News - 2024

വൈദികർ കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന വിവാദ ബില്ലുമായി കാലിഫോർണിയയും

സ്വന്തം ലേഖകന്‍ 23-02-2019 - Saturday

കാലിഫോര്‍ണിയ: ഓസ്ട്രേലിയായ്ക്കു പിന്നാലെ വൈദികർ കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന വിവാദ ബില്ലുമായി അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയും. ജെറി ഹിൽ എന്ന നിയമനിർമ്മാണ സഭാംഗമാണ് കാലിഫോർണിയ സെനറ്റിൽ ബുധനാഴ്ച 'ബിൽ 360' എന്ന ബില്‍ അവതരിപ്പിച്ചത്. കുട്ടികൾക്കെതിരേ നടന്ന ലൈംഗിക അതിക്രമങ്ങൾ കുമ്പസാരക്കൂട്ടിൽ വച്ച് വൈദികർ അറിഞ്ഞാൽ അത് സർക്കാരിനെ അറിയിക്കണമെന്നാണ് ബില്ലിൽ അനുശാസിക്കുന്നത്. നിലവില്‍ ലൈംഗിക കുറ്റകൃത്യങ്ങളെ പറ്റിയുള്ള വിവരങ്ങൾ വൈദികർ സിവിൽ ഭരണാധികാരികളെ അറിയിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടെങ്കിലും കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നതിൽ നിന്നും വൈദികർക്ക് ഇളവ് നൽകിയിരിന്നു.

ഇത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് ബില്ലില്‍ സൂചിപ്പിക്കുന്നത്. കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നതിൽ നിന്ന് കാനൻ നിയമം വൈദികരെ വിലക്കുന്നുണ്ട്. പൗരോഹിത്യം എന്ന ശുശ്രൂഷയുടെ മഹത്വം കൊണ്ടും, കുമ്പസാരിക്കാൻ എത്തുന്ന വ്യക്തികളോടുള്ള ബഹുമാനം കൊണ്ടും കുമ്പസാരരഹസ്യം രഹസ്യമായിത്തന്നെ വയ്ക്കണമെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥവും അനുശാസിക്കുന്നുണ്ട്. എന്നാൽ പുരോഹിതർക്ക് ഇളവ് നൽകരുത് എന്നാണ് ജെറി ഹിൽ പറയുന്നത്.

പുതിയ ബില്ലിലൂടെ മതസ്വാതന്ത്ര്യത്തിനെയാണ് ജെറി ഹിൽ ലക്ഷ്യം വയ്ക്കുന്നതെന്ന് കാലിഫോർണിയ മെത്രാൻ സമിതിയുടെ വക്താവ് പ്രാദേശിക മാധ്യമത്തോടു പറഞ്ഞു. കുമ്പസാര രഹസ്യം പുറത്ത് വെളിപ്പെടുത്താൻ വേണ്ടി വൈദികരെ നിർബന്ധിക്കുന്ന ബില്ല് പാശ്ചാത്യലോകത്ത് ഇതാദ്യമായല്ല. പ്രായപൂർത്തിയാകാത്തവർക്കെതിരെ നടന്ന, കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള കുമ്പസാരരഹസ്യം വൈദികര്‍ വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശം ഓസ്ട്രേലിയയിലെ റോയൽ കമ്മീഷൻ ഇൻവെസ്റ്റിഗേഷൻ കഴിഞ്ഞ വർഷം നിർദ്ദേശിച്ചതു വന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിരിന്നു. ഇതിന് പിന്നാലെയാണ് കാലിഫോര്‍ണിയയും സമാന രീതിയില്‍ മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുന്നത്.


Related Articles »