Meditation. - August 2024

"അങ്ങയുടെ നാമം പൂജിതമാകണമേ" എന്ന യാചനയുടെ അർത്ഥമെന്ത്?

സ്വന്തം ലേഖകന്‍ 22-08-2023 - Tuesday

"ഇത്രയും പറഞ്ഞതിനു ശേഷം യേശു സ്വർഗ്ഗത്തിലേക്കു കണ്ണുകളുയർത്തി പ്രാർത്ഥിച്ചു:.. പരിശുദ്ധനായ പിതാവേ നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നൽകിയ അവിടുത്തെ നാമത്തിൽ അവരെ അങ്ങ് കാത്തുകൊള്ളണമേ!" (യോഹ 17:1,11)

യേശു ഏകരക്ഷകൻ: ആഗസ്റ്റ് 22
ദൈവം മാത്രമാണ് പൂജിതമായവനും പൂജിതമാക്കുന്നവനും എന്നത് മാറ്റമില്ലാത്ത സത്യമാണ്. പിന്നെ എന്തിനാണ് അങ്ങയുടെ നാമം പൂജിതമാകണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നത്? "പൂജിതമാക്കുക" എന്ന ക്രിയ ഇവിടെ പ്രധാനമായും അതിന്‍റെ നിമിത്തപരമായ അര്‍ത്ഥത്തിലല്ല മനസ്സിലാക്കേണ്ടത്. പിന്നെയോ, പരിശുദ്ധമായി അംഗീകരിക്കുക, പരിശുദ്ധമായി കൈകാര്യം ചെയ്യുക എന്ന അര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. ഈ യാചന പലപ്പോഴും സ്തുതിപ്പും നന്ദിപ്രകടനവുമായി മനസ്സിലാക്കാറുണ്ട്. യേശു ഈ യാചന ഒരു ആഗ്രഹപ്രകടനമായിട്ടാണ് നമ്മെ പഠിപ്പിക്കുന്നത്. പിതാവിനോട് അവിടുത്തെ നാമം പൂജിതമാകണം എന്ന പ്രാര്‍ത്ഥന സമയ പൂര്‍ത്തീകരണത്തെ സംബന്ധിച്ചുള്ള അവിടുത്തെ സ്നേഹപൂര്‍ണമായ കാരുണ്യത്തിന്‍റെ പദ്ധതിയില്‍ നമ്മെ ഉള്‍ച്ചേര്‍ക്കുന്നു.

ദൈവത്തിന്‍റെ പരിശുദ്ധി അവിടുത്തെ നിത്യരഹസ്യത്തിന്‍റെ അപ്രാപ്യമായ കേന്ദ്രമാണ്. അതിനെ സംബന്ധിച്ച് സൃഷ്ടിയിലും ചരിത്രത്തിലും വെളിപ്പെടുത്തപ്പെട്ടതിനെ വിശുദ്ധ ഗ്രന്ഥം "മഹത്വം" എന്നും "അവിടുത്തെ പ്രതാപത്തിന്‍റെ പ്രഭ" എന്നുമാണ് വിളിക്കുന്നത്. മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കുന്ന ദൈവം "അവനെ മഹത്വം കൊണ്ട് കിരീടമണിയിച്ചു." പക്ഷെ, പാപത്തിലൂടെ മനുഷ്യന്‍ "ദൈവത്തിന്‍റെ മഹത്വത്തിന് അര്‍ഹതയില്ലാത്തവനായി". ആ സമയം മുതല്‍, മനുഷ്യന്‍ അവന്‍റെ സ്രഷ്ടാവിന്‍റെ ഛായയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി ദൈവം തന്‍റെ നാമം വെളിപ്പെടുത്തിയും പ്രദാനം ചെയ്തും തന്‍റെ പരിശുദ്ധി പ്രകടമാക്കി.

അബ്രാഹത്തോടുള്ള വാഗ്ദാനത്തിലും അതേത്തുടര്‍ന്നുള്ള ശപഥത്തിലും ദൈവം തന്‍റെ നാമം വെളിപ്പെടുത്താതെ തന്നെത്തന്നെ പ്രതിജ്ഞാബദ്ധനാക്കുന്നു.മോശയോടാണ് ദൈവം അതു വെളിപ്പെടുത്താന്‍ തുടങ്ങുന്നത്. ഈജിപ്തില്‍ നിന്നും രക്ഷിച്ചു കൊണ്ടുവന്ന ജനം മുഴുവന്‍റെയും ദൃഷ്ടികള്‍ക്കു മുന്‍പില്‍ അവിടുന്നു തന്‍റെ നാമം വ്യക്തമായി വെളിപ്പെടുത്തുന്നു. ‍"അവിടുന്നു മഹത്വത്തോടെ സ്തുതിക്കപ്പെട്ടു." സീനായ് ഉടമ്പടി മുതല്‍ ഈ ജനം "അവിടുത്തെ സ്വന്തമാണ്". കാരണം ദൈവനാമം അവരില്‍ വസിക്കുന്നു. ദൈവത്തിന്റെ സ്വന്തം ജനം അവിടുന്നിൽ നിന്നും അകലുകയും രാജ്യങ്ങളുടെ മധ്യേ അവിടുത്തെ പരിശുദ്ധ നാമത്തെ അശുദ്ധമാക്കുകയും ചെയ്തപ്പോൾ പഴയ ഉടമ്പടിയിലെ നീതിമാന്മാരും പ്രവാചകന്മാരും ഈ നാമത്തെപ്രതി വികാരോജ്വലരായി. ഇവിടെയും കര്‍ത്താവ് സ്വന്തം നാമത്തെപ്രതി അവിടുത്തെ ജനത്തോട് കരുണകാണിക്കുന്നു.

അവസാനം, പരിശുദ്ധനായ ദൈവത്തിന്‍റെ നാമം യേശുവില്‍ വെളിപ്പെടുത്തപ്പെടുകയും നമ്മുടെ രക്ഷകനായി നല്‍കപ്പെടുകയും ചെയ്തു. അവിടുന്ന് എന്തായിരിക്കുന്നുവോ അതിലൂടെയും അവിടുത്തെ വചനത്തിലൂടെയും അവിടുത്തെ ബലിയര്‍പ്പണത്തിലൂടെയും ആ നാമം വെളിപ്പെടുത്തപ്പെട്ടു. യേശു പിതാവിന്‍റെ നാമം "നമുക്കു വെളിപ്പെടുത്തുന്നു." അവിടുത്തെ പെസഹായുടെ അന്ത്യത്തില്‍ പിതാവ് അവിടുത്തേക്ക് എല്ലാ നാമങ്ങളേക്കാളും വലിയ നാമം നല്‍കുന്നു. മാമ്മോദീസ സ്വീകരിക്കുന്ന ഓരോ വ്യക്തിയും ജ്ഞാനസ്നാനജലത്താൽ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിലും കഴുകപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ പിതാവായ ദൈവം യേശുക്രിസ്തുവിലൂടെ നമ്മെ വിശുദ്ധിയിലേക്കു വിളിക്കുന്നു.

സ്വയം വിശുദ്ധിയില്‍ സകല സൃഷ്ടിയേയും രക്ഷിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നതാണ് ദൈവത്തിന്‍റെ നാമം. ഈ നാമമാണ് ലോകത്തിന് രക്ഷ നല്‍കുന്നത്. ഈ നാമം നമ്മിലൂടെ, നമ്മുടെ പ്രവൃത്തിയാല്‍ പൂജിതാമാക്കപ്പെടട്ടെ എന്നാണ് നാം പ്രാര്‍ത്ഥിക്കുന്നത്. എന്തെന്നാല്‍ നാം നന്നായി ജീവിക്കുമ്പോള്‍ ദൈവനാമം പൂജിതാമാക്കപ്പെടുന്നു. നാം മോശമായി ജീവിക്കുമ്പോള്‍ ദൈവനാമം നിന്ദിക്കപ്പെടുകയും ചെയ്യുന്നു. അപ്പസ്തോലന്‍ പറയുന്നത് കേള്‍ക്കുക: "നിങ്ങള്‍ മൂലം ദൈവത്തിന്‍റെ നാമം വിജാതീയരുടെ ഇടയില്‍ നിന്ദിക്കപ്പെടുന്നു" (Cf: റോമാ 2:24). അതിനാല്‍ നമ്മുടെ ജീവിത ശൈലി അവിടുത്തെ പരിശുദ്ധ നാമത്തെ മഹത്വപ്പെടുത്തുന്നതുപോലെയാക്കി മാറ്റണമേ എന്നു നാം പ്രാര്‍ത്ഥിക്കുന്നു.

"അങ്ങയുടെ നാമം പൂജിതമാകണമേ" എന്നു നാം പറയുമ്പോള്‍, അവിടുന്നില്‍ ആയിരിക്കുന്ന നമ്മിലും ദൈവത്തിന്‍റെ കൃപാവരം ഇനിയും പ്രതീക്ഷിക്കുന്നവരിലും അത് പരിശുദ്ധമാക്കപ്പെടണം എന്നു നാം യാചിക്കുന്നു. ശത്രുക്കള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്ന കല്‍പന അങ്ങനെ നാം നിറവേറ്റുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഈ യാചന മറ്റുള്ള ആറു യാചനകളും പോലെ ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. നമ്മുടെ പിതാവിനോടുള്ള പ്രാര്‍ത്ഥന യേശുവിന്‍റെ നാമത്തിലാണ് പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ അതു നമ്മുടെ പ്രാര്‍ത്ഥനയാണ്. തന്‍റെ പുരോഹിത പ്രാര്‍ത്ഥനയില്‍ യേശു അപേക്ഷിക്കുന്നു. "പരിശുദ്ധനായ പിതാവേ, നീ എനിക്ക് നല്കിയിട്ടുള്ളവരെ നിന്‍റെ നാമത്തില്‍ സംരക്ഷിക്കണമേ".

വിചിന്തനം
"ഞാന്‍ പരിശുദ്ധനായിരിക്കുന്നതിനാല്‍ നിങ്ങളും പരിശുദ്ധരായിരിക്കുക" എന്നു പറഞ്ഞുകൊണ്ട് ദൈവം നമ്മെ ഓരോരുത്തരെയും വിശുദ്ധിയിലേക്കു വിളിക്കുന്നു. അവിടുത്തെ വിളി സ്വീകരിച്ചുകൊണ്ട് വിശുദ്ധിയിൽ ജീവിക്കാൻ നാം പരിശ്രമിച്ചാൽ ദൈവം അതിനുള്ള കൃപാവരം നൽകി നമ്മെ ശക്തിപ്പെടുത്തും. ജ്ഞാനസ്നാനത്തില്‍ വിശുദ്ധീകരിക്കപ്പെട്ട നാം, അതുവഴി ആരംഭിച്ച ആ വിശുദ്ധിയില്‍ നിലനില്‍ക്കുവാന്‍ വേണ്ടി എല്ലാ ദിവസവും പരിശ്രമിക്കുകയും യാചിക്കുകയും ചെയ്യുന്നു. കാരണം, എല്ലാ ദിവസവും പാപത്തില്‍ വീഴുന്ന നാം നിരന്തര വിശുദ്ധീകരണത്തിലൂടെ പാപങ്ങളില്‍ നിന്നു മോചിതരാകാന്‍ ശ്രമിക്കുന്നു. ഈ വിശുദ്ധീകരണം നമ്മുക്ക് നിരന്തരം ആവശ്യമാണ്. ഈ വിശുദ്ധീകരണം നമ്മില്‍ നിലനില്‍ക്കുന്നതിന് സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന അവസരം ലഭിക്കുമ്പോഴെല്ലാം നമ്മുക്ക് ഏറ്റുചൊല്ലാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »