Content |
യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടു പോകാൻ ബ്രിട്ടൻ തീരുമാനമെടുത്തതിനു ശേഷം സംജാതമായിട്ടുള്ള ഗുരുതരമായ പ്രതിസന്ധിയിൽ കർദ്ദിനാൾ നിക്കോൾസ് ഉത്ക്കണ്ട രേഖപ്പെടുത്തി. ബ്രിട്ടനിൽ പലയിടങ്ങളിലും വംശീയ സംഘർഷം ഉയരന്നു വരുന്നത് കർശനമായി നേരിടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലണ്ടനിലെ പോളീഷ് സാംസ്ക്കാരിക കേന്ദ്രത്തിൽ അപലപനീയമായ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതും, കുടിയേറ്റക്കാരെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ന്യൂകാസിലിൽ നാഷണൽ ഫ്രണ്ടിന്റെ പ്രവർത്തകർ ബാനർ പ്രദർശിപ്പിച്ചതും, വളർന്നു വരുന്ന അസഹിഷ്ണുതയുടെ ലക്ഷണങ്ങളാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇംഗ്ലണ്ടിലെയും വെയിൽസിലേയും ബിഷപ്‌സ് കോൺഫ്രൻസിന്റെ പ്രസിഡന്റായ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് ചൊവ്വാഴ്ച്ച പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബ്രിട്ടനിൽ രൂപമെടുത്ത പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ, സമാധാനപരമായ ഒരു മാർഗ്ഗത്തിനായി നാമെല്ലാം ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു.
ഹാമ്മർ സ്മിത്തിൽ പോളീഷ് സമുദായത്തിനുണ്ടായ ദുരനുഭവവും ന്യൂകാസിലിൽ തങ്ങൾക്കെതിരായ ബാനർ അഭിമുഖീകരിക്കേണ്ടി വന്ന മനുഷ്യരുടെ അരക്ഷിതാവസ്ഥയും നമ്മൾ കാണാതിരിക്കരുത് എന്ന് അദ്ദേഹം പ്രസ്താവനയിൽ സൂചിപ്പിച്ചു.
വംശീയവിദ്വേഷം നമ്മുടെ സംസ്ക്കാരത്തിന് യോജിച്ചതല്ല, അത് ബ്രിട്ടൻ വെച്ചുപൊറുപ്പിക്കുകയില്ല, അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിർഭാഗ്യ സംഭവങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
"നമ്മുടെ ജീവിതം കുരിശിന്റെ കാലടിയിൽ സമർപ്പിക്കപ്പെട്ടതാണ്. യേശുവിന്റെ കരങ്ങളാണ് നമ്മെ നയിക്കുന്നത്.
നമ്മുടെ ജീവിതത്തിന്റെ പരിധി നിശ്ചയിക്കുന്നത് പക്ഷേ നമ്മൾ തന്നെയാണ്. ആ പരിധിയിൽ ജീവിത മൂല്യങ്ങൾ നിറയ്ക്കേണ്ടതും നമ്മുടെ കടമയാണ്. ദൈവ സമക്ഷം ജീവിക്കുന്നവർക്ക് ആ മൂല്യങ്ങൾ ഉണ്ടായിരിക്കും."
സമൂഹത്തിലും ഭരണ കേന്ദ്രത്തിലും തങ്ങളുടെ ശബ്ദം എത്തിക്കാൻ കഴിയാത്ത ഒരു വിഭാഗം ഇവിടെ ജീവിക്കുന്നുണ്ട്. അവരുടെ ശബ്ദം ശ്രവിക്കാൻ സാമൂഹ്യ - രാഷ്ട്രീയ ഭരണാധികൾ തയ്യാറാകണം എന്ന് അദ്ദേഹം നേതാക്കളെ ഓർമിപ്പിച്ചു. രാജ്യത്തിന്റെ നന്മയിൽ നിന്നും ആരെയും ഒഴിവാക്കാനാവില്ല.
എല്ലാവർക്കും വേണ്ടി സംസാരിക്കുക എന്നതാണ് മത-സാമൂഹ്യ-രാഷ്ട്രീയ നേതാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ,അദ്ദേഹം പറഞ്ഞു.
ഒരു ജനഹിതപരിശോധനാഫലം രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്നു എങ്കിൽ, അന്താരാഷട്ര സമൂഹത്തിൽ നാം ബലഹീനരായി തീരും; അന്താരാഷ്ട്ര പ്രശ്നങ്ങളിലെ നമ്മുടെ രാജ്യത്തിന്റെ നിലപാടുകൾക്ക് ധാർമ്മികതയുടെ അടിത്തറ ഇല്ലാതാകും; സംസ്ക്കാരവും ധാർമ്മികതയും നഷ്ട്ടപ്പെട്ട ഒരു ചെറിയ രാജ്യമായി ബ്രിട്ടൻ അധ:പ്പതിക്കും. അങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ ബ്രിട്ടൻ വിഭാഗീയ ചിന്തകൾ ഉപേക്ഷിച്ച് മുന്നേറണമെന്ന് കർദ്ദിനാൾ വിൻസന്റ് നിക്കോൾ സ് തന്റെ പ്രസ്താവനയിൽ ജനങ്ങളോട് ഉത്ബോധിപ്പിച്ചു. |