News

അന്യായ തടവില്‍ കഴിയുന്ന നിക്കരാഗ്വേൻ മെത്രാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ പാർലമെന്റ്

പ്രവാചകശബ്ദം 16-09-2022 - Friday

സ്ട്രാസ്ബര്‍ഗ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിൽ ഭരണകൂട ഭീകരതയെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഡാനിയൽ ഒർട്ടേഗ സര്‍ക്കാര്‍ തടവിലാക്കിയ ബിഷപ്പ് റോളാണ്ടോ അൽവാരെസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ പാർലമെന്റ്. കത്തോലിക്ക സഭയിലെ അംഗങ്ങളെ വേട്ടയാടുന്നതിനെ അപലപിച്ചുകൊണ്ട് ഇന്നലെ വ്യാഴാഴ്ച (സെപ്റ്റംബര്‍ 15) യൂറോപ്യൻ പാർലമെന്റ് പാസാക്കിയ പ്രമേയത്തെ 538 പ്രതിനിധികൾ പിന്തുണച്ചു. 16 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങൾ പൗരന്മാർക്ക് അനുവദിച്ചു നൽകണമെന്ന് പാർലമെന്റ് പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

വിഷയത്തിൽ ആറാമത്തെ തവണയാണ് യൂറോപ്യൻ പാർലമെന്റ് പ്രമേയം പാസാക്കുന്നത്. സ്വാതന്ത്ര്യം ഇല്ലാത്ത ജുഡീഷ്യൽ സംവിധാനത്തെ, സിവിൽ, രാഷ്ട്രീയ അധികാരങ്ങൾ ക്രിമിനൽ കുറ്റമാക്കാനുള്ള ഉപകരണമാക്കി ഭരണകൂടം മാറ്റിയിരിക്കുകയാണെന്ന് പാർലമെന്റ് നിരീക്ഷിച്ചു. 2018 ഏപ്രിൽ മാസത്തിനു ശേഷം 206 പേരെയാണ് ഭരണകൂടം തടവിലാക്കിയത്. 2018ൽ സിവിൽ അവകാശങ്ങളുടെ മേൽ നിയന്ത്രണം കൊണ്ടുവരാൻ ഭരണകൂടം പാസാക്കിയ നിയമം റദ്ദാക്കണമെന്ന് പറഞ്ഞ് യൂറോപ്യൻ പാർലമെന്റ്, സർക്കാർ ഇതര സംഘടനകൾക്കു വിലക്കിട്ടതിനെയും, പ്രതിപക്ഷ നേതാക്കന്മാരെ വേട്ടയാടുന്നതിനെയും വിമർശിച്ചു.

അടുത്ത നാളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിന്ന മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിലെ അംഗങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം പുറത്താക്കിയിരിന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി വഴി ഡാനിയേൽ ഒർട്ടേഗ ഭരണകൂടത്തിന്റ പ്രവർത്തനങ്ങളെപ്പറ്റി ഔദ്യോഗിക തലത്തിൽ അന്വേഷണം ആരംഭിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനമെടുത്തത് ഈ സന്ദർഭത്തിൽ നീതിയുക്തമാണെന്നും പ്രമേയത്തിൽ പറയുന്നു. നിക്കരാഗ്വേയിലെ ജഡ്ജിമാരെയും, ഭരണകൂടവുമായി ബന്ധമുള്ളവരെയും മനുഷ്യാവകാശ ലംഘനം നടത്തിയവരുടെ പട്ടികയിൽ യൂറോപ്യൻ പാർലമെന്റ് ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.

ഒര്‍ട്ടേഗയുടെ കീഴിലുള്ള ഭരണകൂടം കാഴ്ചവെയ്ക്കുന്ന ക്രൂര ഭരണത്തെയും സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ കത്തോലിക്ക സഭ ഏറ്റവും ശക്തമായ വിധത്തില്‍ രംഗത്ത് വന്നിരിന്നു. ഇതാണ് നിക്കരാഗ്വേ ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുപക്ഷത്തിലാക്കിയത്. ഇതില്‍ ഏറ്റവും ശക്തമായ വിധത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത് ഇപ്പോൾ തടവിലായ ബിഷപ്പ് റോളാണ്ടോ അൽവാരെസായിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »