Purgatory to Heaven. - October 2024

ശുദ്ധീകരണത്തിനു വേണ്ടിയുള്ള ന്യായവിധി

സ്വന്തം ലേഖകന്‍ 18-10-2023 - Wednesday

“ആ ചുങ്കക്കാരനാകട്ടെ ദൂരെ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക്‌ കണ്ണുകള്‍ ഉയര്‍ത്തുവാന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ എന്നില്‍ കനിയണമേ എന്ന് പ്രാര്‍ത്ഥിച്ചു” (ലൂക്കാ 18:13).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 18

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്റെ അപ്പസ്തോലിക പ്രമാണ രേഖയായ ഇന്‍ഡള്‍ജെന്റിയാറം ഡോക്ട്രീനാ (Indulgentiarum Doctrina) ഇപ്രകാരം പറയുന്നു: “പാപം ദൈവത്തിന്റെ വിശുദ്ധിയില്‍ നിന്നും നീതിയില്‍ നിന്നും പുറപ്പെടുന്ന ശിക്ഷയെ വിളിച്ചു വരുത്തുന്നു എന്നത് ദൈവീകമായി വെളിവാക്കപ്പെട്ട സത്യമാണ്. ഒന്നുകില്‍ ഭൂമിയിലെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സങ്കടങ്ങളും, കഷ്ടതകളും, വിനാശങ്ങളും; അതിലുപരിയായി മരണത്തെ നേരിട്ടുകൊണ്ടോ അല്ലെങ്കില്‍ ശുദ്ധീകരണസ്ഥലത്തെ അഗ്നിയും, പീഡനങ്ങളും മറ്റ് ശുദ്ധീകരിക്കുന്ന ശിക്ഷകളും സഹിച്ചുകൊണ്ടോ ഈ പാപങ്ങള്‍ക്ക്‌ മതിയായ പരിഹാരം ചെയ്യണം. ദൈവത്തിന്റെ നീതിയും, കരുണയോട് കൂടിയ വിധിന്യായവുമാണ് ആത്മാക്കളുടെ ശുദ്ധീകരണത്തിനു വേണ്ടിയുള്ള ഈ ശിക്ഷകള്‍ നടപ്പിലാക്കുന്നത്, ഇപ്രകാരം സ്വര്‍ഗ്ഗത്തിലെ ധാര്‍മ്മികതയുടെ സംരക്ഷണവും, അത്യുന്നതന്റെ മഹത്വത്തിന്റെ പൂര്‍ത്തീകരണവും വീണ്ടെടുക്കപ്പെടുന്നു”.

വിചിന്തനം:

നമ്മുടെ ചില പാപങ്ങൾക്ക് നമുക്ക് ഈ ഭൂമിയിൽ വച്ചുതന്നെ പരിഹാരം ചെയ്യാൻ സാധിച്ചെന്നു വരില്ല. അങ്ങനെവരുമ്പോൾ ശുദ്ധീകരണ സ്ഥലത്തെ ഒരു സഹനം നമുക്കായി കാത്തിരിപ്പുണ്ടാവും. അതിനാൽ നമ്മുടെ ഓരോ പാപങ്ങളും എത്രയും വേഗം കുമ്പസാരത്തിൽ ഏറ്റു പറയുകയും, നമ്മുടെ പാപം മറ്റുള്ളവരുടെ ജീവിതത്തിൽ വരുത്തിയിട്ടുള്ള മുറിവുകൾക്കും നഷ്ടങ്ങൾക്കും പരിഹാരം ചെയ്യുകയും ചെയ്യാം. ഇപ്രകാരം ചെയ്യാൻ സാധിക്കാതെ പോയ നമ്മുടെ പൂർവ്വികർക്കുവേണ്ടി ഒരുദിവസം ഉപവാസം അനുഷ്ഠിച്ചു പ്രാർത്ഥിക്കാം.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.