Social Media

കോവിഡിന്റെ മറവില്‍ നിരീശ്വരവാദവും ക്രൈസ്തവ വിരുദ്ധതയും പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നവരോട്

വോയിസ് ഓഫ് ചര്‍ച്ച് 26-04-2021 - Monday

കോവിഡ് രോഗബാധ ലോകരാജ്യങ്ങളെ മുഴുവൻ മുൾമുനയിൽ നിർത്തി രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ച് ഏതാനും മാസങ്ങൾ പിന്നിടുമ്പോഴും വൈറസ് എന്നത് ഒരു മിഥ്യയാണെന്നു കരുതുന്നവർ നമുക്കിടയിലുണ്ട്. കേരളം കാണുന്ന ആദ്യ വൈറസ് രോഗബാധ കോവിഡ് 19 അല്ലെങ്കിലും, അത്തരത്തിൽ അവർ ചിന്തിക്കുന്നതിന് പിന്നിൽ അവരുടേതായ കാരണങ്ങളുണ്ടാകാം. എന്തുതന്നെയായാലും അതിജീവനത്തെക്കുറിച്ച് ആശങ്കയുള്ള ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കും ആരോഗ്യ വിദഗ്ധർക്കും ഈ വൈറസ് രോഗബാധ വലിയ ഭീതിയാണ് സമ്മാനിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ വൈറസിന്റെ അസ്തിത്വത്തെക്കുറിച്ച് സംശയമുന്നയിച്ചിരുന്ന പലരും ഇന്ന് താൽക്കാലികമായെങ്കിലും നിശ്ശബ്ദരായിട്ടുണ്ടെങ്കിലും മറ്റു ചില "ചിന്തകർ" ഇക്കാലഘട്ടത്തിൽ ഉദയം ചെയ്തിട്ടുണ്ട്.

ശാസ്ത്രത്തിന്റെ മികവിൽ ഊറ്റം കൊണ്ട് ദൈവത്തിന്റെ അസ്തിത്വത്തെയും കത്തോലിക്കാ സഭയുടെ നിലപാടുകളെയും ദൈവവിശ്വാസത്തെത്തന്നെയും ചോദ്യം ചെയ്യുന്നവരാണ് അവർ. മനുഷ്യന് താങ്ങായി ശാസ്ത്രം മാത്രമേ എന്നും ഉണ്ടാകൂ എന്നും, ദൈവം എന്നുള്ളത് ചിലരുടെ സങ്കല്പം മാത്രമാണെന്നും ഈ മഹാമാരിയുടെ കാലത്തും അത്തരക്കാർ നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്നു.

"പ്രാർത്ഥനകളല്ല മരുന്നും മനുഷ്യപ്രയത്നങ്ങളുമാണ് ഈ മഹാമാരിയുടെ കാലത്ത് മനുഷ്യന് സഹായകമായത്, ദേവാലയങ്ങൾ പോലും അടച്ചിടേണ്ടിവന്നത് ദൈവത്തിന്റെ കഴിവുകേടാണ് വെളിപ്പെടുത്തുന്നത്" എന്നിങ്ങനെയാണ് ഇക്കൂട്ടരുടെ വാദം. പ്രാർത്ഥനകൾ കൊണ്ട് വൈറസ് രോഗബാധ നിയന്തിക്കാനായില്ല, ധ്യാനങ്ങൾ കൂടിയതുകൊണ്ടും പ്രാർത്ഥിച്ചതുകൊണ്ടും ആരുടേയും രോഗം മാറിയില്ല. വലിയ അത്ഭുതങ്ങൾ നടന്നിരുന്ന ധ്യാനകേന്ദ്രങ്ങൾ വരെ പൂട്ടിയിടേണ്ടി വന്നു. എന്നിങ്ങനെ, ആരോപണങ്ങളുടെയും അവഹേളന വചസ്സുകളുടെയും നിര നീളുകയാണ്.

രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രാർത്ഥനകൾ ആവശ്യപ്പെടുന്നതിനെ പോലും പരിഹാസത്തോടെയും പുച്ഛത്തോടെയും വിലയിരുത്തുന്ന ചിലരുടെ സാന്നിദ്ധ്യം സമൂഹമാധ്യമങ്ങളിലും പതിവാണ്. ലോകം മുഴുവൻ ആശങ്കയിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും തങ്ങളുടെ ഉള്ളിൽ തിങ്ങി നിറഞ്ഞുനിൽക്കുന്ന നിരീശ്വര ചിന്തകളെയും ദൈവനിഷേധത്തെയും കെട്ടഴിച്ചുവിടുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ് ഇവർ.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ശാസ്ത്രത്തിന്റെ പേരുപറഞ്ഞ് ദൈവനിഷേധം പ്രചരിപ്പിക്കുന്നവർ ആദ്യം മനസിലാക്കേണ്ടത്, ഈ വൈറസിനെ കീഴടക്കാൻ ഇനിയും വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല എന്ന വാസ്തവമാണ്. മനുഷ്യന്റെ അന്വേഷണ ത്വരയുടെയും, നിരീക്ഷണ പാടവത്തിന്റെയും, കഠിനാധ്വാനത്തിന്റെയും ഫലമാണ് വിവിധങ്ങളായ ശാസ്ത്രീയ നേട്ടങ്ങൾ. അത്തരം നിരവധിയായ നേട്ടങ്ങളെ വിലമതിക്കുമ്പോൾ തന്നെ ശാസ്ത്രത്തിന്റെ വിശാലവീഥിയിലൂടെയുള്ള മനുഷ്യന്റെ യാത്ര എങ്ങുമെത്തിയിട്ടില്ല എന്ന ഓർമ്മപ്പെടുത്തലും ഇത്തരം അനുഭവങ്ങൾ ചിന്താശേഷിയുള്ള മനുഷ്യർക്ക് സമ്മാനിക്കുന്നുണ്ട്. ശാസ്ത്രംകൊണ്ടു മാത്രം ഇന്നുവരെയും മനുഷ്യന് പൂർണ്ണമായി ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് മുൻവിധികളില്ലാതെ ശാസ്ത്രത്തെ സമീപിക്കുന്ന എല്ലാവർക്കും മനസിലാക്കാൻ കഴിയുന്ന കാര്യമാണ്.

കേവലം ശാസ്ത്രനിരീക്ഷണവും, ശാസ്ത്ര വിഷയങ്ങളിലുള്ള ഉപരിപ്ലവമായ അറിവും കൈമുതലാക്കി വച്ചുകൊണ്ട് നിരീശ്വരവാദം പ്രസംഗിക്കുന്നവർ മനസിലാക്കേണ്ട ഒരു കാര്യം, ലോകപ്രശസ്തരായ നിരവധി ശാസ്ത്രജ്ഞർ ഉറച്ച ദൈവവിശ്വാസികളായി എക്കാലവും ഉണ്ട് എന്നുള്ളതാണ്. അതിന് ജീവിച്ചിരിക്കുന്നതും ഇക്കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായതുമായ ഒരു ഉദാഹരണമാണ്, അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായ ഫ്രാൻസിസ് കോളിൻസ്. ജീവശാസ്ത്ര ഗവേഷണ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമുള്ള ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം. യൗവന കാലഘട്ടത്തിൽ ഈശ്വര നിഷേധിയായി ജീവിച്ച അദ്ദേഹത്തെ പിൽക്കാലത്ത് തികഞ്ഞ ദൈവവിശ്വാസിയാക്കി മാറ്റിയത് അദ്ദേഹത്തിന്റെ ഗവേഷണങ്ങളും നിരീക്ഷണങ്ങളും തന്നെയാണ്.

ഈ സാഹചര്യത്തിൽ എടുത്തുപറയേണ്ട മറ്റൊരു പേരാണ്, ലോക പ്രശസ്ത ശാസ്ത്രജ്ഞനായ ലൂയി പാസ്ചറുടേത്. പേവിഷബാധയ്ക്കും, അന്ത്രാക്സിനും വാക്സിൻ വികസിപ്പിക്കുക മാത്രമല്ല, വാക്സിനേഷൻ എന്ന ചികിത്സാ രീതിക്ക് അടിത്തറയിടുക കൂടി ചെയ്ത് പിൽക്കാലത്ത് ഈ രംഗത്തേയ്ക്ക് കടന്നുവന്ന എല്ലാ ശാസ്ത്രജ്ഞർക്കും വഴികാട്ടിയായി മാറുക കൂടി ചെയ്ത അദ്ദേഹം ഒരു തികഞ്ഞ കത്തോലിക്കാ വിശ്വാസിയായിരുന്നു. ഒരു കാലം വരെ മനുഷ്യന് ഏറ്റവും വലിയ തലവേദന സൃഷ്ടിച്ച പേവിഷബാധയ്ക്ക് പരിഹാരം കണ്ടെത്തിയ അദ്ദേഹത്തിന് എങ്ങനെയാണ് ഒരു നല്ല ദൈവവിശ്വാസിയായി ജീവിക്കാൻ കഴിഞ്ഞത് എന്ന് ഇക്കാലഘട്ടത്തിലെ "ശാസ്ത്രവാദികളായ" ദൈവനിഷേധികൾ വിചിന്തനം ചെയ്യേണ്ടതുണ്ട്.

കോവിഡ് രോഗബാധയല്ല ലോകം കണ്ട ഏറ്റവും വലിയ മഹാമാരി. ഇതിലും വലുതും ഭീകരവുമായ രോഗബാധകൾ മുമ്പും ഉണ്ടായിട്ടുണ്ട്. നൂറുവർഷങ്ങൾക്ക് മുമ്പ് ലോകത്തെ കീഴടക്കിയ സ്പാനിഷ് ഫ്ലൂ എന്ന മഹാമാരി രണ്ടു വർഷങ്ങൾ കൊണ്ട് പത്തുകോടി വരെ ആൾക്കാരെ കൊന്നൊടുക്കിയിട്ടുണ്ടാവാം എന്നാണ് നിഗമനം (കൃത്യമായ കണക്കുകൾ ലഭ്യമല്ല). കോവിഡ് രോഗബാധ മൂലം ഇതുവരെ മുപ്പത് ലക്ഷത്തോളം ആളുകൾ മരണപ്പെട്ടതായാണ് കണക്കുകൾ. വസൂരി, കോളറ പോലുള്ള കൂടുതൽ ഭീകരമായ രോഗബാധകൾ കേരളജനതയും മുമ്പ് പരിചയിച്ചിട്ടുള്ളതാണ്.

സിയറ ലിയോൺ മുതലായ ചില ആഫ്രിക്കൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ എബോള വൈറസും, കേരളത്തെ അമ്പരപ്പിച്ച നിപ്പ വൈറസുമെല്ലാം കൊറോണ വൈറസിനേക്കാൾ അപകടകാരികളായിരുന്നു. ഇത്തരം നിരവധി മാരകമായ രോഗസാഹചര്യങ്ങളും അപകട ഘട്ടങ്ങളും കടന്നാണ് ദൈവവിശ്വാസം ഈ കാലഘട്ടത്തിലും ബഹുഭൂരിപക്ഷം മനുഷ്യർക്കുമുള്ളിൽ പൂർവ്വാധികം ശക്തിപ്രാപിച്ചു നിൽക്കുന്നത്. രോഗങ്ങളും, അപകടങ്ങളും, അപ്രതീക്ഷിത മരണവും തുടങ്ങിയവയൊന്നും ഒരു യഥാർത്ഥ ദൈവവിശ്വാസിയുടെ വിശ്വാസത്തിന് പ്രതിബന്ധങ്ങളല്ല എന്നതാണ് വാസ്തവം. കോവിഡ് രോഗബാധ ദൈവവിശ്വാസികളായ ആരുടേയും ബോധ്യങ്ങളെ നിഷേധാത്മകമായി സ്വാധീനിച്ചിട്ടില്ല. മറിച്ച്, അനേകരുടെ ദൈവവിശ്വാസത്തെ ഉറപ്പിക്കാൻ ഈ കാലഘട്ടത്തിലെ ഇത്തരം പ്രതിസന്ധികൾക്ക് കഴിഞ്ഞിട്ടുമുണ്ട്.

രോഗങ്ങളുടെയും ശാസ്ത്രത്തിന്റെയും പേരുപറഞ്ഞ് ദൈവവിശ്വാസത്തെ ചവിട്ടിത്തേയ്ക്കാൻ ശ്രമിക്കുന്നവർക്ക്, ദൈവവിശ്വാസം എന്താണെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് മാത്രമാണ് കാര്യം. ചിലർ കരുതുന്നതുപോലെ, "യുക്തിയില്ലാത്തവർക്ക് പറഞ്ഞിട്ടുള്ള ഒന്നോ", "ധൈര്യമില്ലാത്തവർക്ക് ചാരി നിൽക്കാനുള്ളതോ", "ജീവിതത്തിലെ ദുഃഖ ദുരിതങ്ങൾ നീക്കാനുള്ള കുറുക്കുവഴിയോ" അല്ല ദൈവവിശ്വാസം. അത് ജീവിതത്തിന് ലക്ഷ്യബോധവും ദിശാബോധവും നൽകുന്നതും, നന്മയുടെയും സന്തോഷത്തിന്റെയും ഉറപ്പുള്ള ദിനരാത്രങ്ങൾ ശാശ്വതമായി സമ്മാനിക്കുന്നതും, മനുഷ്യജന്മത്തിന് അർത്ഥം തന്നെ നൽകുന്നതുമായ ബോധ്യങ്ങളുടെ ആകെത്തുകയാണ്. ദുരന്തങ്ങളിലും ദുരിതങ്ങളിലും മഹാമാരികളിലും തുടങ്ങി മരണത്തെ മുഖാമുഖം കാണുമ്പോൾ വരെ ഇളക്കമില്ലാത്ത പ്രത്യാശ സമ്മാനിക്കാൻ കഴിഞ്ഞിട്ടുള്ളത് മനുഷ്യചരിത്രത്തിൽ ദൈവവിശ്വാസത്തിന് മാത്രമാണ്. വേദനകളെയും ദുഃഖങ്ങളെയും തള്ളിമാറ്റാനല്ല, സ്വീകരിക്കാനാണ് ദൈവവിശ്വാസം ഒരാളെ പ്രാപ്തനാക്കുന്നത്.

ശാസ്ത്രത്തെയും, രോഗങ്ങളെയും, അത്ഭുതങ്ങളെയും കുറിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാടുകളെക്കുറിച്ചുകൂടി സൂചിപ്പിക്കാതെ ഈ കുറിപ്പ് പൂർണ്ണമാകില്ല. ആധുനിക ശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാൽ, ശാസ്ത്രരംഗത്ത് ഏറ്റവുമധികം സംഭാവന നൽകിക്കൊണ്ടിരിക്കുന്ന ഒരു മതവിഭാഗം ഏതാണെന്നു ചോദിച്ചാൽ കത്തോലിക്കാ സഭ എന്നായിരിക്കും ഉത്തരം. ബിഗ് ബാങ് തിയറി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ഭൗതിക ശാസ്ത്രജ്ഞനായ ജോർജസ് ലെമൈത്രെ, ജനിതക ശാസ്ത്രത്തിന് അടിത്തറ പാകിയ ഗ്രെഗർ മെൻഡൽ തുടങ്ങിയവർ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ശാസ്ത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കത്തോലിക്കാ വൈദികർ കൂടിയായ ശാസ്ത്രജ്ഞർക്ക് ഉദാഹരണങ്ങളാണ്. ഇക്കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന പ്രഗത്ഭ ശാസ്ത്രജ്ഞരിൽ വൈദികരും, അടിയുറച്ച ദൈവവിശ്വാസികളും അനവധിയുണ്ട്. നിരവധി വൈദികർ പോലും ശാസ്ത്ര ഗവേഷണങ്ങളിൽ സജീവമായിരിക്കുന്നത് കത്തോലിക്കാ സഭയ്ക്ക് വിവിധ ശാസ്ത്ര വിഷയങ്ങളോടുള്ള തുറന്ന സമീപനത്തിന് ഉദാഹരണമാണ്. ‍

വ്യക്തികൾക്കപ്പുറം, ഗവേഷണ സ്ഥാപനങ്ങൾ, സയൻസ് യൂണിവേഴ്‌സിറ്റികൾ, മെഡിക്കൽ കോളേജുകൾ, ആരോഗ്യ രംഗത്ത് സമാനതകളില്ലാത്ത ഇടപെടലുകൾ നടത്തുന്ന എണ്ണമറ്റ സ്ഥാപനങ്ങൾ തുടങ്ങിയവ കത്തോലിക്കാ സഭയുടേതായുണ്ട്. ഇന്ത്യയിലും, ക്രൈസ്തവരുടെ ശതമാനത്തേക്കാൾ ആനുപാതികമായി എത്രയോ അധികമാണ് ആരോഗ്യ - വിദ്യാഭ്യാസ രംഗങ്ങളിലുള്ള സഭയുടെ സ്ഥാപനങ്ങൾ? എല്ലാത്തിനും ഉപരിയായി, ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലുതും ഏറ്റവുമധികം പ്രഗത്ഭ ശാസ്ത്രജ്ഞരെ ഉൾക്കൊള്ളുന്നതുമായ സയൻസ് അക്കാദമിയാണ് വത്തിക്കാൻ കേന്ദ്രീകരിച്ചുള്ള "പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ്". നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ അക്കാദമിയിൽ കാലാകാലങ്ങളായി പ്രഗത്ഭരായ ഇന്ത്യൻ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ അംഗങ്ങളാണ്. ശാസ്ത്രത്തെയും ശാസ്ത്രീയ ഗവേഷണങ്ങളെയും ഇത്രമാത്രം ഗൗരവമായി സമീപിക്കുകയും അതിനൊപ്പം സഞ്ചരിക്കുകയും ശരിയായ പഠനങ്ങളുടെ മാത്രം വെളിച്ചത്തിൽ ഓരോ വിഷയങ്ങളിലുമുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്ന, ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന കത്തോലിക്കാ സഭയുടെ വിശ്വാസത്തെ അതേ ശാസ്ത്രത്തിന്റെ പേരിൽ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നത് തികഞ്ഞ വിരോധാഭാസമാണ്. ‍

"ദൈവം മാന്ത്രികവടി കയ്യിലേന്തിയ ഒരു മജീഷ്യനല്ല" എന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചതാണ്. ഒരിക്കൽ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിനെ അഭിസംബോധന ചെയ്ത് പാപ്പ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണ് ഇവ. ലോക സൃഷ്ടിയുമായി ബന്ധപ്പെട്ടുള്ള ചില അപക്വമായ മനോഭാവങ്ങളെ കത്തോലിക്കാ സഭയുടെ പഠനങ്ങളുടെ വെളിച്ചത്തിൽ തിരുത്തുകയായിരുന്നു അന്ന് പാപ്പ ചെയ്തത്. ദൈവത്തിന്റെ ഇടപെടലുകൾ എപ്രകാരമാണ് ഈ പ്രപഞ്ചത്തിലും, മനുഷ്യന്റെ ജീവിതത്തിലും സംഭവിക്കുക എന്നുള്ളതിനെക്കുറിച്ച് വളരെ കൃത്യമായ കാഴ്ചപ്പാടുകൾ കത്തോലിക്കാ സഭയ്ക്കുണ്ട്.

താൽക്കാലികമായി ലോകത്തിൽ സംഭവിക്കുന്ന ചില മാറ്റങ്ങളുടെയോ, രോഗബാധകളുടെയോ പശ്ചാത്തലത്തിൽ ഇളക്കം തട്ടുന്നവയല്ല അത്. കത്തോലിക്കാ സഭയെയും, ദൈവവിശ്വാസത്തെയും, അതിന്റെ മഹത്വത്തെയും തിരിച്ചറിയണമെങ്കിൽ ഉപരിപ്ലവമായ നിരീക്ഷണങ്ങളല്ല, ആഴമുള്ള പഠനങ്ങളാണ് ആവശ്യം.

ഒരുകാര്യം നിശ്ചയം, ഈ കോവിഡ് കാലത്ത് ദൈവവിശ്വാസത്തിനോ കത്തോലിക്കാ സഭയുടെ വിശ്വാസ പാരമ്പര്യങ്ങൾക്കോ പ്രബോധനങ്ങൾക്കോ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ആരുടേയും വിശ്വാസം ക്ഷയിച്ചിട്ടുമില്ല. വരും കാലങ്ങളിൽ മാനവരാശിയെ കാത്തിരിക്കുന്ന കൂടുതൽ കടുപ്പമുള്ള പരീക്ഷണങ്ങളെ നേരിടാൻ ശാസ്ത്രം ഇനിയും ഒരുപാട് വളരേണ്ടതുണ്ട് എന്ന ബോധ്യമാണ് കോവിഡ് അനുഭവം ലോകത്തിന് നൽകുന്നത്. അത്തരം ബോധ്യങ്ങളുമായി ഉറച്ച കാലടികളോടെ ശാസ്ത്രം മുന്നേറുക തന്നെ ചെയ്യും. അതിന് കത്തോലിക്കാ സഭയുടെയും ദൈവവിശ്വാസികളായ സകലരുടെയും പിന്തുണയും സഹകരണവും ഉണ്ടായിരിക്കുകയും ചെയ്യും. ‍

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »