| Content | ഇത് ഡേവിസ്. തുടര്‍ച്ചയായ രോഗവും സാമ്പത്തിക ഞെരുക്കവും കടുത്ത പ്രഹരമേല്‍പ്പിച്ചതിന്റെ പേരില്‍ ജീവിതം പൊരുതാന്‍ ഏറെ പാടുപ്പെടുന്ന എറണാകുളം കുത്തിയതോട് സ്വദേശിയായ യുവാവ്. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലയളവില്‍ പുല്‍ക്കൂട് നിര്‍മ്മാണത്തിനിടെ ഷോക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ആ കാര്യം കണ്ടെത്തുന്നത്, ബാലനായിരിന്നിട്ടും ഡേവീസിന്റെ ശരീരത്തിലെ ഷുഗറിന്റെ അളവ് വളരെ കൂടുതലാണ്. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഇതില്‍ കാര്യമായ കുറവ് വന്നില്ല. ഒടുവില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു, ഡേവീസിന് ടൈപ്പ് 1 ഡയബറ്റിക്കാണ്.
അന്ന് മുതല്‍ തന്നെ ഇന്‍സുലിന്‍ ആരംഭിച്ചു. പത്താം ക്ലാസിന് ശേഷം വീണ്ടും ഷുഗര്‍ ലെവല്‍ ക്രമാതീതമായി ഉയരുകയും തുടര്‍ച്ചയായി ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യവും വന്നു. ആരോഗ്യാവസ്ഥ കൂടുതല്‍ ദയനീയമായപ്പോള്‍ അപ്പോളോ ഹോസ്പിറ്റലിലും ലിസ്സി ഹോസ്പിറ്റലിലും അഡ്മിറ്റായി. കുറച്ചു ദിവസം ശമനം ലഭിക്കും, വീണ്ടും പഴയപ്പടി തന്നെ. ഇന്‍സുലിന്‍ ഒട്ടും ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യം. ഇതിനിടെ മൂന്നു വര്‍ഷം വിദേശത്തു ജോലി ചെയ്തു. നാട്ടില്‍ മടങ്ങിയെത്തിയ സമയത്തായിരിന്നു കേരളക്കരയെ നടുക്കിയ പ്രളയമുണ്ടായത്. വീട് പൂര്‍ണ്ണമായി തകര്‍ന്നു. ഇത് ഏല്‍പ്പിച്ച മാനസിക സമ്മര്‍ദ്ധം ഒരുപാട് വലുതായിരിന്നുവെന്ന് ഡേവിസ് പറയുന്നു. സാമ്പത്തിക ഞെരുക്കം കൊണ്ട് ഇന്‍സുലിന്‍ വരെ മുടക്കി. ഒരു രീതിയിലും മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യം.
ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ കണ്ണിന്റെ കാഴ്ച കുറയുന്നതായി അനുഭവപ്പെട്ടതോടെയാണ് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ വീണ്ടും പരിശോധനയ്ക്കു വിധേയനായത്. ഞരമ്പുകള്‍ക്ക് എന്തോ പ്രശ്നമുണ്ടെന്നും അതിനാല്‍ ആന്‍ജിയോഗ്രാം ഉടനെ ചെയ്യണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായി രക്തപരിശോധന നടത്തിയപ്പോള്‍ 'ക്രിയാറ്റിന്റെ' അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തുകയായിരിന്നു. ഈ സമയങ്ങളില്‍ ഷുഗറിന്റെ അളവ് 500 ആയിരിന്നു. ഇവ നിയന്ത്രണവിധേയമാക്കാതെ മുന്നോട്ട് ചികിത്സ നിലവില്‍ നല്‍കാന്‍ സാധിക്കില്ലായെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഒന്നിന് പിറകെ ഒന്നായുള്ള രോഗാവസ്ഥകള്‍ തളര്‍ത്തുമ്പോഴും ജീവിതം പൊരുതി ജയിക്കുവാന്‍ ഡേവിസ് ശ്രമിക്കുകയായിരിന്നു. അധികം വൈകാതെ ലിസി ആശുപത്രിയിലെ വൃക്കരോഗ വിദഗ്ദ്ധനെ ഇദ്ദേഹം സന്ദര്‍ശിച്ചു. ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിക്കപ്പെടാത്തത് കൊണ്ട് ഷുഗര്‍ ലെവല്‍ നിയന്ത്രണാതീതമായി തുടരുവാന്‍ സാധ്യതയുണ്ടെന്നും ഇതിനെ നിയന്ത്രിക്കുന്ന സംവിധാനം ക്രമീകരിക്കുക എന്നതാണ് പോംവഴിയെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
കൃത്യമായ ഇടവേളകളില്‍ ശരീരത്തിലെ ഷുഗര്‍ ലെവല്‍ പരിശോധിക്കുകയും ആവശ്യമായ ഇന്‍സുലിന്‍ ഓടോമാറ്റിക്കായി ഇഞ്ചക്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന ഇന്‍സുലിന്‍ പമ്പ് ശരീരത്തു ക്രമീകരിക്കുക എന്നതാണ് ഇതിനുള്ള ലളിതവും ഫലവത്തായതുമായ മാര്‍ഗ്ഗമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്‍സുലിന്‍ പമ്പിനും മരുന്നിനും കുറഞ്ഞത് നാല് ലക്ഷത്തോളം രൂപ ചെലവ് വരും. ഇത് സംബന്ധമായ ക്രമീകരണം ചെയ്യാന്‍ വൈകും തോറും വൃക്ക തകരാറിലാകുവാനുള്ള സാധ്യത ഏറെയാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. എന്തു ചെയ്യണമെന്ന് അറിയാതെ നിറകണ്ണുകളോടെ നിസ്സഹായവസ്ഥയില്‍ തുടരുകയാണ് ഈ സഹോദരന്‍.
ശാരീരികമായും മാനസികമായും പറ്റേ തകര്‍ന്ന ഈ യുവാവിന് പുതുജീവിതം ആരംഭിക്കുവാന്‍ അടിയന്തരമായി വേണ്ടത് ഒരു കൈത്താങ്ങാണ്. മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും ഏല്‍പ്പിച്ച കനത്ത മുറിവുകളിലൂടെ ആയിരിക്കാം നാം കടന്നുപോകുന്നത്, എന്നാല്‍ ഏത് സമയവും വൃക്ക തകരാറിലാകുവാന്‍, ജീവന്‍ അപകടത്തിലാകുവാന്‍ സാധ്യതയുള്ള ഈ സഹോദരന് നാം പങ്കുവെയ്ക്കുന്ന ഓരോ ചില്ലിതുട്ടും പുതുജീവിതം സമ്മാനിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ആരോഗ്യം അല്‍പ്പമെങ്കിലും വീണ്ടെടുത്താല്‍ ഉടനെ ഏത് ജോലിയിലേക്ക് പ്രവേശിക്കുവാന്‍ താന്‍ തയാറാണെന്നും ഈ സഹോദരന് വലിയ നിശ്ചയദാര്‍ഢ്യത്തോടെ ആവര്‍ത്തിക്കുന്നുണ്ട്.
ജീവിതം പൊരുതി നേടാന്‍ വലിയ ആഗ്രഹത്തോടെ നിലകൊള്ളുന്ന, പുതു ജീവിതം കൊതിക്കുന്ന ഡേവീസിന് മുന്നില്‍ ദയവായി കരുണയുടെ കരം നീട്ടണമെയെന്ന് യാചിക്കുകയാണ്. ഓരോ കൊച്ചു സഹായം ഈ സഹോദരന് വലിയ ഒരു കൈത്താങ്ങ് ആകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.
നമ്മുടെ ഈ സഹോദരനേ ചേര്‍ത്തുപിടിച്ച് സഹായിക്കാം, ഒപ്പം നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
അക്കൌണ്ട് വിവരങ്ങള്‍ |