Content | അരുവിത്തുറ: ആത്മാഭിഷേകത്തിന്റെ പുത്തനുണർവ് വിശ്വാസികള്‍ക്ക് പ്രദാനം ചെയ്തു കൊണ്ട് അരുവിത്തുറ ബൈബിൾ കണ്‍വെന്‍ഷനു തുടക്കമായി. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിൽകണ്ടത്തിലാണ് രണ്ടാമത് ബൈബിൾ കണ്വൻഷൻ ഉദ്ഘാടനം ചെയ്തത്. ശാലോം ടീമിന്റെ നേതൃത്വത്തിലാണ് കണ്വെന്ഷന് നടക്കുന്നത്.
ജീവിത സാക്ഷ്യത്തിലൂടെ വചനത്തിന് സാക്ഷ്യം നൽകാൻ വിളിക്കപ്പെട്ടവരാണ് ഓരോ ക്രൈസ്തവനും. വചനപ്രഘോഷണം ആരംഭിക്കേണ്ടത് കുടുംബങ്ങളിലാണെന്നും കുട്ടികൾക്ക് കുടുംബങ്ങളിൽ വചനം ശ്രവിക്കാനുള്ള സാഹചര്യം മാതാപിതാക്കൾ ഒരുക്കണമെന്നും മാര്‍ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.
വികാരി ഫാ. തോമസ് വെടിക്കുന്നേൽ അധ്യക്ഷത വഹിച്ചു. അസി. വികാരിമാരായ ഫാ. ഏബ്രഹാം തകടിയേൽ, ഫാ. സ്കറിയ മോടിയിൽ, ഫാ. ബൈജു കുന്നക്കാട്ട്, ബർസാർ ഫാ. ജോർജ് പുല്ലുകാലായിൽ, പി.സി.ജോർജ് എംഎൽഎ എന്നിവർ പങ്കെടുത്തു. ദിവസവും ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, നാലിന് വിശുദ്ധ കുർബാന, അഞ്ചിന് വചനപ്രഘോഷണം, 8.15ന് ആരാധന എന്നിവ നടക്കും. കണ്വൻഷൻ ഏപ്രിൽ രണ്ടിനു സമാപിക്കും.
|