Content | ചങ്ങനാശേരി: രണ്ടാം വത്തിക്കാൻ കൗണ്‍സിലിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു ഭാരതസഭയിൽ ആദ്യമായി പ്രവർത്തനം ആരംഭിച്ച അതിരൂപതാ പാസ്റ്ററൽ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററൽ കൗണ്‍സിലിന്റെയും സുവർണ ജൂബിലി ആഘോഷത്തിന് ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തു തുടക്കമായി.
സുവർണ ജൂബിലി ആഘോഷം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിര്‍വ്വഹിച്ചു. സഭയുടെ മെച്ചപ്പെട്ട സാക്ഷ്യത്തിനു വൈദികരുടെയും സന്യസ്തരുടേയും അത്മായരുടേയും കൂട്ടായ പ്രവർത്തനവും സഭാശുശ്രൂഷകളിലുള്ള പങ്കാളിത്തവും അനിവാര്യമാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു. മാർ ജോസഫ് പവ്വത്തിൽ അധ്യക്ഷതവഹിച്ചു. നിയുക്ത സഹായ മെത്രാൻ മാർ തോമസ് തറയിൽ പാസ്റ്ററൽ കൗണ്‍സിൽ ഡയറക്ടറി വികാരി ജനറാൾ മോണ്‍.ജയിംസ് പാലക്കലിനു കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.
വടവാതൂർ പൗരസ്ത്യവിദ്യാപീഠം പ്രഫസർ റവ.ഡോ.ജോസഫ് കടുപ്പിൽ മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാൾ മോണ്‍.ജോസഫ് മുണ്ടകത്തിൽ, റവ.ഡോ.ആന്റണി മൂലയിൽ, ഫാ.ആന്റണി നിരപ്പേൽ, ഡോ.സ്കറിയ സക്കറിയ, ഡോ.ആന്റണി മാത്യൂസ്, ജോസ് മാത്യു ആനിത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
|