Meditation. - February 2024

മനുഷ്യന്റെ മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്ന ദൈവം

സ്വന്തം ലേഖകന്‍ 22-02-2024 - Thursday

"എന്റെ അകൃത്യം നിശ്ശേഷം കഴുകി കളയേണമേ! എന്റെ പാപത്തിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!" (സങ്കീർത്തനം 51:2)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 22

പാപമെന്നത് ഒരു വലിയ കറയ്ക്കു സമാനമാണ്. അത് ഒരു വ്യക്തിയെ, അവന്റെ ഏറ്റം ആഴമാർന്ന ആത്മീയ ജീവിതത്തെപ്പോലും കളങ്കപ്പെടുത്തുന്നു. അതുകൊണ്ട് സങ്കീർത്തകൻ വിലപിച്ചു കൊണ്ട് പറയുന്നു, 'എന്റെ അകൃത്യം നിശേഷം കഴുകി കളയണമേ'. ഒരുവന്റെ പാപം ആത്മാവിനു ഭാരവും ആ ഭാരം മനസാക്ഷിയെ ഞെരുക്കുന്നതാണെന്നും സങ്കീർത്തകൻ അറിയുന്നു. അതിനാൽ അദ്ദേഹം പറയുന്നു 'എന്റെ അകൃത്യങ്ങൾ ഞാൻ അറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കണ്മുൻപിൽ ഉണ്ട്'.

പാപത്തിന്‍റെ ദുസഹമായ ഭാരം ഒരുവന്റെ ആത്മാവിനെ തളർത്തുന്നുവെന്നും തനിയ്ക്കും ദൈവത്തിനും ഇടയിൽ തടസ്സം സൃഷ്ടിക്കുന്നുവെന്നു സങ്കീർത്തകന്‍ നമ്മോടു പറയുന്നു. ‘അങ്ങേക്കെതിരായി, ഞാൻ പാപം ചെയ്തു. അങ്ങയുടെ മുൻപിൽ ഞാൻ തിന്മ പ്രവർത്തിച്ചു. അത്കൊണ്ട് അങ്ങയുടെ വിധി നിര്‍ണയത്തില്‍ അങ്ങ് നീതിയുക്തനാണ്. അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ് (സങ്കീർത്തനം 51:4).

പാപത്തിന് രണ്ടു വശങ്ങളുണ്ട്‌; ഒരു വശത്ത് മനസ്സാക്ഷിയുടെ നല്ലതും ചീത്തയുമായ വശങ്ങളും, മറുവശത്ത് ദൈവത്തിന്റെ മഹത്വവും പരിശുദ്ധിയും. ഇതിനിടയിലാണ് മനുഷ്യൻ ജീവിക്കുന്നത്. "ആദം, നീ എവിടെയാണ്?" (ഉല്പ്പത്തി 3:9) ഈ ചോദ്യത്തില്‍ നിന്ന് പ്രപഞ്ചത്തിന്‍റെ ആരംഭം മുതൽ തന്നെ മനുഷ്യന്റെ മനസ്സാക്ഷിയേ ചോദ്യം ചെയ്യുന്നതും ദൈവം തന്നെയാണെന്ന് മനസ്സിലാക്കാന്‍ സാധിയ്ക്കും.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 17.2.1988)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »