Content | പത്തനംതിട്ട: ദൈവദാസൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 64-ാം ഓർമപ്പെരുനാളിനോടനുബന്ധിച്ചു മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് നേതൃത്വത്തിൽ നടത്തുന്ന 40-ാമത് തീർഥാടന പദയാത്ര ആരംഭിച്ചു. റാന്നി പെരുനാട് കുരിശുമല ദേവാലയത്തിൽ നിന്ന് ആരംഭിച്ച പദയാത്രയ്ക്ക് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് നേതൃത്വം നൽകുന്നത്.
കാഷായവസ്ത്രധാരികളായ തീർഥാടകർ കൈയിൽ ജപമാലയും വഹിച്ചാണ് പ്രാർത്ഥനാപൂര്‍വ്വം പദയാത്രയില്‍ പങ്കെടുക്കുന്നത്. 14നു വൈകുന്നേരം പദയാത്ര തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിങ്കലെത്തിച്ചേരും. പെരുനാട് കുരിശുമലയിലെ തീർഥാടന ദേവാലയത്തിൽ ഇന്നലെ രാവിലെ നടന്ന വിശുദ്ധ കുർബാനയോടെയാണ് പദയാത്രയ്ക്കു തുടക്കം കുറിച്ചത്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിച്ചു.
പത്തനംതിട്ട രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, പൂന- കട്ടക് എക്സാർക്കേറ്റ് അധ്യക്ഷൻ തോമസ് മാർ അന്തോണിയോസ്, തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ സാമുവേൽ മാർ ഐറേനിയോസ് എന്നിവർ സഹകാർമികരായിരുന്നു. പത്തനംതിട്ട രൂപത മുഖ്യവികാരി ജനറാൾ മോണ്‍. ജോണ്‍ തുണ്ടിയത്ത്, റവ.ജോസ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പ, റവ.ഡോ.കുര്യാക്കോസ് തടത്തിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
|