Meditation. - September 2024

യേശു നല്‍കുന്ന അത്ഭുതകരമായ സൗഖ്യം

സ്വന്തം ലേഖകന്‍ 11-09-2023 - Monday

"അവന്‍ തന്റെ പന്ത്രണ്ട് ശിഷ്യന്‍മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി" (മത്തായി 10:1).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 11

രോഗികളെ സുഖപ്പെടുത്താനുള്ള ശക്തി യേശു തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കിയതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. അതിന്‍പ്രകാരം, സ്വര്‍ഗ്ഗാരോഹണത്തിന് മുമ്പായി, അവരോട് യാത്ര പറയുമ്പോള്‍, വചനഘോഷണത്തിലെ സത്യാവസ്ഥയുടെ ഒരടയാളമായി രോഗശാന്തി അത്ഭുതങ്ങള്‍ നടത്തിക്കാണിച്ചു കൊടുക്കണമെന്ന് അവന്‍ അവരോട് സൂചിപ്പിക്കുന്നുണ്ട്. (മര്‍ക്കോസ് 16:17-20). ലോകത്തുള്ള സകല ജനതകള്‍ക്കും വചനം നല്‍കണമെന്നായിരുന്നു അവന്‍ ഉപദേശിച്ചത്.

അപ്പസ്തോല പ്രവര്‍ത്തനത്തില്‍ (3:1-10; 8:7; 9:33-35; 14:8-10; 28: 8-10) എടുത്തുകാട്ടുന്നത് പോലെയുള്ള, അനേകം അത്ഭുത രോഗശാന്തി സംഭവങ്ങളുടെ കാരണം ഇതാണ്. പിന്നീടുള്ള കാലഘട്ടങ്ങളിലും, പല സൗഖ്യസംഭവങ്ങളും നടന്നിട്ടുണ്ട്; ചരിത്രത്തിന്റെ വെളിച്ചത്തില്‍, കാലാകാലങ്ങളിലായി രോഗികള്‍ക്കായുള്ള കര്‍ത്താവിന്റെ അത്ഭുതകരമായ ഇടപെടല്‍ കാണാതിരിക്കാന്‍ കഴിയില്ല.

ഈ സൌഖ്യാനുഭവങ്ങള്‍ എല്ലാം തന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇപ്രകാരമുള്ള ദൈവീക ഇടപെടലില്‍ സഭ എക്കാലവും ആശ്രയിക്കുന്നുണ്ടെങ്കിലും, പുരാതനമായ ജീവകാരുണ്യസ്ഥാപനങ്ങളിലൂടെയും, ആധുനിക ആരോഗ്യ ശുശ്രൂഷാ സേവനശൃംഖലകളിലൂടേയും രോഗികളെ ആശ്വസിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ദൈനംദിന ചുമതലയില്‍ നിന്ന് മാറിനില്‍ക്കാന്‍ സഭയ്ക്ക് കഴിയുകയില്ല.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.6.94).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »