Seasonal Reflections - 2024

ജോസഫ് - സഭകളെ കൂട്ടി ഇണക്കുന്നവൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 25-01-2021 - Monday

2021 ലെ സഭൈക്യവാരത്തിൻ്റെ വിഷയം വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം പതിനഞ്ചാം അധ്യായം 1 മുതൽ 17 വരെയുള്ള വചനഭാഗത്തെ ആസ്പദമാക്കി രൂപപ്പെടുത്തിയ " നിങ്ങൾ എൻ്റെ സ്നേഹത്തിൻ വസിക്കുകയും ധാരാളം ഫലം പുറപ്പെടുവിക്കുകയും ചെയ്യുവിൻ" എന്നതായിരുന്നു. ഈ വർഷത്തെ സഭൈക്യവാരത്തിൻ്റെ സമാപന ദിനത്തിൽ (ജനുവരി 25 ) വിശുദ്ധ യൗസേപ്പിതാവാണ് നമ്മുടെ മാർഗ്ഗദർശി. ദൈവസ്നേഹത്തിൻ്റെ തണലിൽ വസിച്ച യൗസേപ്പ് ജീവിതത്തിൽ കൃപകളുടെ വസന്തകാലമാണ് വിരിയിച്ചത്.

വിവിധ സഭകൾ ദൈവസ്നേഹത്തിൽ ഒന്നിച്ചു വസിക്കുമ്പോൾ, ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ വിരിയുന്ന ഫലമാണ് സഭൈക്യം. അതൊരിക്കലും സഭയുടെ ഐശ്ചിക വിഷയമല്ല, ഈശോയുടെ ആഗ്രഹവും "പരിശുദ്‌ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്‌ !."(യോഹന്നാന്‍ 17 : 11), സഭ ആയിത്തീരേണ്ട യാഥാർത്യവുമാണ്.

വിശ്വാസ കാര്യങ്ങളെക്കാൾ ലൗകീകവും രാഷ്ട്രീയപരവും സ്വാർത്ഥപരവുമായ കാര്യങ്ങളാണ് സഭകളുടെ ഐക്യത്തിനു വിഘാതം സൃഷ്ടിക്കുന്നത്. ക്രൈസ്തവർ തമ്മിലുള്ള വിഭാഗീയത ലൗകികതയിൽനിന്നാണ് ഉത്ഭവിക്കുന്നതെന്നും ഐക്യത്തിലേക്ക് നയിക്കുന്നതിന് തടസമായി നിൽക്കുന്ന എല്ലാ വ്യത്യാസങ്ങൾക്കും മുകളിലായി ക്രിസ്തുവിനെ പ്രതിഷ്ഠിക്കണമെന്നും ഫ്രാൻസീസ് മാർപാപ്പ 2018 ൽ WCC യുടെ 70-ാം വാർഷികാഘോഷങ്ങളിൽ 2018 പങ്കെടുത്തപ്പോൾ ഓർമ്മിപ്പിച്ചതും ഈ യാഥാർത്യം തന്നെയാണ്.

ജിവിതത്തിൽ എല്ലാറ്റിനും ഉപരിയായി അവതരിച്ച വചനമായ ഈശോയെ പ്രതിഷ്ഠിച്ച വിശുദ്ധ യൗസേപ്പിതാവിനോട് സഭൈക്യശ്രമങ്ങളുടെ വിജയത്തിനായി നമുക്കു മധ്യസ്ഥം തേടാം.


Related Articles »