News - 2024

അണുവായുധ നിർമ്മാണത്തിനായി ചിലവാക്കുന്ന സമ്പത്ത് ദാരിദ്ര്യ നിർമാർജ്ജനത്തിനായി ഉപയോഗിക്കുക: ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 30-03-2017 - Thursday

വത്തിക്കാൻ: അണുവായുധ നിർമാർജ്ജനം ക്ലേശകരമാണെങ്കിലും, മാനവികത നേരിടാവുന്ന അപകട സാദ്ധ്യതയെകരുതി അണുവായുധം ഈ ഭൂമുഖത്തുന്നു തന്നെ തുടച്ചുനീക്കുവാനുള്ള ശ്രമങ്ങൾ അനിവാര്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. 'അണുവായുധ നിരോധനവും തത്ഫലമായി സമ്പൂർണമായ ഉന്മൂലനവും' സംബന്ധിച്ച് ധാരണയിലെത്തിച്ചേർന്ന് നിയമബന്ധിതമായ രേഖയുണ്ടാക്കുന്നതിനു ന്യൂയോർക്കിൽ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായിട്ടാണ് മോൺസിഞ്ഞോർ അന്റോണിൻ കമില്ലേരി ഐക്യരാഷ്ട്ര അംഗങ്ങൾക്കു മുൻപാകെ മാർപ്പാപ്പയുടെ സന്ദേശം അവതരിപ്പിച്ചത്.

ലോകസമാധാനം ഉറപ്പാക്കേണ്ടത് പരസ്പര നാശത്തിനുള്ള ഭീഷിണിയോ സമ്പൂർണ ഉന്മൂലനത്തിനുള്ള പ്രാപ്തിയോ അവകാശപ്പെട്ടിട്ടുള്ള തെറ്റായ സുരക്ഷാ അവബോധത്തിലല്ലന്നും, മാനവികതയുടെ അനിവാര്യമായ സാന്മാർഗ്ഗികവും ധാർമ്മികവുമായ വാദഗതികൾ പരിഗണിച്ച് ധാരണയുണ്ടാക്കുന്ന ഉടമ്പടിയാണ് ആസൂത്രണം ചെയ്യേണ്ടതെന്നും മാർപ്പാപ്പ സന്ദേശത്തിലൂടെ പ്രതികരിച്ചു.

അണുവായുധ നിർമ്മാണത്തിനായി ചിലവാക്കുന്ന സമ്പത്ത് ദാരിദ്ര്യ നിർമാർജ്ജനം, സമാധാന ശ്രമങ്ങൾ, സമഗ്രമായ മാനവിക പുരോഗതി തുടങ്ങി കൂടുതൽ ഉചിതമായ കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്ന് മാർപ്പാപ്പ നിർദേശിക്കുകയും ചെയ്തു. അണുവായുധങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന പരിണിതഫലങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും കണക്കിലെടുത്തുകൊണ്ട് അണുവായുധ ഉന്മൂലനമെന്ന പ്രതീക്ഷാ ജനകമായ ഉദ്യമത്തിന്റെ അന്തിമമായ ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സങ്കീർണമെങ്കിലും ദീർഘവീക്ഷണത്തോടെയുള്ള അണുവായുധ വിമുക്തമായ പാതയിലേക്കുള്ള നിർണായകമായ ഒരു ചുവടുവെയ്പ്പാകട്ടെ ഈ സമ്മേളനം എന്ന ആശംസയും മാർപ്പാപ്പ തന്റെ സന്ദേശത്തിലൂടെ അറിയിച്ചു.


Related Articles »