Content | 1,12-13: ഈശോയ്ക്കുണ്ടായ പ്രലോഭനം (മത്താ 4,1-11) (ലൂക്കാ 4,1-13)
12 ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. 13 സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവന്‍ മരുഭൂമിയില്‍ വസിച്ചു. അവന്‍ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു.
ക്രിസോസ്‌തോം: അരൂപി അവനെ നഗരത്തിലേക്കോ മൈതാനത്തിലേക്കോ അല്ല, മരുഭൂമിയിലേക്കാണ് നയിച്ചത്. അവിടത്തെ നിര്‍ജനതയില്‍ ഈശോയെ പരീക്ഷിക്കാന്‍ സാത്താന് ഒരവസരം അനുവദിക്കപ്പെട്ടു. അവിടെവച്ച് വിശപ്പിനാല്‍ മാത്രമല്ല ഏകാന്തതയാലും അവന്‍ പരീക്ഷിക്കപ്പെട്ടു. എന്തെന്നാല്‍, ഏകാന്തതയിലാണ് സാത്താന്‍ നമ്മെ മുഖ്യമായും വേട്ടയാടുന്നത്. ഒരിക്കല്‍ അവന്‍ ഹവ്വായെ നേരിട്ടതും വീഴ്ത്തിയതും അവള്‍ ഭര്‍ത്താവില്‍ നിന്നകന്ന് ഏകാന്തതയിലായിരുന്നപ്പോഴാണ് (The Gospel of St. Matthew, Homily 13.1).
പ്രേരണ, ആനന്ദം, സമ്മതം
മഹാനായ ഗ്രിഗറി: പ്രേരണ, ആനന്ദം, സമ്മതം എന്നീ പടികളിലൂടെയാണ് പ്രലോഭനം തന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്. ഇച്ഛയിലൂടെയും സമ്മതത്തിലൂടെയുമാണ് നാം പ്രലോഭനത്തില്‍ വീഴുന്നത്. നമ്മുടെ ഉള്ളിലുള്ള ജഡികാശകള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു. എന്നാല്‍ കന്യകയുടെ ഉദരത്തില്‍ അവതരിച്ച ദൈവം പാപമെന്യേ ഭൂലോകജാതനായതിനാല്‍ സംഘര്‍ഷരഹിതനാണ്. അവിടുന്ന് പ്രേരണയാല്‍ പ്രലോഭിതനായേക്കാമെങ്കിലും ആസ്വാദ്യതയുടെ പാപം അവിടുത്തെ മനസ്സിനെ സ്പര്‍ശിക്കുന്നില്ല. ഇപ്രകാരം സാത്താന്റെ ഈ പ്രലോഭനങ്ങള്‍ ഈശോയുടെ ഉള്ളില്‍ പ്രവേശിച്ചില്ല; പുറമേ നിന്ന് പോരാടിയതേയുള്ളൂ (On the Gospel of the Sunday Sermon 16).
പ്രലോഭനങ്ങള്‍ പിന്തുടരുന്നു
ബീഡ്: തന്റെ സ്‌നാനം കഴിഞ്ഞയുടനെ നമ്മുടെ കര്‍ത്താവ് നാല്‍പ്പതുദിസം സ്വമനസ്സാ ഉപവസിച്ചു. മാമ്മോദീസയില്‍ പാപങ്ങളുടെ മോചനം നേടുന്നവര്‍ ജാഗരണം, ഉപവാസം, പ്രാര്‍ത്ഥന, ആത്മീയഫലം പുറപ്പെടുവിക്കുന്ന മറ്റ് പ്രവൃത്തികള്‍ തുടങ്ങിയവയില്‍ ശ്രദ്ധ ചെലുത്തണമെന്ന് ഈശോ മാതൃകവഴി പഠിപ്പിച്ചു. അല്ലെങ്കില്‍ നമ്മള്‍ അലസരും ജാഗ്രതയില്ലാത്തവരുമായിത്തീരുകയും മാമ്മോദീസാ വേളയില്‍ നമ്മുടെ ഹൃദയത്തില്‍നിന്നു ബഹിഷ്‌കൃതമാകുന്ന അശുദ്ധാരൂപികള്‍ തിരിച്ചുവരികയും ചെയ്യും. ആത്മീയ ധനമില്ലാത്തവരായി അവ നമ്മെ കണ്ടെത്തുകയും ഏഴ് കൊടിയ വ്യാധികളാല്‍ നമ്മെ ഞെരുക്കുകയും നമ്മുടെ അവസാനസ്ഥിതി ആദ്യത്തേക്കാള്‍ മോശമാവുകയും ചെയ്യും (മത്താ 12,43-45). തീരംതേടിയുള്ള നമ്മുടെ ഈ പുതിയ തീര്‍ത്ഥാടനത്തില്‍ യാനപാത്രം തകര്‍ക്കാനിടയാക്കുന്ന പഴയ ദുരാശകളുടെയും ദുശാഠ്യങ്ങളുടെയും അഗ്നി പുനര്‍ജ്വലിക്കാതിരിക്കാന്‍ കരുതല്‍ വേണം. പറുദീസായുടെ കവാടത്തിലെ അഗ്നികൊണ്ടുള്ള വാള്‍, എത്ര ഭീകരമാണെങ്കിലും ശരി, വിശ്വാസിക്ക് മാമ്മോദീസായുടെ ഉറവയാല്‍ അത് കെടുത്തപ്പെടുന്നു. എന്നാല്‍ അവിശ്വാസിക്കാകട്ടെ, അത് ഭയാനകവും മറികടക്കാനാവാത്തതുമാണ്. മാമ്മോദീസായ്ക്കുശേഷം നിരന്തരം പാപത്തില്‍ മുഴുകുന്ന കപട വിശ്വാസിക്കും അങ്ങനെതന്നെ. അവരെ സംബന്ധിച്ചിടത്തോളം മാമ്മോദീസായില്‍ അണയ്ക്കപ്പെട്ട അഗ്നി വീണ്ടും ജ്വലിപ്പിക്കപ്പെട്ടതുപോലെയാണ് (Homilies on the Gospels 1.12).
1,14-20: ആദ്യശിഷ്യന്മാരെ വിളിക്കുന്നു
(മത്താ 4,12-22) (ലൂക്കാ 4,14-5,11)
14 യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ ഈശോ ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. 15 അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍. 16 അവന്‍ ഗലീലിക്കടല്‍ത്തീരത്തുകൂടെ കടന്നുപോകുമ്പോള്‍, ശിമയോനെയും അവന്റെ സഹോദരന്‍ അന്ത്രയോസിനെയും കണ്ടു. മീന്‍ പിടിത്തക്കാരായ അവര്‍ കടലില്‍ വലയെറിയുകയായിരുന്നു. 17 ഈശോ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. 18 ഉടനെ വലയുപേക്ഷിച്ച്, അവര്‍ അവനെ അനുഗമിച്ചു. 19 കുറച്ചുദൂരംകൂടി പോയപ്പോള്‍ സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുക യായിരുന്നു. 20 ഉടനെ അവന്‍ അവരെയും വിളിച്ചു. അവര്‍ പിതാവായ സെബദിയെ സേവകരോടൊപ്പം വള്ളത്തില്‍ വിട്ട് അവനെ അനുഗമിച്ചു.
1,15: അനുതപിക്കുക, വിശ്വസിക്കുക
ജറോം: വേരിന്റെ കയ്പ്പ് ഫലത്തിന്റെ മധുരത്താല്‍ പരിഹരിക്കപ്പെടുന്നു. ലാഭത്തെക്കുറിച്ചു ള്ള ചിന്ത കടല്‍യാത്രയുടെ മനംപിരട്ടല്‍ മറക്കാന്‍ ഇടയാക്കുന്നു. ആരോഗ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ മരുന്നിന്റെ കയ്പ്പ് സഹിക്കാന്‍ മനുഷ്യനെ സഹായിക്കുന്നു. അകക്കാമ്പ് തേടുന്നവന്‍ പുറംതോട് പൊട്ടിക്കുന്നു. നിര്‍മ്മലമായ മനസ്സാക്ഷിയുടെ ആനന്ദം ആഗ്രഹിക്കുന്നവന്‍ തപശ്ചര്യയുടെ കയ്പ്പ് ഭക്ഷിക്കുന്നു (Commentary on the Gospels).
1,16: അസാധാരണ ദൗത്യത്തിന്
അതിസാധാരണ മനുഷ്യര്‍
എവുസേബിയൂസ്: സമൂഹത്തിലെ താഴ്ന്നവരും ദരിദ്രരുമായിരുന്ന മുക്കുവരോട് ചങ്ങാത്തംകൂടിയ സര്‍വ്വശക്തനായ ദൈവത്തിന്റെ പ്രഭാവത്തെയും പ്രകൃതിയെയുംകുറിച്ച് ചിന്തിക്കുവിന്‍. ദൈവികദൗത്യം നിറവേറ്റാന്‍ അവര്‍ നിയോഗിക്കപ്പെട്ടത് എല്ലാ ചിന്താശക്തിയെയും സ്തബ്ധമാക്കുന്നു. തന്റെ പ്രബോധനങ്ങളും കല്‍പ്പനകളും ലോകമെങ്ങും പ്രഘോഷിക്കാനുള്ള പദ്ധതി മെനഞ്ഞപ്പോള്‍, സര്‍വ്വശക്തനായ ഏകദൈവം അതിന് കരുക്കളാകാന്‍ ഏറ്റവും സാധാരണക്കാരെയും ജ്ഞാനികളല്ലാത്തവരെയും തിതരഞ്ഞെടുത്തു. സംസാരപാടവമില്ലാത്തവനെ അദ്ധ്യാപകനായി നിയമിച്ചാല്‍, ഒരുകൂട്ടമാളുകളെയല്ല, ഒരാളെപ്പോലും പഠിപ്പിക്കാന്‍ അയാള്‍ക്ക് എളുപ്പമായിരിക്കില്ല. വിദ്യാഭ്യാസം നേടാത്ത അവര്‍ എങ്ങനെ ജനതകളെ പഠിപ്പിക്കും? അവന്‍ അവരെ തന്റെ അനുയായികളായി വിളിച്ചപ്പോള്‍ ദൈവികശക്തി അവരില്‍ നിശ്വസിക്കുകയും ശക്തിയും ധൈര്യവും അവരില്‍ നിറയ്ക്കുകയും ചെയ്തു. ദൈവംതന്നെയായ അവിടുന്ന് ദൈവത്തിന്റെ സത്യവചനങ്ങള്‍ തന്റേതായ രീതിയില്‍ അവരോടു സംസാരിക്കുകയും അതുവഴി വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തു. ''എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കാം'' (മര്‍ക്കോ 1,17; മത്താ 4,19) എന്നരുളിച്ചെയ്തുകൊണ്ട് അവര്‍ക്ക് അധികാരവും ശക്തിയും നല്‍കുകയും ബുദ്ധിമാന്‍മാരെയും ചിന്താശീലരെയും പിന്തുടര്‍ന്ന് സ്വാധീനിക്കാന്‍ കഴിവുറ്റവരാക്കുകയും ചെയ്തു. ഇങ്ങനെ ശക്തിപ്പെടുത്തികൊണ്ട് അവരെ വിശുദ്ധിയുടെ പ്രബോധകരും പരിശീലകരുമായി എല്ലാ ജനതകളിലേക്കും അവിടുന്ന് അയച്ചു. തന്റെ പ്രബോധനത്തിന്റെ പ്രഘോഷകരായി അവരെ പ്രഖ്യാപിക്കുകയും ചെയ്തു (Proof of the Gospel 3.7).
1,17: ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കാം
ഒരിജന്‍: വളരെ ചുരുങ്ങിയ കാലംകൊണ്ട് ക്രിസ്തുമതം വളര്‍ന്നു പന്തലിച്ചു. വിശ്വാസികളനുഭവിച്ച ഞെരുക്കങ്ങളും രക്തസാക്ഷിത്വവും വസ്തുവകകളുടെ കണ്ടുകെട്ടലും മറ്റെല്ലാ ശാരീരിക പീഡനങ്ങളും സഭയുടെ വളര്‍ച്ചയ്ക്കാണ് വഴിവച്ചത്. ഈ മതത്തിന്റെ പ്രഘോഷകര്‍ സമര്‍ത്ഥരോ എണ്ണത്തില്‍ അധികമുള്ളവരോ അല്ലാതിരുന്നതിനാല്‍ ഈ വളര്‍ച്ച പ്രത്യേകം ശ്രദ്ധേയമാണ്. ഈ പ്രതികൂല സാഹചര്യങ്ങള്‍ ക്കിടയിലും വചനം ''ലോകമെങ്ങും പ്രഘോഷിക്കപ്പെട്ടു'' (മത്താ 24,14). ഗ്രീക്കുകാരും അപരിഷ്‌കൃ തരും ജ്ഞാനികളും വിദ്യാവിഹീനരും ക്രിസ്തുമതത്തെ ആശ്ലേഷിച്ചു (റോമാ 1,14). മാനുഷിക ശക്തികൊണ്ടോ ശേഷികൊണ്ടോ അല്ല മിശിഹായുടെ വചനം അധികാരത്തോടും വിശ്വാസ്യതയോടുംകൂടി മനുഷ്യഹൃദയങ്ങളില്‍ തഴച്ചുവളര്‍ന്നതെന്ന് ഇതില്‍നിന്നും വ്യക്തമാണ് (On First Principles 4.1.2).
ശിഷ്യന്മാരുടെ വൈമനസ്യം
എവുസേബിയൂസ്: ''ഇതു ഞങ്ങള്‍ ക്കെങ്ങനെ ചെയ്യാന്‍ കഴിയും'' എന്ന് ശിഷ്യന്‍മാര്‍ ചോദിച്ചിട്ടുണ്ടാകണം. ''റോമാക്കാരോട് ഞങ്ങള്‍ എങ്ങനെ പ്രസംഗിക്കും? ഈജിപ്തുകാരോട് ഞങ്ങള്‍ എങ്ങനെ ന്യായവാദം നടത്തും? ഞങ്ങള്‍ക്കറിയാവുന്നത് സുറിയാനി (അറമായ) ഭാഷ മാത്രമാണ്. ഗ്രീക്കുകാരോട് ഞങ്ങള്‍ ഏതു ഭാഷയില്‍ സംസാരിക്കും. പേര്‍ഷ്യക്കാര്‍, അര്‍മേനിയക്കാര്‍, കല്‍ദായര്‍, സിഥിയര്‍, ഇന്ത്യാക്കാര്‍ എന്നിവരെയും മറ്റു വിദൂരദേശക്കാരെയും അവരുടെ കുലദേവതകളെ ഉപേക്ഷിക്കാനും എല്ലാറ്റിന്റെയും സ്രഷ്ടാവിനെ ആരാധിക്കാനും പ്രേരിപ്പിക്കാന്‍ ഞങ്ങള്‍ക്കെങ്ങനെ കഴിയും? ഇക്കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്കെന്ത് പ്രസംഗ വൈദഗ്ദ്ധ്യമുണ്ട്? യുഗയുഗാന്തരങ്ങളായി ജനതകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന, ദേവന്‍മാരെ സംബന്ധിച്ച നിയമങ്ങള്‍ക്ക് നേരേ വിരുദ്ധമായവ പഠിപ്പിച്ചാല്‍ ഞങ്ങള്‍ക്ക് വിജയം പ്രതീക്ഷിക്കാമോ? ഈ സാഹസത്തിനുള്ള ശക്തി ഞങ്ങള്‍ക്കെവിടെനിന്നു ലഭിക്കും''? (The Proof of the Gospel 3.7).
1,18: പിന്നില്‍ ഉപേക്ഷിക്കേണ്ടവ
തെര്‍ത്തുല്യന്‍: ഉറ്റവരുടെയും ഉടയവരുടെയും ഉപജീവനത്തിനുവേണ്ടി നിങ്ങളേര്‍പ്പെട്ടിരിക്കുന്ന തൊഴിലിനെ വിട്ടുപേക്ഷിക്കാന്‍ നിങ്ങള്‍ വിമുഖരാണോ? എത്ര ഉറ്റ ബന്ധങ്ങളും തൊഴിലും വൈദഗ്ദ്ധ്യവും ആയാലും കര്‍ത്താവിനെപ്രതി ഉപേക്ഷിക്കണമെന്ന് തിരുലിഖിതം പഠിപ്പിക്കുന്നു. യാക്കോബും യോഹന്നാനും മിശിഹായാല്‍ വിളിക്കപ്പെട്ട ഉടനെ പിതാവിനെയും വള്ളത്തെയും വിട്ടുപേക്ഷിച്ചു (മത്താ 4,21-22; മര്‍ക്കോ 1,19-20; ലൂക്കാ 5,10-11). മത്തായി ചുങ്കസ്ഥലത്തോട് വിടപറഞ്ഞു (മത്താ 9,9; മര്‍ക്കോ 2,14; ലൂക്കാ 5,28). വിശ്വാസവുമായി തുലനം ചെയ്യുമ്പോള്‍ പിതാവിനെ സംസ്‌കരിക്കുന്നതുപോലും ഒരടിയന്തിര കാര്യമല്ല (ലൂക്കാ 9,59-60). കര്‍ത്താവ് തിരഞ്ഞെടുത്ത ഒരാള്‍പോലും ''എനിക്കു ജീവിതമാര്‍ഗമില്ല'' എന്നു പറഞ്ഞില്ല (On Idolatory 12).
മിശിഹായ്ക്കിടമൊരുക്കുക
ആഗസ്തീനോസ്: അന്നുമുതല്‍ ഒരിക്കലും വേര്‍പിരിയാത്തവിധം അവര്‍ ഈശോയുടെകൂടെ നടന്നു. നമ്മുടെ ഹൃദയങ്ങളില്‍ അവനുവേണ്ടി ഒരു ഭവനം തീര്‍ക്കുകയും അവന്‍ കടന്നുവന്ന് നമ്മെ പഠിപ്പിക്കുന്നതിനായി ഒരിടമൊരുക്കുകയും ചെയ്യാം (Tractates on John 7.9.2,3).
1,20: നിരസിക്കാനാവാത്ത ക്ഷണം
ജറോം: രക്ഷകന്റെ മുഖത്ത് ദൈവികമായ ഒരു തേജോശക്തി ഉണ്ടായിരുന്നിരിക്കണം. അല്ലാ യിരുന്നെങ്കില്‍, തങ്ങള്‍ ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത ഒരുവനെ പിന്തുടരാന്‍ ശിഷ്യന്മാര്‍ മുതിരുകയില്ലായിരുന്നു. പുറമേ, തന്റെ പിതാവിനെക്കാള്‍ ആകര്‍ഷകമായും വ്യത്യസ്തമായും ഒന്നുമില്ലാത്ത ഒരുവനെ അനുഗമിക്കാന്‍വേണ്ടി സ്വപിതാവിനെ വിട്ടുപേക്ഷിക്കാന്‍ ശിഷ്യന്‍ തുനിയുമായിരുന്നോ? അരൂപിപ്രകാരമുള്ള പിതാവിനെ പിന്‍തുടരാന്‍ വേണ്ടി ജഡപ്രകാരമുള്ള പിതാവിനെ അവര്‍ ത്യജിച്ചു. ഒരു പിതാവിനെ വിട്ടകന്നു എന്നതിനെക്കാള്‍ അവര്‍ ഒരു പിതാവിനെ കണ്ടെത്തി എന്നതാണ് സത്യം. ആര്‍ക്കും എതിര്‍ത്തു നില്‍ക്കാനാവാത്ത ചൈതന്യം രക്ഷകന്റെ മുഖത്തുണ്ടായിരുന്നുവെന്നാണ് ഇതിനര്‍ത്ഥം (Homily 83).
എല്ലാറ്റിലുംനിന്ന് വിട്ടകലുക
ബേസില്‍: ഭൗതിക വസ്തുക്കളില്‍നിന്നെല്ലാം അതായത്, സ്വത്ത്, സ്ഥാനമാനങ്ങള്‍, സാമൂഹികാന്തസ്സ്, വ്യര്‍ത്ഥാഭിലാഷങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം വിട്ടകന്നുകൊണ്ട് കര്‍ത്താവിന്റെ ശിഷ്യര്‍ ചെയ്തതുപോലെ നമുക്കും ഒരു പുതിയ തുടക്കമിടാം. യാക്കോബും യോഹന്നാനും തങ്ങളുടെ പിതാവിനെയും ഏക ഉപജീവനോപാധിയായിരുന്ന വഞ്ചിയും ഉപേക്ഷിച്ചു (മര്‍ക്കോ 1,20). മത്തായി ചുങ്കസ്ഥലത്തുനിന്നെഴുന്നേറ്റ് കര്‍ത്താവിനെ അനുഗമിച്ചപ്പോള്‍ തനിക്കു ലഭിക്കാമായിരുന്ന ലാഭം ഉപേക്ഷിക്കുക മാത്രമല്ല ചെയ്തത്. ചുങ്കക്കണക്ക് പൂര്‍ണ്ണമല്ലാത്തവിധം കാണപ്പെടുന്നതിനാല്‍ തനിക്കും തന്റെ കുടുംബത്തിനുംമേല്‍ ഭരണാധികാരികളില്‍നിന്നുണ്ടാകാവുന്ന വിപത്തുകളെ കണക്കിലെടുക്കുകയും ചെയ്തില്ല (മത്താ 9,9). ലോകം തനിക്കും താന്‍ ലോകത്തിനും ക്രൂശിതനായിത്തീര്‍ന്നിരിക്കുന്നുവെന്ന് പൗലോസ് പറയുന്നു (ഗലാ 6,14). മിശിഹായെ പിന്‍ചെല്ലാനുള്ള ആഗ്രഹത്താല്‍ ഗ്രസിക്കപ്പെടുന്നവര്‍ക്ക് ഈ ലോകത്തിന്റെ കാര്യങ്ങളില്‍ മുഴുകാനോ കര്‍ത്താവിന്റെ വിളിക്ക് പ്രതിബന്ധമാകത്തക്ക വിധത്തില്‍ ഉറ്റവരുമായുള്ള ബന്ധത്തെ പുല്‍കാനോ കഴിയുകയില്ല (The Long Rules, Question 8).
1,21-28: ഈശോ കഫര്‍ണാമിലെ സിനഗോഗില്‍
(ലൂക്കാ 4,31-37)
21 അവര്‍ കഫര്‍ണാമില്‍ എത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിച്ചു. 22 അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാരമുളളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്. 23 അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. 24 അവന്‍ അലറി: നസറായനായ ഈശോയേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം - ദൈവത്തിന്റെ പരിശുദ്ധന്‍. 25 ഈശോ അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക. 26 അശുദ്ധാത്മാവ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു. 27 എല്ലാവരും അത്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു: ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്ധാത്മാക്കളോടുപോലും അവന്‍ ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു. 28 അവന്റെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു.
1,24മ: നസറായനായ ഈശോ
ബീഡ്: മരണം ലോകത്തിലേക്കു പ്രവേശിച്ചത് സാത്താന്റെ അസൂയമൂലമായതിനാല്‍ (ഉത്പ 3,15) രക്ഷയുടെ ഔഷധം ആദ്യം അവനെതിരെ പ്രവര്‍ത്തിക്കുക ഉചിതമായിരുന്നു. രക്ഷകന്റെ സാന്നിധ്യംതന്നെ പിശാചുക്കള്‍ക്ക് പീഡയാകുന്നു (Exposition on the Gospel of Mark 1,1-25).
1,24യ: പെട്ടെന്നുള്ള നാശത്തിലേക്ക്
ആഗസ്തീനോസ്: ഈശോമിശിഹാ വരുമെന്ന് അശുദ്ധാരൂപികള്‍ അറിഞ്ഞിരുന്നു. മാലാഖമാരില്‍നിന്നും പ്രവാചകന്‍മാരില്‍നിന്നും അവര്‍ ഇത് കേട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ ഇപ്രകാരം വിളിച്ചുപറഞ്ഞത്: ''ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്ത്? സമയത്തിനു മുമ്പേ ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീയാരാണെന്ന് ഞങ്ങള്‍ക്കറിയാം - ദൈവത്തിന്റെ പരിശുദ്ധന്‍'' (മത്താ 8,29; മര്‍ക്കോ 1,24; ലൂക്കാ 4,34) (Tractates on John 7.6.2).
1,24ര: പിശാചുക്കളുടെ ഏറ്റുപറച്ചില്‍
ഇരണേവൂസ്: ദൈവപുത്രനെ കണ്ടപ്പോള്‍ പിശാചുക്കള്‍പോലും വിളിച്ചുപറഞ്ഞു: ''നീയാരാണെന്ന് ഞങ്ങള്‍ക്കറിയാം. ദൈവത്തിന്റെ പരിശുദ്ധന്‍'' (മത്താ 4,3; ലൂക്കാ 4,3). അവയെല്ലാം പിതാവിനെയും പുത്രനെയും ഏറ്റുപറഞ്ഞുവെങ്കിലും അവരില്‍ വിശ്വസിച്ചില്ല. എല്ലാവരിലുംനിന്നുമുള്ള സാക്ഷ്യം സത്യത്തിനു ലഭിക്കുക ഉചിതമായിരുന്നു. ഈ സത്യമാണ് വിശ്വാസിക്കു രക്ഷയ്ക്കും വിശ്വസിക്കാത്തവര്‍ക്കു നാശത്തിനുമായുള്ള വിധിയുടെ അടിസ്ഥാനമാകേണ്ടത്. ഏതൊരുവനും രക്ഷപ്രാപിക്കാനുള്ള മാര്‍ഗം പിതാവിലും പുത്രനിലും വിശ്വസിക്കുകയാണ്. അതിനാവശ്യമായ സാക്ഷ്യം രക്ഷയുടെ മിത്രങ്ങളില്‍ നിന്നോ ശത്രുക്കളില്‍ നിന്നോ സ്വീകരിക്കുവാന്‍ കഴിയും. എന്തെന്നാല്‍ ശത്രുക്കളില്‍നിന്നു ലഭിക്കുന്ന സാക്ഷ്യം സത്യത്തിന്റെ വിശ്വാസ്യതയെ ഇരട്ടിപ്പിക്കുന്നു (Against Heresies 4.6.6-7).
നിര്‍ബന്ധത്താലുള്ള ഏറ്റുപറച്ചില്‍
ക്രിസോസ്‌തോം: പിശാചുക്കള്‍ ദൈവനാമം വിളിക്കാറുണ്ടോ? അവര്‍ ഒരിക്കല്‍ ഏറ്റുപറഞ്ഞില്ലേ: ''നീയാരാണെന്ന് ഞങ്ങള്‍ക്കറിയാം, ദൈവത്തിന്റെ പരിശുദ്ധന്‍'' (മര്‍ക്കോ 1,24; ലൂക്കാ 4,34). പൗലോസിനെയും കൂടെയുണ്ടായിരുന്നവരെയും കുറിച്ച് അവര്‍ പറഞ്ഞില്ലേ, ''ഇവര്‍ അത്യുന്നത ദൈവത്തിന്റെ ദാസന്മാരാണ്'' (നടപടി 16,17). പിശാചുക്കള്‍ ദൈവനാമം വിളിക്കുന്നു, പ്രഹരിക്കപ്പെടുമ്പോള്‍ മാത്രം! നിര്‍ബന്ധ പ്രേരണയാലല്ലാതെ, സ്വമനസ്സാ അവ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല (Homilies on First Corinthians 29.3).
മനസ്സില്ലാമനസ്സോടെ ഏറ്റുപറയുന്നു
അംബ്രോസ്: സാത്താന്റെ സാക്ഷ്യം ഞാന്‍ സ്വീകരിക്കുന്നില്ല. എന്നാല്‍ അവന്‍ ഏറ്റുപറഞ്ഞ വയെ ഞാന്‍ വിലമതിക്കുന്നു. അവന്‍ സാക്ഷ്യം നല്‍കിയത് മനസ്സില്ലാമനസ്സോടെയും പ്രേരണ യ്ക്കു വഴങ്ങിയും പ്രഹരങ്ങള്‍ക്കു വിധേയപ്പെട്ടുമാണ് (Letter 22, To His Sister).
സാത്താന്റെയും പത്രോസിന്റെയും ഏറ്റുപറച്ചിലുകള്‍
ആഗസ്തീനോസ്: ''നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു'' എന്ന് ഏറ്റുപറഞ്ഞപ്പോള്‍ പത്രോസ് പ്രശംസിക്കപ്പെടുകയും അനുഗൃഹീതനെന്ന് വിളിക്കപ്പെടുകയും ചെയ്തു. അധരംകൊണ്ട് ഏറ്റുപറഞ്ഞതുകൊണ്ടു മാത്രമല്ല, ഹൃദയംകൊണ്ട് സ്‌നേഹിച്ചതുകൊണ്ടുമാണ് അവന്‍ പ്രശംസനീയനായത്. പത്രോസിന്റെ ഏറ്റു പറച്ചിലിനെ പിശാചുക്കളുടെ വാക്കുകളുമായി താരതമ്യം ചെയ്താല്‍ രണ്ടും ഏറെക്കുറെ തുല്യ മാണെന്ന് കാണാം. എങ്കിലും വ്യത്യാസമുണ്ട്. പത്രോസ് സ്‌നേഹത്താല്‍ പ്രചോദിതനായി ഏററുപറഞ്ഞു. പിശാചുക്കളാകട്ടെ ഭയത്താല്‍ പ്രേരിതരായാണ് ഏറ്റുപറഞ്ഞത്. പിശാചുക്കളും ഭയന്നുവിറച്ച് വിശ്വാസം ഏററുപറയുന്നുവെങ്കില്‍ യഥാര്‍ത്ഥ വിശ്വാസത്തെ എങ്ങനെ തിരിച്ചറിയും? സ്‌നേഹത്താല്‍ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാ സം മാത്രമാണ് യഥാര്‍ത്ഥ വിശ്വാസം (Sermons on New Testamemnt Lessons 40.8).
സ്‌നേഹരഹിതമായ അറിവ്
ആഗസ്തീനോസ്: പിശാചുക്കള്‍ വന്‍കാര്യങ്ങള്‍ അറിഞ്ഞിരുന്നു; പക്ഷേ, അവയ്ക്ക് സ്‌നേഹം അല്‍പ്പംപോലും ഉണ്ടായിരുന്നില്ല. അവ ഈശോയില്‍ നിന്നുള്ള ശിക്ഷയെ ഭയപ്പെട്ടു. അവനിലുള്ള നീതിയെ (ധര്‍മ്മനിഷ്ഠയെ- ഞശഴവലേീൗിെല)ൈ അവ സ്‌നേഹിച്ചില്ല. താനാഗ്രഹിച്ചിടത്തോളം അവന്‍ തന്നെത്തന്നെ അവയ്ക്കു മനസ്സിലാക്കിക്കൊടുത്തു. എന്നാല്‍ നിത്യതയില്‍ പങ്കാളിത്തം നല്‍കപ്പെട്ട മാലാഖമാര്‍ക്കു വെളിപ്പെടുത്തിയത്രയും അവയ്ക്കു വെളിപ്പെടുത്തപ്പെട്ടില്ല. നിത്യയാഥാര്‍ത്ഥ്യവും യഥാര്‍ത്ഥത്തില്‍ നിത്യവുമായ തന്റെ രാജ്യത്തിനും അതിന്റെ മഹിമയ്ക്കുംവേണ്ടി മുന്‍കൂട്ടി തിരഞ്ഞെടുക്കപ്പെട്ടവരെ പിശാചുക്കളുടെ അധീനതയില്‍നിന്നു മോചിപ്പിക്കത്തക്കവിധത്തില്‍ അവയില്‍ ഭയമുളവാക്കുമാറ് അവന്‍ തന്നെ ത്തന്നെ അവയ്ക്കു വെളിവാക്കി. അതായത് അവന്‍ പിശാചുക്കള്‍ക്ക് നിത്യജീവനായോ അചഞ്ചല പ്രകാശമായോ വെളിപ്പെടുത്തിയില്ല. മനുഷ്യന്റെ ദുര്‍ബലമായ ഗ്രഹണശക്തിക്കെന്നതിനേക്കാള്‍ കൊടിയ ദുഷ്ടാരൂപികളുടെ സംവേദനശക്തിക്ക് ഗ്രഹിക്കാന്‍ കഴിയുന്നവിധത്തില്‍, തന്റെ അദൃശ്യസാന്നിധ്യത്തിന്റെ അടയാളമെന്ന നിലയില്‍, ഭൗതികമായ പ്രഹരങ്ങളേല്‍പ്പിച്ചു (City of God 9,21).
സ്‌നേഹരഹിതമായ ഏറ്റുപറച്ചില്‍
ആഗസ്തീനോസ്: വിശ്വാസത്തിന് ശക്തിയുണ്ടെങ്കിലും സ്‌നേഹത്തോടെയുള്ളതല്ലെങ്കില്‍ അത് നിഷ്ഫലമാണ്. പിശാചുക്കള്‍ മിശിഹായെ ഏറ്റുപറഞ്ഞെങ്കിലും സ്‌നേഹമില്ലാതിരുന്നതിനാല്‍ അവര്‍ക്ക് അത് പ്രയോജനപ്പെട്ടില്ല. അവര്‍ പറ ഞ്ഞു: ''ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്ത്''? വിശ്വാസത്തിന്റേത് എന്ന് ഒരു രീതിയില്‍ കരുതാവുന്ന ഏറ്റുപറച്ചില്‍ അവ നടത്തിയെങ്കിലും അത് സ്‌നേഹരഹിതമായിരുന്നു. അതിനാല്‍ അവര്‍ പിശാചുക്കള്‍ എന്ന് വിളിക്കപ്പെടുന്നു. പിശാചുക്കളുടേതിനു തുല്യമായ വിശ്വാസത്തിന്റെ പേരില്‍ നിങ്ങള്‍ ഔദ്ധത്യം ഭാവിക്കരുത് (Tractates on John 6,21).
1,25: നാവിന് കടിഞ്ഞാണിടുന്നു
അത്തനാസിയൂസ്: ശവക്കല്ലറകള്‍ക്കിടയില്‍ നിന്നുമിറങ്ങി ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് തന്റെ പിന്നാലെ വന്ന പിശാചുക്കളുടെ അധര ങ്ങള്‍ക്ക് അവിടുന്ന് കടിഞ്ഞാണിട്ടു. ''നീ ദൈവപുത്രനാണെന്നും'' ''ദൈവത്തിന്റെ പരിശുദ്ധനാണെന്നും'' (മത്താ 8,29; മര്‍ക്കോ 1,24; ലൂക്കാ 8,28) അവ പറഞ്ഞത് സത്യം തന്നെയായിരുന്നെങ്കിലും ആ സത്യം അശുദ്ധമായ അധരത്തില്‍നിന്നു പ്രത്യേകിച്ച് സത്യത്തെ തങ്ങളുടെ തന്ത്രങ്ങള്‍ കലര്‍ത്തി അവതരിപ്പിക്കുന്നവരില്‍നിന്നും കേള്‍ ക്കാന്‍ അവന്‍ ആഗ്രഹിച്ചില്ല (To the Bishops of Egypt 1.3).
നാവിന് ശിക്ഷണം
ബീഡ്: സാത്താന്‍ തന്റെ നാവിനാല്‍ ഹവ്വയെ വഞ്ചിച്ചതുകൊണ്ട് മിശിഹാ തന്റെ നാവിനാല്‍ അവനെ ശിക്ഷിക്കുന്നു; അവന്‍ ഇനിമേലില്‍ സംസാരിക്കാന്‍ പാടില്ലെന്ന് കല്‍പ്പിക്കുന്നു (Exposition on the Gospel of Mark 1.1.25).
1,29-34: ഈശോ ശിമയോന്റെ ഭവനത്തില്‍
(മത്താ 8,14-17) (ലൂക്കാ 4,38-41)
29 ഈശോ സിനഗോഗില്‍നിന്ന് ഇറങ്ങി യാക്കോബിനോടും യോഹന്നാനോടും കൂടെ ശിമയോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലെത്തി. 30 ശിമയോന്റെ അമ്മായിയമ്മ പനിപിടിച്ചു കിടപ്പായിരുന്നു. അവളുടെ കാര്യം അവര്‍ അവനോടു പറഞ്ഞു. 31 അവന്‍ അടുത്തു ചെന്ന് അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്പിച്ചു. പനി അവളെ വിട്ടുമാറി. അവള്‍ അവരെ ശുശ്രൂഷിച്ചു. 32 അന്നു വൈകുന്നേരം സൂര്യാസ്തമയമായപ്പോള്‍, രോഗികളും പിശാചുബാധിതരുമായ എല്ലാവരെയും അവര്‍ അവന്റെ അടുത്തു കൊണ്ടുവന്നു. 33 നഗരവാസികളെല്ലാം വാതില്‍ക്കല്‍ സമ്മേളിച്ചു. 34 വിവിധ രോഗങ്ങള്‍ ബാധിച്ചിരുന്ന വളരെപ്പേരെ അവന്‍ സുഖപ്പെടുത്തി. അനേകം പിശാചുക്കളെ പുറത്താക്കി. പിശാചുക്കള്‍ തന്നെ അറിഞ്ഞിരുന്നതുകൊണ്ട്, സംസാരിക്കാന്‍ അവരെ അവന്‍ അനുവദിച്ചില്ല.
1,30: ശിമയോന്റെ അമ്മായിയമ്മ
പനി ബാധിച്ച് കിടപ്പിലായിരുന്നു
ജറോം: ഈശോ നിന്റെ കിടക്കയ്ക്കരികെ നില്‍ക്കുമ്പോള്‍ നിനക്കിനിയും ഉറക്കം തുടരാനാവുമോ? അവിടുന്ന് സന്നിഹിതനായിരിക്കുമ്പോള്‍ നിനക്കു ശയ്യാവലംബിയായി കിടക്കാനാവില്ല. ഈശോ തന്നെത്തന്നെ ബലിയായര്‍പ്പിച്ചുകൊണ്ട് ഇവിടെത്തന്നെയുണ്ട്. ''നിങ്ങളറിയാത്ത ഒരുവന്‍ നിങ്ങള്‍ക്കിടയിലുണ്ട്'' (യോഹ 1,26). ''ദൈവരാജ്യം നിങ്ങളുടെയിടയിലുണ്ട്'' (മര്‍ക്കോ 1,15). വിശ്വാസം ഈശോയെ നമുക്കിടയില്‍ത്തന്നെ ദര്‍ശിക്കുന്നു. അവന്റെ കരംപിടിക്കാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ അവന്റെ കാല്‍ക്കല്‍ പ്രണമിക്കാം. അവന്റെ ശിരസ്സോളം എത്താന്‍ നമുക്കാവുന്നില്ലെങ്കില്‍ അവന്റെ പാദങ്ങള്‍ നമ്മുടെ കണ്ണുനീരുകൊണ്ട് നമുക്ക് കഴുകാം (ലൂക്കാ 7,38). നമ്മുടെ പശ്ചാത്താപം രക്ഷകന് പരിമളമായിത്തീരുന്നു. അവിടുത്തെ അനുകമ്പ എത്ര വിലപിടിപ്പുള്ളതെന്ന് കാണുവിന്‍. നമ്മുടെ പാപങ്ങളില്‍നിന്നു കൊടുംദുര്‍ഗന്ധം വമിക്കുന്നു. അഴുകിയ ഗന്ധമാണവ യ്ക്ക്. എങ്കിലും നമ്മള്‍ പാപങ്ങളെക്കുറിച്ച് അനുതപിച്ചാല്‍ കര്‍ത്താവിനാല്‍ അവ പരിമളമാക്കപ്പെടും. കര്‍ത്താവിനോട് നമ്മുടെ കരംപിടിക്കണമേയെന്ന് അപേക്ഷിക്കാം. സുവിശേഷകന്‍ പറയുന്നു: ''ഉടനെ പനി അവളെ വിട്ടുമാറി'' (മര്‍ക്കോ 1,31). ഈശോ കരംപിടിച്ച ഉടനെ പനി പലായനം ചെയ്തു (Tractates on Mark's Gospel 2).
1,35-39: ഈശോ ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കുന്നു
(ലൂക്കാ 4,42-44)
35 അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെ അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. 36 ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെ തേടിപ്പുറപ്പെട്ടു. 37 കണ്ടെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: എല്ലാവരും നിന്നെ അന്വേഷിക്കുന്നു. 38 അവന്‍ പറഞ്ഞു: നമുക്ക് അടുത്ത പട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണു ഞാന്‍ വന്നിരിക്കുന്നത്. 39 സിനഗോഗുകളില്‍ പ്രസംഗിച്ചുകൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവന്‍ ഗലീലിയിലുടനീളം സഞ്ചരിച്ചു.
1,35: ഈശോയുടെ പ്രാര്‍ത്ഥന
ഒരിജന്‍: ഈശോ പ്രാര്‍ത്ഥിച്ചു; പ്രാര്‍ത്ഥനയില്‍ യാചിച്ചതെല്ലാം ലഭിക്കുകയും ചെയ്തു. പ്രാര്‍ത്ഥനകൂടാതെതന്നെ ഇവയെല്ലാം നേടാമായിരുന്നിരിക്കെ അവന്‍ പ്രാര്‍ത്ഥിച്ചെങ്കില്‍ നമുക്കാര്‍ക്കും പ്രാര്‍ത്ഥനയെ അവഗണിക്കാനാവില്ല. മര്‍ക്കോസ് എഴുതുന്നു. ''പ്രഭാതത്തില്‍, അതിരാവിലെ അവന്‍ എഴുന്നേറ്റ് വിജനതയിലേക്കു പോയി അവിടെ പ്രാര്‍ത്ഥിച്ചു'' (മര്‍ക്കോ 1,35). ലൂക്കാ എഴുതുന്നു: ''അവന്‍ ഒരിടത്തു പ്രാര്‍ത്ഥിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന്‍ പറഞ്ഞു: ''ഗുരോ, ഞങ്ങളെയും പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുക'' (ലൂക്കാ 11,1). മറ്റൊരിടത്ത് ''അവന്‍ രാത്രിമുഴുവന്‍ ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു'' (ലൂക്കാ 6,12) എന്നും കാണുന്നു. ഈശോയുടെ പ്രാര്‍ത്ഥന യോഹന്നാന്‍ രേഖപ്പെടുത്തുന്നുണ്ട്: ''ഇതു അരുള്‍ ചെയ്തതിനുശേഷം ഈശോ തന്റെ കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി പറഞ്ഞു: ''പിതാവേ, സമയമായിരിക്കുന്നു. പുത്രന്‍ അവിടുത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്ത്വപ്പെടുത്തണമേ'' (യോഹ 17,1). ''അങ്ങെന്നെ എപ്പോഴും ശ്രവിക്കുമെന്ന് എനിക്കറിയാം'' (യോഹ 11,42), എന്ന് കര്‍ത്താവ് പറഞ്ഞിട്ടുള്ളതായും ഇതേ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിരന്തരം പ്രാര്‍ത്ഥിക്കുന്നവന്‍ നിരന്തരം ശ്രവിക്കപ്പെടുന്നുവെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത് (ഛി ജൃമ്യലൃ 13.1).
സുവിശേഷകരെ ദൈവം ഓര്‍മ്മിപ്പിക്കുന്നു
ആഗസ്തീനോസ്: ഒരാള്‍ എത്രതന്നെ സമര്‍ത്ഥനും ജ്ഞാനിയുമാണെങ്കിലും ഓര്‍മ്മകളുടെ ക്രമം നിയന്ത്രിക്കുക എന്നത് അയാളുടെ കഴിവിന്റെ പരിധിയില്‍പ്പെടുന്ന കാര്യമല്ല. ഓരോ കാര്യത്തെയുംകുറിച്ചുള്ള ഓര്‍മ്മ നമ്മുടെ സ്മൃതിപഥത്തിലേക്ക് വെറുതെ കടന്നുവരികയാണ്; നമ്മുടെ ഇച്ഛയനുസരിച്ചല്ല. ഓരോ സുവിശേഷകന്റെയും സ്മരണയിലേക്ക് വരാന്‍ ദൈവമനുവദിച്ച കാര്യങ്ങളെ അതാതിന്റെ ക്രമത്തില്‍ ഓരോരുത്തരും വിവരിച്ചുവെന്ന് വിചാരിക്കുകയാണ് യുക്തിഭദ്രം (Harmony of the Gospels 21.51).
---
1,40-45: ഈശോ കുഷ്ഠരോഗിയെ സ്പര്‍ശിച്ചതെന്തുകൊണ്ട്?
(മത്താ 8,1-4) (ലൂക്കാ 5,12-16)
40 ഒരു കുഷ്ഠരോഗി അവന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചു: അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. 41 അവന്‍ കരുണ തോന്നി കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ. 42 തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധിവന്നു. 43 ഈശോ അവനെ കര്‍ശനമായി താക്കീതുചെയ്തു പറഞ്ഞയച്ചു: 44 നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്. എന്നാല്‍ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിച്ചു കൊടുക്കുക. മോശയുടെ കല്‍പനയനുസരിച്ചു ജനങ്ങള്‍ക്കു സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക. 45 എന്നാല്‍, അവന്‍ പുറത്തുചെന്ന് വളരെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പ്രസിദ്ധമാക്കാനും തുടങ്ങി. തന്‍മൂലം, പിന്നീട് പട്ടണത്തില്‍ പരസ്യമായി പ്രവേശിക്കാന്‍ ഈശോയ്ക്കു സാധിച്ചില്ല. അവന്‍ പുറത്ത് വിജനപ്രദേശങ്ങളില്‍ തങ്ങി.
1,41: ഈശോയെ സ്പര്‍ശിക്കുന്ന
കുഷ്ഠരോഗി
ഒരിജന്‍: കുഷ്ഠരോഗിയ സ്പര്‍ശിക്കുന്നത് നിയമം നിരോധിച്ചിരുന്നിട്ടും അവിടുന്ന് അവനെ തൊട്ടു. ''ശുദ്ധിയുള്ളവര്‍ക്ക് എല്ലാം ശുദ്ധമാണ്'' (തീത്തോ 1,15) എന്നു കാണിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്. എന്തെന്നാല്‍, ഒരുവനിലുള്ള അശുദ്ധി മറ്റൊരാളിലേക്കു പകരുകയോ ബാഹ്യമായ അശുദ്ധി ഹൃദയശുദ്ധിയെ കളങ്കപ്പെടുത്തുകയോ ചെയ്യുന്നില്ല. നമുക്ക് എളിമയുടെ മാതൃക നല്‍കാനാണ് ഈശോ കുഷ്ഠരോഗിയെ സ്പര്‍ശിച്ചത്. ശരീരത്തിലെ മുറിവുകളുടെയോ അതിലെ നിറഭേദങ്ങളുടെയോ പേരില്‍ ആരെയും നമ്മള്‍ തള്ളിക്കളയുകയോ വെറുക്കുകയോ ഗതികെട്ടവരെന്ന് മുദ്രകുത്തുകയോ ചെയ്യരുതെന്ന് അവിടുന്ന് പഠിപ്പിച്ചു. സ്പര്‍ശിക്കാനായി അവിടുന്ന് കൈനീട്ടിയപ്പോള്‍ത്തന്നെ കുഷ്ഠം വിട്ടകന്നു. കര്‍ത്താവിന്റെ കരം കുഷ്ഠമുള്ള ശരീരത്തിലല്ല, സുഖമാക്കപ്പെട്ട ശരീരത്തിലാണ് പതിച്ചതെന്ന് തോന്നത്തക്കവിധം അത്രവേഗം സൗഖ്യം സംഭവിച്ചു. ആത്മാവില്‍ കുഷ്ഠമോ ഹൃദയത്തില്‍ കുറ്റത്തിന്റെ വ്യാധിയോ ബാധിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവന്‍ പറയട്ടെ: ''കര്‍ത്താവേ, അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും'' (Fragments on Matthew 2.2.3).
സ്പര്‍ശം ഒരടയാളം
ക്രിസോസ്‌തോം: ''എനിക്ക് മനസ്സുണ്ട്, നിനക്കു ശുദ്ധിയുണ്ടാകട്ടെ'' എന്നു പറയുക മാത്രമല്ല ഈശോ ചെയ്തത്, മറിച്ച്, ''കൈനീട്ടി അവനെ സ്പര്‍ശിക്കുകയും ചെയ്തു''. താന്‍ നിയമത്തിന്റെ കരത്തിന്‍ കീഴല്ല, നിയമം തന്റെ കൈകളിലാണ് എന്ന് കാണിക്കാനാണ് അവന്‍ കുഷ്ഠരോഗിയെ സ്പര്‍ശിച്ചത്. ഇനി മുതല്‍ ഹൃദയശുദ്ധിയുള്ളവര്‍ക്ക് ഒന്നും അശുദ്ധമല്ല (തീത്തോ 1,15). ദാസനെന്ന നിലയിലല്ല, നാഥനെന്ന നിലയ്ക്കാണ് താന്‍ സുഖപ്പെടുത്തുന്നതെന്ന് അവിടുന്ന് ഇതുവഴി വെളിവാക്കി. കുഷ്ഠം അവിടുത്തെ കൈകളെ മലിനപ്പെടുത്തിയില്ല, മറിച്ച് കുഷ്ഠം ബാധിച്ച ശരീരം അവിടുത്തെ കൈകളാല്‍ സൗഖ്യം പ്രാപിച്ചു (The Gospel of St. Matthew, Homily 25.2).
1,43: നിന്നെത്തന്നെ പുരോഹിതനു
കാണിച്ചുകൊടുക്കുക
അപ്രേം: കൈനീട്ടി സ്പര്‍ശിക്കുന്നതുവഴി ഈശോ നിയമത്തെ അസാധുവാക്കുന്നു. കുഷ്ഠരോഗിയെ സമീപിക്കുന്നവന്‍ അശുദ്ധനാകുമെന്ന് നിയമത്തില്‍ എഴുതപ്പെട്ടിരുന്നു. മനുഷ്യപ്രകൃതിയുടെ ന്യൂനതകളെ താന്‍ പരിഹരിച്ചതുകൊണ്ട് അത് നല്ലതാണെന്ന് അവിടുന്ന് തെളിയിച്ചു. പുരോഹിതരുടെ പക്കലേക്ക് കുഷ്ഠരോഗിയെ അയച്ചുകൊണ്ട് പൗരോഹിത്യത്തെ അവിടുന്ന് ഉയര്‍ത്തിപ്പിടിച്ചുവെന്നും സൗഖ്യത്തിന് നന്ദിയായി കാഴ്ച സമര്‍പ്പിക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടുവെന്നും (മത്താ 8,4; മര്‍ക്കോ 1,44; ലൂക്കാ 5,14) നമ്മള്‍ കാണുന്നു. മോശയുടെ നിയമത്തിന് അവിടുന്ന് വിധേയനാകുന്നതിന്റെ അടയാളമായി ചിലര്‍ ഇതിനെ വ്യാഖ്യാനിക്കുന്നു. കുഷ്ഠരോഗത്തെ സംബന്ധിച്ച് നിരവധി നിയമങ്ങള്‍ നിലനിന്നിരുന്നെങ്കിലും അവ തീര്‍ത്തും പ്രയോജനരഹിതങ്ങളായിരുന്നു. മിശിഹാ വന്ന് തന്റെ വചനത്താല്‍ സൗഖ്യംനല്‍കിക്കൊണ്ട് കുഷ്ഠരോഗം സംബന്ധിച്ച് നിലനിന്ന കല്പനകളെ അപ്രസക്തമാക്കി (Commentary on Tatian's Diatessaron).
1,44: നീ ആരോടും ഒന്നും പറയരുത്
ബീഡ്: ഈ അത്ഭുതത്തെക്കുറിച്ച് നിശബ്ദനായിരിക്കാന്‍ ഈശോ ആവശ്യപ്പെട്ടു. എങ്കിലും അത് ദീര്‍ഘകാലം നിശബ്ദതയില്‍ മറയ്ക്കപ്പെട്ടില്ല. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാര്യത്തിലും ഇത് ശരിയാണ്. തങ്ങള്‍ നിറവേറ്റിയ കടമകള്‍ അറിയപ്പെടാതിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എങ്കിലും മറ്റുള്ളവരുടെ പ്രയോജനത്തിനായി അവയെ ദൈവപരിപാലന വെളിച്ചത്തു കൊണ്ടുവരുന്നു (Exposition on the Gospel of Mark 1.1.45).
|