Content | കൊച്ചി: വൈദികരെയും സന്യാസികളെയും ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ പേരിൽ അപമാനിക്കാനുള്ള ശ്രമം ശക്തമായി നേരിടുമെന്ന് ക്രിസ്ത്യൻ ലൈഫ് കമ്യൂണിറ്റി (സിഎൽസി) സംസ്ഥാന കമ്മിറ്റി. ജീവിതകാലം പൂർണമായി പൊതുസമൂഹത്തിനുവേണ്ടി സമർപ്പിച്ചിരിക്കുന്ന സന്യസ്തരെ ഒന്നടങ്കം കുറ്റക്കാരും മോശക്കാരുമായി ചിത്രീകരിക്കുന്ന ചിലരുടെ നിലപാട് അംഗീകരിക്കാനാവില്ല. കത്തോലിക്കാ സഭയിലെ വൈദികരെയും വിശ്വാസി സമൂഹത്തെയും രണ്ടു തട്ടിലാക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും നേരിടുമെന്ന് സിഎല്എസി വ്യക്തമാക്കി.
കത്തോലിക്ക സഭയെയും സഭാ നേതാക്കളെയും അവഹേളിക്കുവാനും തകർക്കാനുമുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നു വിശ്വാസ സമൂഹം തിരിച്ചറിയണം. ഈ സംഘടിത നീക്കത്തെ സഭാവിശ്വാസികൾ ചെറുത്തു തോൽപ്പിക്കണമെന്നും സിഎൽസി ആഹ്വാനം ചെയ്തു. ഒറ്റപ്പെട്ട സംഭവങ്ങളിൽ കുറ്റവാളികളെ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം ശിക്ഷിക്കേണ്ടതു തന്നെയാണ്. ശാരീരികവും മാനസികവുമായി പീഡനങ്ങളേറ്റു വാങ്ങേണ്ടിവന്നവരോട് സഹതാപമുണ്ട്.
ഇക്കാര്യത്തിൽ സഭാ നേതൃത്വം നിലപാട് വ്യക്തമാക്കിയതുമാണ്. സംഭവത്തിൽ കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന യാതൊരു നടപടിയും സഭയിലെ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വസ്തുതകൾ ഇതായിരിക്കെ കുറ്റക്കാരായവരെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുന്നതിലുപരി കത്തോലിക്കാ സഭയെയും സഭാ അധികാരികളെയും അവഹേളിക്കുന്നതിനാണ് ചിലരുടെ ശ്രമം.
സംസ്ഥാന പ്രസിഡന്റ് ജെയ്സണ്‍ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിയോ തെക്കിനിയത്ത്, സെക്രട്ടറി ഷോബി കെ. പോൾ, ട്രഷറർ റീത്ത ദാസ്, ജനറൽ കോ-ഓർഡിനേറ്റർ വിനേഷ് ജെ. കോളെങ്ങാടൻ, ഡിൽജോ തരകൻ, ഷൈജോ പറമ്പില്‍, ജെയിംസ് പഞ്ഞിക്കാരൻ, ജോജോ ജോർജ് എന്നിവർ പ്രസംഗിച്ചു. |