India - 2024

മൂന്നാർ മൗണ്ട് കാർമൽ പള്ളിയുടെ ബസിലിക്ക പ്രഖ്യാപനം 25ന്

23-05-2024 - Thursday

കോട്ടയം: ഹൈറേഞ്ചിലെ ആദ്യത്തെ കത്തോലിക്ക പള്ളിയായ മൂന്നാർ മൗണ്ട് കാർമൽ പള്ളിയുടെ ബസിലിക്ക പ്രഖ്യാപനം 25നു നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെചേരിലിന്റെയും സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിലിന്റെയും കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ മാർപാപ്പയുടെ ഡിക്രി വായിക്കും. സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ അനുഗ്രഹപ്രഭാഷണം നടത്തും.

ബസിലിക്ക ഡയറക്ടർ ഫാ. മൈക്കിൾ വലയിഞ്ചിയുടെയും രൂപതയിലെ വൈദികരുടെയും വിശ്വാസസമൂഹത്തിന്റെയും മൂന്നാർ ജനതയുടെയും നേതൃത്വത്തിൽ ബസിലിക്ക പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 1898ൽ കർമല മാതാവിൻ്റെ നാമധേയത്തിൽ മൂന്നാർ കർമല മലയിൽ ഉയർന്നുവന്ന താത്കാലിക ഷെഡാണ് മൗണ്ട് കാർമൽ പള്ളി. 1909ൽ തേയില കമ്പനിയുടെയും വിദേശ മിഷണറിമാരുടെയും തോട്ടം തൊഴി ലാളികളുടെയും സഹകരണത്തോടെ പുതിയ പള്ളി പണിതുയർത്തി. 1920ൽ കുറച്ചുകൂടി വിസ്തൃതി കൂട്ടി. മൂന്നാർ പള്ളി തുടക്കകാലത്ത് വരാപ്പുഴ രൂപതയുടെ കീഴിലുള്ള ആലുവ പള്ളിയുടെ മിഷൻ കേന്ദ്രമായിരുന്നു.

മലബാർ വികാരിയാത്തിൻ്റെയും വരാപ്പുഴ വികാരിയാത്തിൻ്റെയും പിന്നീട് വരാപ്പുഴ അതിരൂപതയുടെയും നേതൃത്വം വഹിച്ചിരുന്ന കർമലീത്ത മിഷ്ണറിമാരായ മെത്രാന്മാരും വൈദികരുമാണ് ഹൈറേഞ്ചിലേക്കുള്ള മിഷൻ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. മൂന്നാർ പള്ളിക്ക് ഭൂമിയും കെട്ടിടത്തിന് ആവശ്യമായ ധനസഹായവും നൽകിയതും പിന്നീട് മൂന്നാറിലെ വിവിധ മിഷൻ കേന്ദ്രങ്ങൾക്കും ഇടവകൾക്കുമുള്ള ഭൂമിയും ദാനമായി നൽകിയതും കണ്ണൻദേവൻ കമ്പനിയുടെ വിവിധ കാലഘട്ടങ്ങളിലെ ഭരണനേതൃത്വമാണ്.

വരാപ്പുഴ അതിരൂപതയുടെ ഭരണസീമയിലായിരുന്നു മൂന്നാർ. എയ്ഞ്ചൽ മേരി മെത്രാപ്പോലീത്തയുടെ കാലത്ത് 1927ൽ വരാപ്പുഴ അതിരൂപതയെ രണ്ടായി തിരിച്ചു. എറണാകുളം കേന്ദ്രമാക്കി വടക്കേഭാഗവും കോട്ടയം കേന്ദ്രമാക്കി തെക്കേഭാഗവും രൂപീകരിച്ചു. തെക്കേഭാഗം പിന്നീട് 1930 ജൂലൈ 14നു വിജയപുരം രൂപതയായി പ്രഖ്യാപിക്കപ്പെട്ടു. വിജയപുരം രൂപത രൂപീകൃതമായപ്പോൾ അന്നത്തെ കോട്ടയം ജില്ല യിൽ ഉൾപ്പെട്ടിരുന്ന ഇന്നത്തെ ഇടുക്കി ജില്ലയും അതിൻ്റെ ഭാഗമായ ദേവികുളം താലൂക്കും കണ്ണൻദേവൻ മലനിരകളും മൂന്നാറുമെല്ലാം വിജയപുരം മിഷൻ രൂപതയുടെ കീഴിലായി മാറി.

വിജയപുരം രൂപതയെ കാലാകാലങ്ങളായി നയിച്ച മെത്രാൻമാർ ദീർഘവീക്ഷണത്തോടെ പ്രാർത്ഥനാപൂർവം നടത്തിയ മിഷൻ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ് ഹൈറേഞ്ച് മിഷൻ കേന്ദ്രങ്ങളുടെ വളർച്ചയും മികവും. ബസിലിക്ക പ്രഖ്യാപനത്തിനു മുന്നോടിയായി 24നു വൈകുന്നേരം അഞ്ചിന് ജാഗര ശുശ്രൂഷകളും 26ന് ശതോത്തര രജതജൂബിലി സമാപന ആഘോഷവും നടത്തും. സഹായ മെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായിരിക്കും. ഫാ. ജേക്കബ് പാക്‌സി ആലുങ്കൽ ഒസിഡി സന്ദേശം നൽകും. തുടർന്നു പൊതുസമ്മേളനവും ഉണ്ടാകും.


Related Articles »