Meditation. - July 2024

യേശുക്രിസ്തുവിൽ പ്രത്യാശ അർപ്പിക്കുന്നവർ ഒരിക്കലും നിരാശപ്പെടുകയില്ല

സ്വന്തം ലേഖകന്‍ 22-07-2022 - Friday

"പകലിന്റെ മക്കളായ നമുക്കു വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം" (1 തെസ 5: 8).

യേശു ഏകരക്ഷകൻ: ജൂലൈ 22
യേശുക്രിസ്തുവിന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചും, നമ്മുടെ ശക്തിയില്‍ ആശ്രയിക്കാതെ പരിശുദ്ധാത്മാവിന്‍റെ കൃപാവരത്തിന്‍റെ സഹായത്തില്‍ ആശ്രയിച്ചും ജീവിക്കുന്നവർ ഒരിക്കലും നിരാശപ്പെടുകയില്ല. നമ്മോടു വാഗ്ദാനം ചെയ്തവന്‍ ദൈവമായതുകൊണ്ടും അവിടുന്നു വിശ്വസ്തനായതുകൊണ്ടും, പ്രത്യാശയുടെ ഏറ്റുപറച്ചില്‍ അചഞ്ചലമായി നമുക്കു സൂക്ഷിക്കാം. പിതാവായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിലൂടെ നമ്മുടെമേല്‍ പരിശുദ്ധാത്മാവിനെ സമൃദ്ധമായി ചൊരിയുന്നു. അതിനാൽ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറഞ്ഞ്, വിശ്വാസത്തിലും പ്രത്യാശയിലും നാം സ്ഥിരതയുള്ളവരായിരിക്കണം.

ദൈവം ഓരോ മനുഷ്യന്‍റെയും ഹൃദയത്തില്‍ നിക്ഷേപിച്ച 'സൗഭാഗ്യത്തിനു വേണ്ടിയുള്ള അഭിവാഞ്ഛയോട്', പ്രത്യാശ എന്ന സുകൃതം പ്രത്യുത്തരിക്കുന്നു. അത് മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുന്ന പ്രതീക്ഷകളെ ഉള്‍ക്കൊള്ളുകയും അവയെ ശുദ്ധീകരിക്കുകയും മനുഷ്യനെ വീഴ്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. പരിത്യക്തനാകുമ്പോഴെല്ലാം അത് അവനെ താങ്ങിനിറുത്തുകയും ശാശ്വത സൗഭാഗ്യത്തിന്‍റെ പ്രതീക്ഷയില്‍ അവന്‍റെ ഹൃദയത്തെ തണുപ്പിക്കുകയും ചെയ്യുന്നു. പ്രത്യാശയുടെ പ്രചോദനം അവനെ സ്വാര്‍ത്ഥതയില്‍ നിന്ന് സംരക്ഷിക്കുകയും സ്നേഹത്തിന്‍റെ ഫലമായ സൗഭാഗ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

യേശു നൽകിയ വാഗ്ദാനങ്ങൾ, നമ്മുടെ പ്രത്യാശയെ പുതിയ വാഗ്ദത്ത ഭൂമിയിലെക്കെന്നപോലെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുന്നു. യേശുവിന്‍റെ ശിഷ്യന്മാരെ കാത്തിരിക്കുന്ന പരീക്ഷകളുടെ മാര്‍ഗം അതു നിര്‍ദ്ദേശിക്കുന്നു. അത് നമുക്ക് പരീക്ഷയിലും സന്തോഷം നല്‍കുന്നു. ഒരു വിശ്വാസിയും തനിച്ചല്ല വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നത്. ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സഭയോടു ചേർന്നാണ് ഒരാൾ വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നത്. 'എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണം' എന്ന് സഭ പ്രത്യാശയോടെ പ്രാര്‍ത്ഥിക്കുന്നു; സ്വര്‍ഗീയ മഹത്വത്തില്‍ തന്‍റെ മണവാളനായ ക്രിസ്തുവിനോട് ഒത്തുചേരുവാന്‍ അവള്‍ ആഗ്രഹിക്കുകയും അവിടുന്ന് നൽകിയ വാഗ്ദാനങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നു.

"പ്രത്യാശിക്കുക, പ്രത്യാശിക്കുക: നിനക്ക് ദിവസമോ മണിക്കൂറോ നിശ്ചയമില്ല. ശ്രദ്ധയോടെ നോക്കിയിരിക്കുക; നിന്‍റെ സുനിശ്ചിതമായ ആഗ്രഹം അനിശ്ചിതമാവുകയും നീണ്ടതായിത്തീരുകയും ചെയ്യുന്നുവെങ്കിലും എല്ലാം വേഗം കടന്നു പോകുന്നു. നീ എത്ര കൂടുതല്‍ സമരം ചെയ്യുന്നുവോ അത്ര കൂടുതല്‍ നിനക്കു നിന്‍റെ ദൈവത്തോടുള്ള സ്നേഹം പ്രദര്‍ശിപ്പിക്കാനാവുമെന്നും തെളിയിക്കുന്നുവെന്നും, നിന്‍റെ പ്രിയപ്പെട്ടവനോടുകൂടി ഒരിക്കലും അവസാനിക്കാത്ത സന്തോഷത്തിലും ആനന്ദ പൂര്‍ണ്ണതയിലും സന്തോഷിക്കാനാവുമെന്നും മനസ്സിലാക്കുക" (St Theresa of Avila, Excl 15:3).

വിചിന്തനം
ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവര്‍ക്ക് ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള സ്വര്‍ഗ്ഗീയ മഹത്വത്തില്‍ പ്രവേശിക്കാൻ കഴിയും: ഈ പ്രത്യാശ നമ്മെ നിരാശരാക്കുകയില്ല. കാരണം നമ്മുക്കു വേണ്ടി മരിച്ചു ഉത്ഥാനം ചെയ്ത യേശുക്രിസ്തുവാണ് നമ്മുക്ക് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്. ഏകരക്ഷകനായ യേശുക്രിസ്തുവിന്റെ അനന്ത യോഗ്യതയാലും അവിടുത്തെ കൃപയാലും "അന്ത്യംവരെ" പിടിച്ചു നില്‍ക്കുമെന്നും, ദൈവം നല്‍കുന്ന നിത്യസമ്മാനമായ സ്വര്‍ഗ്ഗീയ സന്തോഷം ലഭിക്കുമെന്നും നാം പ്രത്യാശിക്കണം. ഇപ്രകാരം യേശുക്രിസ്തുവിൽ പ്രത്യാശ അർപ്പിക്കുന്നവർ ഒരിക്കലും നിരാശപ്പെടുകയില്ല.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »