News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 03

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍/ പ്രവാചകശബ്ദം 08-02-2025 - Saturday

1,12-13: ഈശോയ്ക്കുണ്ടായ പ്രലോഭനം (മത്താ 4,1-11) (ലൂക്കാ 4,1-13)

12 ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. 13 സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവന്‍ മരുഭൂമിയില്‍ വസിച്ചു. അവന്‍ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു.

ക്രിസോസ്‌തോം: അരൂപി അവനെ നഗരത്തിലേക്കോ മൈതാനത്തിലേക്കോ അല്ല, മരുഭൂമിയിലേക്കാണ് നയിച്ചത്. അവിടത്തെ നിര്‍ജനതയില്‍ ഈശോയെ പരീക്ഷിക്കാന്‍ സാത്താന് ഒരവസരം അനുവദിക്കപ്പെട്ടു. അവിടെവച്ച് വിശപ്പിനാല്‍ മാത്രമല്ല ഏകാന്തതയാലും അവന്‍ പരീക്ഷിക്കപ്പെട്ടു. എന്തെന്നാല്‍, ഏകാന്തതയിലാണ് സാത്താന്‍ നമ്മെ മുഖ്യമായും വേട്ടയാടുന്നത്. ഒരിക്കല്‍ അവന്‍ ഹവ്വായെ നേരിട്ടതും വീഴ്ത്തിയതും അവള്‍ ഭര്‍ത്താവില്‍ നിന്നകന്ന് ഏകാന്തതയിലായിരുന്നപ്പോഴാണ് (The Gospel of St. Matthew, Homily 13.1).

പ്രേരണ, ആനന്ദം, സമ്മതം

മഹാനായ ഗ്രിഗറി: പ്രേരണ, ആനന്ദം, സമ്മതം എന്നീ പടികളിലൂടെയാണ് പ്രലോഭനം തന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്. ഇച്ഛയിലൂടെയും സമ്മതത്തിലൂടെയുമാണ് നാം പ്രലോഭനത്തില്‍ വീഴുന്നത്. നമ്മുടെ ഉള്ളിലുള്ള ജഡികാശകള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു. എന്നാല്‍ കന്യകയുടെ ഉദരത്തില്‍ അവതരിച്ച ദൈവം പാപമെന്യേ ഭൂലോകജാതനായതിനാല്‍ സംഘര്‍ഷരഹിതനാണ്. അവിടുന്ന് പ്രേരണയാല്‍ പ്രലോഭിതനായേക്കാമെങ്കിലും ആസ്വാദ്യതയുടെ പാപം അവിടുത്തെ മനസ്സിനെ സ്പര്‍ശിക്കുന്നില്ല. ഇപ്രകാരം സാത്താന്റെ ഈ പ്രലോഭനങ്ങള്‍ ഈശോയുടെ ഉള്ളില്‍ പ്രവേശിച്ചില്ല; പുറമേ നിന്ന് പോരാടിയതേയുള്ളൂ (On the Gospel of the Sunday Sermon 16).

പ്രലോഭനങ്ങള്‍ പിന്തുടരുന്നു

ബീഡ്: തന്റെ സ്‌നാനം കഴിഞ്ഞയുടനെ നമ്മുടെ കര്‍ത്താവ് നാല്‍പ്പതുദിസം സ്വമനസ്സാ ഉപവസിച്ചു. മാമ്മോദീസയില്‍ പാപങ്ങളുടെ മോചനം നേടുന്നവര്‍ ജാഗരണം, ഉപവാസം, പ്രാര്‍ത്ഥന, ആത്മീയഫലം പുറപ്പെടുവിക്കുന്ന മറ്റ് പ്രവൃത്തികള്‍ തുടങ്ങിയവയില്‍ ശ്രദ്ധ ചെലുത്തണമെന്ന് ഈശോ മാതൃകവഴി പഠിപ്പിച്ചു. അല്ലെങ്കില്‍ നമ്മള്‍ അലസരും ജാഗ്രതയില്ലാത്തവരുമായിത്തീരുകയും മാമ്മോദീസാ വേളയില്‍ നമ്മുടെ ഹൃദയത്തില്‍നിന്നു ബഹിഷ്‌കൃതമാകുന്ന അശുദ്ധാരൂപികള്‍ തിരിച്ചുവരികയും ചെയ്യും. ആത്മീയ ധനമില്ലാത്തവരായി അവ നമ്മെ കണ്ടെത്തുകയും ഏഴ് കൊടിയ വ്യാധികളാല്‍ നമ്മെ ഞെരുക്കുകയും നമ്മുടെ അവസാനസ്ഥിതി ആദ്യത്തേക്കാള്‍ മോശമാവുകയും ചെയ്യും (മത്താ 12,43-45). തീരംതേടിയുള്ള നമ്മുടെ ഈ പുതിയ തീര്‍ത്ഥാടനത്തില്‍ യാനപാത്രം തകര്‍ക്കാനിടയാക്കുന്ന പഴയ ദുരാശകളുടെയും ദുശാഠ്യങ്ങളുടെയും അഗ്നി പുനര്‍ജ്വലിക്കാതിരിക്കാന്‍ കരുതല്‍ വേണം. പറുദീസായുടെ കവാടത്തിലെ അഗ്നികൊണ്ടുള്ള വാള്‍, എത്ര ഭീകരമാണെങ്കിലും ശരി, വിശ്വാസിക്ക് മാമ്മോദീസായുടെ ഉറവയാല്‍ അത് കെടുത്തപ്പെടുന്നു. എന്നാല്‍ അവിശ്വാസിക്കാകട്ടെ, അത് ഭയാനകവും മറികടക്കാനാവാത്തതുമാണ്. മാമ്മോദീസായ്ക്കുശേഷം നിരന്തരം പാപത്തില്‍ മുഴുകുന്ന കപട വിശ്വാസിക്കും അങ്ങനെതന്നെ. അവരെ സംബന്ധിച്ചിടത്തോളം മാമ്മോദീസായില്‍ അണയ്ക്കപ്പെട്ട അഗ്നി വീണ്ടും ജ്വലിപ്പിക്കപ്പെട്ടതുപോലെയാണ് (Homilies on the Gospels 1.12).

1,14-20: ആദ്യശിഷ്യന്മാരെ വിളിക്കുന്നു

(മത്താ 4,12-22) (ലൂക്കാ 4,14-5,11) 14 യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ ഈശോ ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. 15 അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍. 16 അവന്‍ ഗലീലിക്കടല്‍ത്തീരത്തുകൂടെ കടന്നുപോകുമ്പോള്‍, ശിമയോനെയും അവന്റെ സഹോദരന്‍ അന്ത്രയോസിനെയും കണ്ടു. മീന്‍ പിടിത്തക്കാരായ അവര്‍ കടലില്‍ വലയെറിയുകയായിരുന്നു. 17 ഈശോ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. 18 ഉടനെ വലയുപേക്ഷിച്ച്, അവര്‍ അവനെ അനുഗമിച്ചു. 19 കുറച്ചുദൂരംകൂടി പോയപ്പോള്‍ സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുക യായിരുന്നു. 20 ഉടനെ അവന്‍ അവരെയും വിളിച്ചു. അവര്‍ പിതാവായ സെബദിയെ സേവകരോടൊപ്പം വള്ളത്തില്‍ വിട്ട് അവനെ അനുഗമിച്ചു.


Related Articles »