Life In Christ

'മതബോധനത്തിന്റെ അപ്പസ്തോല'നും 'പാവപ്പെട്ടവരുടെ ബന്ധു'വും ഇന്ന് വിശുദ്ധ പദവിയിലേക്ക്

പ്രവാചകശബ്ദം 09-10-2022 - Sunday

വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ പിയാസെന്‍സ രൂപതയുടെ മെത്രാനായിരുന്ന വാഴ്ത്തപ്പെട്ട ജിയോവാന്നി ബത്തീസ്ത സ്കലബ്രീനിയെയും സലേഷ്യന്‍ സമൂഹത്തിൽ നിന്നുള്ള സന്യസ്ത സഹോദരൻ അർത്തേമിദെ സാറ്റിയെയും ഫ്രാന്‍സിസ് പാപ്പ ഇന്ന്‍ വിശുദ്ധരായി പ്രഖ്യാപിക്കും. ഇന്ന്‍ ഞായറാഴ്ച (09/10/22) വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന മദ്ധ്യേ ആയിരിക്കും വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുക. വാഴ്ത്തപ്പെട്ട ജിയോവാന്നി ബത്തീസ്തയ്ക്കു ഒന്‍പതാം പീയുസ് പാപ്പ 'മതബോധനത്തിൻറെ അപ്പസ്തോലൻ' എന്ന വിശേഷണം നല്‍കിയിരിന്നു. പാവപ്പെട്ടവർക്കായുള്ള അക്ഷീണ പ്രവർത്തനവും അതിനുള്ള സന്നദ്ധതയും നിരന്തര പ്രാർത്ഥനയും സുദീർഘമായ ദിവ്യകാരുണ്യ ആരാധനയിലുള്ള പങ്കുചേരലും വഴി ജീവിതം ധന്യമാക്കിയ വ്യക്തിയാണ് വാഴ്ത്തപ്പെട്ട അർത്തേമിദെ സാറ്റി.

1839 ജൂലൈ 8നു ഉത്തര ഇറ്റലിയിലെ കോമൊയിലെ ഫീനൊ മൊർനാസ്കൊയിലായിരിന്നു ജിയോവാന്നി ബത്തീസ്തയുടെ ജനനം. ലൂയിജി-കൊളൊമ്പൊ ദമ്പതികളുടെ എട്ടുമക്കളിൽ മൂന്നാത്തെ പുത്രനായിരുന്നു ബത്തീസ്ത. വൈദിക ജീവിതത്തോടു വല്ലാത്ത ആവേശം തോന്നിയ അദ്ദേഹം 1857-ൽ സെമിനാരി ജീവിതം ആരംഭിച്ചു. 1863 മെയ് 30-ന് പൗരോഹിത്യം സ്വീകരിച്ചു. 1876 ജനുവരി 30-ന് ഇറ്റലിയിലെ പിയാസെന്‍സ രൂപതയുടെ മെത്രാനായി അഭിഷിക്തനായ അദ്ദേഹം മതബോധനത്തിന് അതീവ പ്രാധാന്യം കല്പിച്ചിരിന്നു. ക്രിസ്തീയ സിദ്ധാന്ത വിദ്യാലയങ്ങൾ സ്ഥാപിച്ചും കത്തോലിക്ക മതബോധന പ്രസിദ്ധീകരണം ആരംഭിച്ചും ദേശീയ മതബോധനസമ്മേളനം ഉള്‍പ്പെടെ സംഘടിപ്പിച്ചും തന്റെ ജീവിതം ധന്യമാക്കിയ വ്യക്തിയായിരിന്നു അദ്ദേഹം. ഇതാണ് അദ്ദേഹത്തെ 'മതബോധനത്തിൻറെ അപ്പോസ്തോലൻ' എന്ന വിശേഷണത്തിന് അര്‍ഹനാക്കിയത്.

കുടിയേറ്റം ഉൾപ്പടെയുള്ള സാമൂഹ്യ പ്രശ്നങ്ങളിലും അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. അഭയാര്‍ത്ഥികള്‍ക്ക് സഹായഹസ്തം നീട്ടുന്നതിന് 1889- ൽ വിശുദ്ധ റാഫേലിൻറെ നാമത്തിൽ അല്മായ സംഘടന സ്ഥാപിച്ചു. കൂടാതെ രണ്ടു സമർപ്പിതജീവിത സമൂഹങ്ങൾക്ക് രൂപം നല്കുകയും ചെയ്തു. 1887 നവംബര്‍ 28-ന് വിശുദ്ധ ചാൾസ് ബൊറോമിയൊയുടെ നാമത്തിലുള്ള പ്രേഷിതരുടെയും 1895 ഒക്ടോബർ 25ന് വിശുദ്ധ ചാൾസ് ബൊറോമിയൊയുടെ നാമത്തിലുള്ള പ്രേഷിതരുടെയും സമൂഹങ്ങൾ സ്ഥാപിച്ചു. 1905 ജൂൺ 1-ന് സ്കലബ്രീനി നിത്യ സമ്മാനത്തിന് വിളിക്കപ്പെട്ടു. 1997 നവംബര്‍ 9-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

“പാവപ്പെട്ടവരുടെ ബന്ധു” എന്ന വിശേഷണം സ്വന്തം ജീവിതത്തിലൂടെ നേടിയ വ്യക്തിയായിരിന്നു അർത്തേമിദെ സാറ്റി. 1880 ഒക്ടോബർ 12നു ഉത്തര ഇറ്റലിയിലെ റേജൊ എമീലിയ പ്രവിശ്യയിൽപ്പെട്ട ബൊറേത്തൊയിൽനായിരുന്നു ജനനം. തൻറെ കുടുംബം തെക്കെ അമേരിക്കൻ നാടായ അർജന്‍റീയിലേക്കു കുടിയേറിയതിനെ തുടർന്ന് അവിടെ ബഹീയ ബ്ലാങ്കയിൽ സലേഷ്യൻ സമൂഹവുമായി അടുത്തിടപഴകിയ അദ്ദേഹം സന്യസ്തജീവിതത്തിൽ ആകൃഷ്ടനായി. സലേഷ്യൻ സമൂഹത്തിൽ ചേർന്ന അർത്തേമിദെ സന്ന്യസ്ത സഹോദരനായി ജീവിക്കുന്നതിന് തീരുമാനിക്കുകയും 1908 ജനുവരി 1-ന് പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു.

രോഗീപരിചരണത്തിൽ അദ്ദേഹം സവിശേഷ താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചു. 'പാവപ്പെട്ടവരുടെ ബന്ധു' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. സലേഷ്യൻ സമൂഹത്തിൻറെ മേൽനോട്ടത്തിലുള്ള ആശുപത്രിയുടെയും അനുബന്ധ വിഭാഗങ്ങളുടെയും ചുമതല അദ്ദേഹം ഏറ്റെടുത്തു. സന്യാസ സഹോദരങ്ങളെയും ഡോക്ടര്‍മാരെയും നേഴ്സുമാരെയും ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതായിരിന്നു അദ്ദേഹം ചെയ്ത ഓരോ ശുശ്രൂഷകളും. അദ്ദേഹത്തിന്റെ ജീവിത മാതൃകയും ഉപദേശവും വഴി അനേകം വ്യക്തികളെ രൂപപ്പെടുത്തുവാന്‍ സഹായിച്ചു. ദിവ്യകാരുണ്യ ആരാധനയും ജപമാലയും ആത്മീയ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റിയ അർത്തേമിദെ 1951 മാർച്ച് 15-ന് സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. 2002 ഏപ്രിൽ 9-ന് വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »