Content | തിരുസഭ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്ന ഒരു പ്രാര്‍ത്ഥനയാണ് കുരിശിന്‍റെ വഴി. തങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രാര്‍ത്ഥനകളിലും കുരിശിന്‍റെ വഴിക്ക് ഏറെ പ്രാധാന്യം കൊടുത്തവരായിരിന്നു വിശുദ്ധര്‍. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്‍റെ പ്രതിസന്ധികളില്‍ കുരിശിന്‍റെ വഴി നടത്തിയിരുന്നതായും അതിനു ശക്തമായ ഫലം അനുഭവപ്പെട്ടതായും വെളിപ്പെടുത്തിയിട്ടുണ്ട്. മരണശയ്യയില്‍ കിടന്നിരുന്നപ്പോഴും മറ്റുള്ളവരുടെ സഹായത്തോടെ അദ്ദേഹം കുരിശിന്‍റെ വഴി നടത്തിയിരുന്നു. കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍കാരനായ ബ്രദര്‍ സ്റ്റാനിസ്ലാവോസിന് ഈശോ പല വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്.
1. കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും.
ബ്രദര്‍ സ്റ്റാനിസ്ലാവോസിന് യേശു വെളിപ്പെടുത്തി നല്‍കിയ ആദ്യ വാഗ്ദാനം കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും നല്‍കുമെന്നാണ്. കുരിശിന്റെ വഴിയിലെ പ്രാര്‍ത്ഥനകള്‍ അര്‍ത്ഥം മനസ്സിലാക്കി ചൊല്ലുന്നവര്‍ക്ക് കാല്‍വരിയിലെ ക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ചറിയാന്‍ കഴിയുമെന്നത് യാഥാര്‍ത്ഥ്യമാണ്. വിശ്വാസപൂര്‍വ്വം കുരിശിന്റെ വഴി ചൊല്ലികൊണ്ട് അവിടുത്തെ അനുഗ്രഹങ്ങള്‍ സ്വീകരിക്കുവാന്‍ നമ്മുക്ക് ഒരുങ്ങാം.
2. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും.
ക്ഷണികമായ ഈലോകജീവിതത്തില്‍ പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് നാം. നിത്യമായ ജീവിതത്തെ പറ്റി നാം ഒരിയ്ക്കലും ചിന്തിക്കുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. യേശു സ്റ്റാനിസ്ലാവോസിന് വെളിപ്പെടുത്തി നല്‍കിയത് ഇപ്രകാരമാണ്, "കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും". ഈ ലോകജീവിതത്തിന്റെ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള നമ്മുടെ ഓട്ടം അവസാനിപ്പിച്ച് നിത്യമായ ജീവിതത്തിനു ആവശ്യമായ നിക്ഷേപങ്ങള്‍ക്കു വേണ്ടിയുള്ള ഓട്ടം നമ്മുക്ക് ആരംഭിക്കാം. അതിനായി 'കുരിശിന്റെ വഴി' പ്രാര്‍ത്ഥന നമ്മുക്ക് കൂടെകൂടെ ചൊല്ലാം.
3. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും.
മരണസമയം. തന്റെ ജീവിതത്തിന്റെ യാത്ര പൂര്‍ത്തീകരിച്ചു ഏതൊരു നിരീശ്വരവാദി പോലും ദൈവസന്നിധിയില്‍ തലകുനിക്കുന്ന നിമിഷം. ഈശോ ബ്രദര്‍ സ്റ്റാനിസ്ലാവോസിനോട് പറഞ്ഞു, കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഒപ്പം എപ്പോഴും ഉണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. ഈ ഒരു ബോധ്യം അനുമിഷം നമ്മുടെ മനസ്സില്‍ ഉണ്ടാകണം. നമ്മുടെ യാത്രവേളകളിലും നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും കുരിശിന്റെ വഴി പ്രാര്‍ത്ഥന ദൈവസന്നിധിയിലേക്ക് ഉയര്‍ത്താം.
4. ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്‍റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിലൂടെ അവ മോചിക്കപ്പെടുന്നു. (മാരകപാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം നടത്തേണ്ടതാണ്)
മാനവവംശത്തിന് വേണ്ടി കാല്‍വരിയില്‍ ബലിയായി മാറിയ യേശുവിന്റെ പീഡസഹനങ്ങളെ സ്മരിക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥന നമ്മുക്ക് പാപമോചനം നല്‍കുന്നുവെന്ന് യാഥാര്‍ത്ഥ്യം നമ്മില്‍ പലര്‍ക്കും അറിയില്ല. കേവലം ഒരു സാധാരണ പ്രാര്‍ത്ഥന മാത്രമായാണ് നാം കുരിശിന്റെ വഴിയെ കണ്ടിരിക്കുന്നത്. ഇത് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുരിശിന്റെ വഴിയിലൂടെ കര്‍ത്താവിന്റെ സഹനയാത്ര നാം ധ്യാനിക്കുമ്പോള്‍ നമ്മുടെ പാപത്തിന്റെ കെട്ടുകള്‍ ആ വഴിയില്‍ അഴിഞ്ഞുവീഴുമെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. പൂര്‍ണ്ണമായ പശ്ചാത്താപവും കര്‍ത്താവിന്റെ സഹനങ്ങളെ പറ്റിയുള്ള ധ്യാനവും നമ്മുടെ പാപങ്ങള്‍ക്ക് മോചനം നല്‍കുമെന്ന്‍ കര്‍ത്താവ് തന്റെ സന്ദേശത്തിലൂടെ .
5. കുരിശിന്‍റെ വഴി നിരന്തരം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക മഹത്വമുണ്ടായിരിക്കും.
6. ഈ ഭക്തി അനുഷ്ഠിക്കുന്നവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന്‍ വേഗത്തില്‍ മോചിപ്പിക്കും.
7. കുരിശിന്‍റെ വഴിയുടെ ഓരോ സ്ഥലത്തും ഞാന്‍ അവരെ അനുഗ്രഹിക്കുകയും എന്‍റെ അനുഗ്രഹം നിത്യതവരെ അവരെ പിന്‍തുടരുകയും ചെയ്യും.
8. മരണസമയത്ത് പിശാചിന്‍റെ പ്രലോഭനങ്ങളില്‍ നിന്നു ഞാന്‍ അവരെ രക്ഷിക്കുകയും, സാത്താന്‍റെ ശക്തിയെ നിര്‍വീര്യമാക്കുകയും ചെയ്യും.
9. സ്നേഹപൂര്‍വ്വം ഈ പ്രാര്‍ത്ഥനചൊല്ലുന്നവരെ എന്‍റെ കൃപയാല്‍ നിറച്ച് ജീവിക്കുന്ന സക്രാരി ആക്കിമാറ്റും.
10. ഈ പ്രാര്‍ത്ഥന നിരന്തരം നടത്തുന്നവരുടെമേല്‍ എന്‍റെ ദൃഷ്ടി ഞാന്‍ ഉറപ്പിക്കും. എന്‍റെ കരങ്ങള്‍ അവരെ സംരക്ഷിക്കാന്‍ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കുകയും ചെയ്യും.
11. ഞാന്‍ ആണികളാല്‍ കുരിശിനോട് ചേര്‍ന്നു ഇരിക്കുന്നതുപോലെ കുരിശിന്‍റെ വഴി നിരന്തരം നടത്തി എന്നെ ആദരിക്കുന്നവരോട് ഞാനും ചേര്‍ന്നിരിക്കും.
12. എന്നില്‍ നിന്ന് അകന്നുപോകാന്‍ ഇടയാകാതിരിക്കാനും യാതൊരു മാരകപാപവും ചെയ്യാതിരിക്കുവാനുള്ള കൃപ ഞാന്‍ അവര്‍ക്കു കൊടുക്കും.
13. മരണനേരത്ത് എന്‍റെ സാന്നിദ്ധ്യത്താല്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. മരണം അവര്‍ക്ക് മാധുര്യമേറിയ ഒരു അനുഭവമായിരിക്കും.
14. അവരുടെ ആവശ്യ സമയത്ത് എന്‍റെ ആത്മാവ് സംരക്ഷണം നല്‍കുന്ന ഒരു കവചവും സഹായവുമായിരിക്കും.
|