷം, 2018 ജൂണിലാണ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാളാക്കി ഉയര്‍ത്തിയത്. റോമിലെ വികാരിയുടെ ദൌത്യ മേഖലകള്‍ ലഘൂകരിക്കുകയും റോമിലെ ബിഷപ്പ് എന്ന നിലയിൽ മാർപാപ്പയുടെ ഔപചാരിക നിയന്ത്രണത്തിൽ രൂപതാ മാനേജ്മെൻ്റിനെ കേന്ദ്രീകരിക്കുകയും ചെയ്യുന്ന കൽപ്പന കഴിഞ്ഞ വർഷം മാർപാപ്പ പുറപ്പെടുവിച്ചിരിന്നു.


Related Articles »