Wednesday Mirror

"യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ | കന്ധമാല്‍ ലേഖന പരമ്പര- ഭാഗം 8

ആന്‍റോ അക്കര / പ്രവാചക ശബ്ദം 14-10-2020 - Wednesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"എന്റെ ശരീരത്തിൽ അനേകം വെടിയുണ്ടകളുണ്ട്, സാർ. ഇവ നീക്കം ചെയ്യുവാൻ, ദയവായി, എന്നെ സഹായിക്കാമോ?" വിരമിച്ച പോലീസുകാരൻ, ജൂനോസ് നായകിന്റെ അപേക്ഷ എന്നെ സ്തബ്ധനാക്കി. രണ്ടു വർഷമായി, രണ്ടു ഡസനിലേറെ വെടിയുണ്ടകൾ ശരീരത്തിൽ വഹിച്ചു കൊണ്ട് ജീവിക്കുകയാണ് ഈ മനുഷ്യൻ! ജൂനോസിനെ ഞാൻ ആദ്യമായി കണ്ടുമുട്ടിയത് 2010 ആഗസ്റ്റിൽ, ദേശീയ ജനകീയ ട്രൈബൂണൽ, ന്യൂഡൽഹിയിൽ നടന്ന അവസരത്തിലാണ്.

ജനകീയ കോടതിയുടെ വേദിയായിരുന്ന കോൺസ്റ്റിട്യൂഷൻ ക്ലബിലെ പച്ചപ്പുൽത്തകിടിയിലിരുന്നു കൊണ്ട്, താൻ രക്തസാക്ഷിയാവുന്നതിൽ നിന്ന് രക്ഷപ്പെട്ട ഉദ്വേഗജനകമായ കഥ ജൂനോസ് വിവരിച്ചു. ക്രൈസ്തവവിരുദ്ധ കലാപം ആളിപ്പടരുന്നതിനിടയിൽ കാവിപ്പട ഗദഗുഡ ഭാഗത്തുള്ള അഞ്ഞൂറ് കുടുബങ്ങളിൽ നൂറിലധികവും ക്രൈസ്തവ കുടുബങ്ങളായിരുന്നു.ശക്തമായ ഭീഷണിയുടെ പശ്ചാത്തലത്തിൽ, ഭൂരിപക്ഷം ക്രിസ്ത്യാനികളും ഗ്രാമീണ വിദ്യാലയത്തിൽ അഭയംതേടി. മറ്റുള്ളവർ കാട്ടിലേക്ക് പലായനം ചെയ്തു.

ഭീഷണി വകവയ്ക്കാതെ ഗദഗുഡയിൽ തന്നെ താമസിച്ച ക്രിസ്ത്യാനികളുടെ കൂട്ടത്തിൽ ജൂനോസിന്റെയും സഹോദരൻ ലാൽജിയുടെയും കുടുംബങ്ങളുമുണ്ടായിരുന്നു. "ഭീഷണിയുടെ മുന്നിൽ ഭീരുക്കളെപ്പോലെ ഒളിച്ചോടാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു." പോലീസ് കോൺസ്റ്റബിളായിരുന്ന ജൂനോസ് ആവേശത്തോടെ പറഞ്ഞു. 1982-ൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടയിൽ പരുക്കുപറ്റിയതിനാൽ സർക്കാർ സേവനത്തിൽ നിന്ന് സ്വയം രാജിവെച്ചൊഴിഞ്ഞതാണ് ജൂനോസ്.

തങ്ങളുടെ കൽപന ഗൗനിക്കാതെ ക്രിസ്ത്യാനിയായി തുടർന്നവരെ നെട്ടോട്ടമിട്ടിട്ടുണ്ടെന്ന് ഹിന്ദുവായ അടുത്തബന്ധു ജൂനോസിന് മുന്നറിയിപ്പ് നൽകി. എത്രയുംവേഗം പുനർപരിവർത്തന ചടങ്ങിൽ പങ്കെടുത്ത് അവരുമായി അനുരജ്ഞനപ്പെടണമെന്ന് അയാൾ ഉപദേശിച്ചു. "ക്ഷേത്രത്തിൽ പോയി പുനർപരിവർത്തന ചടങ്ങിൽ പങ്കെടുത്താലും നിങ്ങളുടെ വിശ്വാസം രഹസ്യത്തിൽ പാലിക്കാമല്ലോ?" മറ്റൊരു ഹിന്ദു സുഹൃത്ത് ഉപദേശിച്ചു. പക്ഷേ, വിശ്വാസത്തിന്റെ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ജൂനോസ് സന്നദ്ധനായിരുന്നില്ല.

അക്രമിസംഘം തങ്ങളുടെ ദൈവാലയം തകർക്കുന്ന ആരവം കേട്ടുകൊണ്ടാണ് സെപ്റ്റംബർ 30-ന് അവിടത്തെ ക്രിസ്ത്യാനികൾ ഞെട്ടിയുണർന്നത്. വൈകാതെ അക്രമികൾ ക്രിസ്തീയഭവനങ്ങൾക്കുനേരെ പാഞ്ഞടുത്തപ്പോൾ ജൂനോസും മറ്റുവിശ്വാസികളും ജീവനും കൊണ്ടോടി. ക്രിസ്തുമത വിരോധികളുടെ 30 ദിവസത്തെ കാലാവധിതീരുന്ന സെപ്റ്റംബർ 30-ആം തീയതിയായിരുന്നു ഈ ആക്രമണം.

ഓടുന്നതിനിടയ്ക്ക്, തന്റെ ജ്യേഷ്ഠൻ ലാൽജിയുടെ വീട് അക്രമികൾ വളഞ്ഞിരിക്കുന്നത് ജൂനോസ് കണ്ടു. ജ്യേഷ്ഠത്തി മന്ദാകിനിയെ വാൾ കൊണ്ട് തലയ്ക്കു മാരകമായി പരുക്കേൽപ്പിച്ചിരുന്നുവെന്ന് പിന്നീട് അദ്ദേഹം മനസ്സിലാക്കി. മന്ദാകിനി കൊല്ലപ്പെട്ടില്ലെങ്കിലും തലച്ചോറിനേറ്റ ക്ഷതം നിമിത്തം, സമനിലതെറ്റി, പിന്നീട് ഭ്രാന്തിയായിത്തീർന്നു. ഭാര്യയെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ ലാൽജിയെ കലാപകാരികൾ ആക്രമിക്കുകയും അദ്ദേഹത്തിന്റെ ചുമലിലൂടെ വാൾ കുത്തിയിറക്കുകയും ചെയ്തു.

ജീവനുവേണ്ടി പലായനം ചെയ്യുന്ന ക്രൈസ്തവരുടെ നേരെ അക്രമിസംഘം നിറയൊഴിച്ചു. വെടിയുണ്ടകളേറ്റ് ജൂനോസ് പിടഞ്ഞുവീണു. ഒരു മണിക്കൂറിനുശേഷമാണ് അധികാരികളും പോലീസും ഗദ്ഗുഡയിൽ എത്തിയത്. അവർ ജൂനോസ്, ലാൽജി, മന്ദാകിനി എന്നിവർ ഉൾപ്പെടെ മുറിവേറ്റവരെയെല്ലാം ഒരു വാനിൽ കയറ്റി ഉദയഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉദയഗിരിക്കു ചുറ്റുമുള്ള പല ക്രൈസ്തവ കേന്ദ്രങ്ങളും, അന്ന് അതിരാവിലെ ഒരേസമയത്ത്, ആക്രമിക്കപ്പെട്ടിരുന്നതിനാൽ ക്ഷതമേറ്റവരെക്കൊണ്ട് ആശുപത്രിയും പരിസരവും നിറഞ്ഞിരുന്നു. സെപ്റ്റംബർ 30-നായിരുന്നു വ്യാപകമായ ഈ ആക്രമണ പരമ്പര.

വെടിയുണ്ട തുളഞ്ഞുകയറി വലതുകൈയിലും ഇടതുതുടയിലും ഗുരുതരമായി പരുക്കേറ്റ ജൂനോസ് ഉൾപ്പെടെ ആറ് ക്രൈസ്തവരെ 130 കി.മീ. ദൂരെയുള്ള ബെരാംപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജൂനോസിന്റെ 32 വയസ്സുള്ള മകൻ സുജാൻ, തന്റെ പിതാവ്, അമ്മാവൻ ലാൽജി, അമ്മായി മന്ദാകിനി തുടങ്ങിയവരെ ആ സർക്കാർ വാഹനത്തിൽ അനുയാത്ര ചെയ്തിരുന്നു."പരുക്കേറ്റവരുടെകൂടെ മൂന്നു മണിക്കൂർ നേരം ആംബുലൻസിൽ യാത്ര ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ല." സുജാൻ പറഞ്ഞു.

ലാൽജിയുടെ നില തീർത്തും മോശമായിരുന്നതുകൊണ്ട് ഡോക്ടർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ജൂനോസിന്റെ ജീവൻ രക്ഷിക്കണമെങ്കിൽ എത്രയും വേഗം 170 കി.മീ അകലെ കട്ടക്കിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്വന്തം ചെലവിൽ എത്തിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. സുജാന്റെ പക്കൽ അന്നേരം പണം ഉണ്ടായിരുന്നില്ല. ബെരാംപൂരിലുള്ള തന്റെ സ്നേഹിതരെ സുജാൻ വിവരമറിയിച്ചു. അവിടെ നിന്നാണ് അയാൾ ധനതത്വശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയിരുന്നത്. അവർ പണം സമാഹരിച്ച് എത്തി. ഒരു വാൻ വാടകയ്‌ക്കെടുത്ത് അന്ന് രാത്രി തന്നെ ജൂനോസിനെ കട്ടക്കിലെ ആശുപത്രീയിലെത്തിച്ചു.

പിറ്റേന്നു രാവിലെ സുജാന് കിട്ടിയ വാർത്ത ബെരാംപൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മാവൻ ലാൽജി മരിച്ചു എന്നായിരുന്നു. ഉള്ളിൽ സ്റ്റീൽ ദണ്ഡുവച്ച് ജൂനോസിന്റെ തകർന്ന വലതുകൈ ഡോക്ടർമാർ തുന്നിച്ചേർത്തു. അദ്ദേഹത്തിന്റെ ശരീരത്തിൽ തുളച്ചുകയറിയിരുന്ന ഏതാനും വെടിയുണ്ടകൾ അവർ നീക്കം ചെയ്തു. എന്നാൽ വലതുകരത്തിലും ഇടതുതുടയിലും ഉണ്ടായിരുന്ന ചെറിയ രണ്ടു ഡസനിലേറെ വെടിയുണ്ടകൾ നീക്കം ചെയ്തില്ല.

രണ്ട് ആഴ്ചകൾക്കുശേഷം ജൂനോസിനെ ഡിസ്‌ചാർജ് ചെയ്തു. പിന്നീട്, ശേഷിക്കുന്ന വെടിയുണ്ടകൾ സൗകര്യംപോലെ നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശവും നൽകി. കട്ടക്കിൽ നിന്ന് 250 കി.മീ അകലെയുള്ള റുദാഗിയ ഗ്രാമത്തിലെ അഭയാർത്ഥി ക്യാമ്പിലേക്കാണ് സുജാൻ തന്റെ പിതാവിനെ കൊണ്ടുപോയത്. അവിടെ നരകിച്ചുകഴിഞ്ഞിരുന്ന നൂറുകണക്കിന് ഭവനരഹിത ക്രൈസ്തവരുടെ കൂട്ടത്തിൽ സുജാന്റെ അമ്മയും സഹോദരിയും ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നു. കൊടുംതണുപ്പുകാലത്ത് ദുരിതാശ്വാസ ക്യാമ്പിലെ പ്ലാസ്റ്റിക്ക് കൂടാരത്തിൽ വേദനകൊണ്ട് പുളയുകയല്ലാതെ, മറ്റൊന്നും ചെയ്യുവാൻ, ജൂനോസിന് കഴിഞ്ഞിരുന്നില്ല.

ഗത്യന്തരമില്ലാതെ സുജാൻ രണ്ടു ദിവസത്തിനുള്ളിൽ ജൂനോസിനെ വീണ്ടും ബെരാം പൂരിലേക്ക് കൊണ്ടുപോയി. അവിടെ, ക്രൈസ്തവ അഭയാർത്ഥികളെ സൗജന്യമായി ശുശ്രൂഷിച്ചിരുന്ന ക്രിസ്ത്യൻ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂനോസിന്റെ നില സാവധാനത്തിൽ മെച്ചപ്പെട്ടു. മാരകമായി മുറിവേറ്റവരും തീർത്തും നിർധനരുമായ ക്രൈസ്തവർ തിങ്ങിനിറഞ്ഞിരുന്ന ആശുപത്രിയിൽ നിന്ന് രണ്ട് ആഴ്ചകഴിഞ്ഞ് ജൂനോസിനെ ഡിസ്‌ചാർജ് ചെയ്തു.

അതിശൈത്യമുള്ള സമയത്ത് വലതുകൈയിലെ നൂറിലേറെ തുന്നലുകളും അവഗണിച്ച് കന്ധമാലിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മടങ്ങിപോകുന്നതിലുള്ള അപകടം ജൂനോസിനും സുജാനും അറിയാമായിരുന്നു. അതുകൊണ്ട് ബെരാംപൂരിൽ നിന്ന് 350 കി.മീ അകലെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള അമ്മാവനെ സുജാൻ ബന്ധപ്പെട്ടു. അദ്ദേഹം അവരെ വിശാഖപട്ടണത്തേക്ക് ക്ഷണിക്കുകയും അവിടത്തെ കിംഗ് ജോർജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനോസിനെ പ്രവേശിപ്പിക്കുകയും ചെയ്തു.

സർക്കാർ ആശുപത്രിയിലെ സൗജന്യചികിത്സ ഒരു മാസത്തോളം ദീർഘിച്ചു . അതിനിടയിൽ ജൂനോസിന്റെ കയ്യിൽ നിന്ന് രണ്ടു വെടിയുണ്ടകൾ കൂടി ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. ആ സർക്കാർ ആശുപത്രിയിലാണ് പിതാവും പുത്രനും 2008-ലെ ക്രിസ്‌മസ്‌ ആഘോഷിച്ചത്. അതേസമയം അവരുടെ മറ്റു കുടുംബാംഗങ്ങൾ റൂദംഗിയയിലെ അഭയാർത്ഥി ക്യാമ്പിൽ ദുരിതമനുഭവിക്കുകയായിരുന്നു. കന്ധമാൽ ജില്ലാ അധികാരികൾ ജനുവരി ആരംഭത്തിൽ റുദംഗിയയിലെ അഭ്യാർത്ഥിക്യാമ്പ് അടച്ചുപൂട്ടി. അതോടൊപ്പം അവിടെയുള്ള അന്തേവാസികളെല്ലാം സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോവുകയോ മറ്റു ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടുകയോ ചെയ്യണമെന്ന് കൽപിച്ചു.

ക്രിസ്തീയ വിശ്വാസം പരിത്യജിക്കാതെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങി വരരുതെന്നായിരുന്നു കാവിപ്പടയുടെ കൽപന. അതുകൊണ്ട് കന്ധമാലിനുപുറത്ത് കഴിയുവാൻ ജൂനോസും കുടുംബവും നിശ്ചയിച്ചു. തന്നെയുമല്ല, ജൂനോസിനെ ആക്രമിച്ചതിന്റെ പേരിൽ തങ്ങൾക്കെതിരെ ക്രിമിനൽ കേസ് എടുത്തതിനാൽ അക്രമികൾ അവരെ തുടർന്നും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. കേസ് പിൻവലിക്കുകയും, കേസുമൂലം അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിന് മാപ്പുപറഞ്ഞ് പുനർപരിവർത്തനം നടത്തി, ക്രിസ്തുമതം ഉപേക്ഷിച്ചാൽ മാത്രമേ ഗ്രാമത്തിൽ ജീവിക്കാൻ അനുവദിക്കൂ എന്നും കാവി അണികൾ ശഠിച്ചു. തന്നിമിത്തം ജൂനോസ് ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ, കന്ധമാലിന് പുറത്ത്, ബഞ്ചാംനഗർ എന്ന സ്ഥലത്ത് അവർ ഒരു ചെറിയ വീട് വാടകയ്‌ക്കെടുത്തു.

ഈ കഥ കേട്ടപ്പോൾ ജൂനോസിന്റെ വിശ്വാസത്തിന്റെ ആഴം അളക്കുന്നതിനു ഞാൻ ചോദിച്ചു: "യേശു രക്ഷകനാണെന്നല്ലേ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം. പക്ഷേ, അതുകാരണം, നിങ്ങൾക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്? ജ്യേഷ്ഠൻ കൊല്ലപ്പെട്ടു. ജ്യേഷ്ഠത്തി ഭ്രാന്തിയായി, നിങ്ങൾ വികലാംഗനും. വിശ്വാസത്തിനുവേണ്ടി ഇത്രയേറെ സഹിച്ചതിനുശേഷവും യേശു രക്ഷകനാണെന്നു വിശ്വസിക്കുന്നുണ്ടോ?" "നോക്കൂ, എത്രമാത്രം വെടിയുണ്ടകളാണ് അവർ എന്റെ നേരെ വർഷിച്ചത്. അവയിൽ ഒന്നുപോലും എന്റെ ഹൃദയത്തിൽ തറച്ചില്ല. ഇത് ഒരു അത്ഭുതമല്ലേ? യേശു ഇന്നും ജീവിക്കുന്നു. അതുകൊണ്ടുതന്നെ ഞാനും ജീവനോടെ ഇരിക്കുന്നു," വെടിയുണ്ടകൾ തുളഞ്ഞ തന്റെ കൈ നെഞ്ചത്തുവച്ച് ജൂനോസ് തിരിച്ചു ചോദിച്ചു.

തന്റെ പിതാവ് കൺ മുമ്പിൽ വെടിയേറ്റു വീണതോടെ ആരംഭിച്ച ദുരിതങ്ങൾ സുജാന്റെ മനസ് മടുപ്പിച്ചതുമില്ല. "ഞങ്ങൾ സുഖമായി ജീവിച്ചു വരികയായിരുന്നു. ഇത്രയേറെ ദുരന്തങ്ങൾ സഹിക്കാൻ ഞങ്ങൾക്ക് എപ്രകാരം സാധിച്ചുവെന്ന് എനിക്കറിയില്ല. ഞങ്ങളുടെ വിശ്വാസം പരീക്ഷിക്കുവാൻ ദൈവം തീരുമാനിച്ചിരിക്കണം," സുജാൻ എടുത്തു പറഞ്ഞു.

രണ്ടുവർഷം കഴിഞ്ഞിട്ടും വെടിയുണ്ടകൾ പൂർണ്ണമായും നീക്കം ചെയ്തിട്ടില്ലാത്ത ചലനമറ്റ വലതുകൈയ്യും ഇടതുകാലും ജൂനോസിനെ വിഷമിപ്പിച്ചിരുന്നു. എങ്കിലും ക്രിസ്തീയ പ്രത്യാശയ്ക്ക് സാക്ഷ്യം നൽകിക്കൊണ്ട് ജൂനോസ് പറഞ്ഞു. "എന്റെ കാലിൽ ഇപ്പോഴും അസഹനീയമായ വേദനയുണ്ട്. വലതുകരമോ അതിലെ വിരലുകളോ അനക്കുവാൻ കഴിയുന്നില്ല. ഡോക്ടർമാർ നിർദേശിച്ചതുപോലെ, ശസ്ത്രക്രിയയയ്ക്കു വിധേയനാകാൻ എന്റെ പക്കൽ പണമില്ല. ദൈവം തന്നെ വഴി കാണിച്ചുതരും."

തുടരും... (അടുത്ത ബുധനാഴ്ച: ക്രിസ്തുവിനെ പ്രതിപീഡിതനായ ചെല്ലനച്ചന്‍ )

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »