News

മെക്സിക്കോയില്‍ മാതാവിന്റെ തിരുസ്വരൂപത്തില്‍ നിന്നു കണ്ണുനീര്‍: സ്ഥലത്തേക്ക് വിശ്വാസികള്‍ പ്രവഹിക്കുന്നു

സ്വന്തം ലേഖകന്‍ 12-01-2017 - Thursday

മെക്‌സിക്കോ സിറ്റി: തെക്കുപടിഞ്ഞാറൻ മെക്‌സിക്കോയിലെ അക്കാപ്പുൽക്കോ എന്ന ഗ്രാമത്തിലെ ഒരു വിശ്വാസിയുടെ ഭവനത്തില്‍ അത്ഭുത മാതാവിന്റെ തിരുസ്വരൂപത്തില്‍ നിന്നു കണ്ണുനീർ പ്രവഹിക്കുന്നതായി റിപ്പോര്‍ട്ട്. കണ്ണുനീർ പ്രവഹിക്കുന്ന മാതാവിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയായില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. അതേ സമയം കത്തോലിക്ക സഭ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. കരഞ്ഞു പ്രാർത്ഥിച്ച ഗ്വാഡലൂപ് ഹെർണാണ്ടസ് എന്ന വിശ്വാസിയുടെ മുന്നിൽ കന്യകാമറിയത്തിന്റെ തിരുസ്വരൂപം കണ്ണീരൊഴുക്കിയെന്ന വാർത്ത അതിവേഗമാണ് പരന്നത്.

തുടര്‍ന്നു സമീപ ദേവാലയത്തിലെ വൈദികന്‍ ഫാ. യുവാൻ കാർലോസ് സ്ഥലത്തെത്തി വിശ്വാസികൾക്കെല്ലാം കാണത്തക്ക വിധത്തിൽ രൂപം തുറസ്സായ സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. അത്ഭുതവാര്‍ത്ത അറിഞ്ഞു ഭവനത്തിലേക്ക് വിശ്വാസികള്‍ പ്രവഹിക്കുകയാണ്. കന്യാമറിയത്തിന്റെ മെക്‌സിക്കൻ പ്രതീകമായ മൊറേനിറ്റയുടെ രൂപത്തിൽ നിന്നാണ് ഈ അത്ഭുതമുണ്ടായത്. വീട്ടിലെ പ്രാർത്ഥനാവേളയില്‍ ഗ്വാഡലൂപ് ഹെർണാണ്ടസ് എന്ന യുവതിക്ക് മുന്നില്‍ മാതാവ് കണ്ണീരൊഴുക്കിയെന്നാണ് 'ദി സണ്‍' റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സഭയുടെ അന്വേഷണ വിഭാഗം ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന സഭാപണ്ഡിതരുടെ പരിശോധനയ്ക്കായി എമിലിയാനോ സപ്പാറ്റയിലുള്ള സഭാ കേന്ദ്രത്തിലേക്ക് രൂപം കൊണ്ട് പോകുമെന്നാണ് സൂചന. വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പ്രചരിച്ചതോടെ ഒട്ടേറെ വിശ്വാസികൾ ഇപ്പോഴും പ്രവഹിക്കുകയാണ്.

വീഡിയോ


Related Articles »