News

ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി ഇനി വാഴ്ത്തപ്പെട്ടവള്‍

സ്വന്തം ലേഖകന്‍ 04-11-2017 - Saturday

ഇന്‍ഡോര്‍: ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി, സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചു. ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയാണ് പ്രഖ്യാപനശുശ്രൂഷ നടത്തിയത്. ഒന്‍പത് മണിയോടെ സിസ്റ്ററിന്റെ ജീവിതത്തെ പറ്റിയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരിന്നു.

കൃത്യം പത്തുമണിയോടെ ശുശ്രൂഷകള്‍ ആരംഭിച്ചു. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിച്ചു.

മാര്‍പാപ്പയുടെ പ്രഖ്യാപനം റാഞ്ചി ആര്‍ച്ച്ബിഷപ് ഡോ. ടെലസ്‌ഫോര്‍ ടോപ്പോ ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി. തുടർന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ തിരുശേഷിപ്പ്, ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അൾത്താരയിലേക്കു പ്രദക്ഷിണം നടന്നു. എഫ്‌സിസി സമൂഹം, ഇൻഡോർ രൂപത, എറണാകുളം അങ്കമാലി അതിരൂപത എന്നിവയിൽ നിന്നുള്ള പ്രതിനിധികളാണ് ഇവ വഹിച്ചത്. സിസ്റ്റർ റാണി മരിയയുടെ വാരിയെല്ലിന്റെ ഭാഗമാണു തിരുശേഷിപ്പായി സമർപ്പിച്ചത്.

വിശുദ്ധ അൽഫോൻസാമ്മയുടെ പാത പിന്തുടർന്ന ഫ്രാൻസിസ്‌കൻ സന്യാസിനി സമൂഹത്തിൽ നിന്ന് ഒരു വാഴ്ത്തപ്പെട്ടവളെ ലഭിക്കുന്നതിലൂടെ ഭാരതസഭ കൂടുതൽ അനുഗ്രഹീതമായെന്ന് കർദിനാൾ അമാത്തോ വചനസന്ദേശത്തിൽ പറഞ്ഞു. പ്രേഷിതരംഗത്തുള്ള അനേകർക്കു പ്രചോദനമാണ് സിസ്റ്റർ റാണി മരിയയുടെ ജീവിതം. വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്നു പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.

സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തി സ്ത ദിക്കാത്രോ, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയോഡര്‍ മസ്‌കരനാസ് എന്നിവരുള്‍പ്പെടെ രാജ്യത്തും പുറത്തും നിന്നുമായി അന്പതോളം മെത്രാന്മാര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായിരിന്നു.

തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, മതരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. തിരുകര്‍മ്മങ്ങളിലും പൊതുസമ്മേളനത്തിലും സാക്ഷ്യം വഹിക്കാന്‍ പതിനാലായിരത്തിലധികം ആളുകളാണ് ഇന്‍ഡോറില്‍ എത്തിയത്.


Related Articles »