News - 2024

സുഡാന്‍ സന്ദര്‍ശനത്തിനിടെ പാപ്പയുടെ ശ്രദ്ധ നേടിയ മരിയന്‍ രൂപം ഒരുക്കിയ കലാകാരന്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 05-04-2023 - Wednesday

ജൂബ: അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി തെക്കന്‍-സുഡാനിലെത്തിയപ്പോള്‍ തലസ്ഥാന നഗരമായ ജൂബയിലെ ജോണ്‍ ഗരാംഗ് മൈതാനത്ത് ഫ്രാന്‍സിസ് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വേദിയില്‍ പ്രതിഷ്ഠിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപം രൂപകല്‍പ്പന ചെയ്ത കലാകാരന്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. അറുപത്തിയൊന്നു വയസ്സുള്ള എഞ്ചിനീയര്‍ ആന്‍റണി സുരുര്‍ സെബിറ്റാണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഖാര്‍തും, തെക്കന്‍ സുഡാന്‍ എന്നിവിടങ്ങളിലെ ദേവാലയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട ആന്‍റണി.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോംഗോ സുഡാന്‍ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ പാപ്പയുടെ അടക്കം ശ്രദ്ധ നേടിയ രൂപമായിരിന്നു സുരുര്‍ ഒരുക്കിയത്. ഫ്രാന്‍സിസ് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വേദിയിലെ ദൈവമാതാവിന്റെ രൂപത്തിന് പുറമേ, സെന്റ്‌ പോള്‍സ് മേജര്‍ സെമിനാരി ഉള്‍പ്പെടെയുള്ള പ്രമുഖ സെമിനാരികളിലെ ശില്‍പ്പങ്ങളും ഇദ്ദേഹം തന്നെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 4 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളും ഉള്‍പ്പെടെ 9 കുട്ടികളുടെ പിതാവായ അന്തോണി ഖാര്‍തും സര്‍വ്വകലാശാലയില്‍ നിന്നുമാണ് ആര്‍ക്കിടെക്ച്വറല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയത്.

സുരുറിന്റെ കൊലപാതകത്തില്‍ സഭ അനുശോചനം രേഖപ്പെടുത്തി. ആളുകളെ ഒരുമിപ്പിക്കുന്ന കാര്യത്തില്‍ അന്തോണി സുരുര്‍ ‘സമാധാനത്തിന്റെ ഒരു പ്രതീകമായിരുന്നു'വെന്ന്‍ ജൂബ സഹായ മെത്രാന്‍ സാന്റോ ലാകു പിയോ ഡോഗാലെ പറഞ്ഞു. കൊലപാതകത്തെ ശക്തമായി അപലപിച്ച ബിഷപ്പ് നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ പലപ്പോഴും ശിക്ഷിക്കപ്പെടുന്നില്ലെന്ന്‍ ചൂണ്ടിക്കാട്ടി. അതേസമയം അക്രമങ്ങള്‍ ചെറുക്കേണ്ട സൈന്യത്തിന്റേയും, പോലീസിന്റേയും അനാസ്ഥയും, അഴിമതിയും കാരണം തെക്കന്‍ സുഡാനിലെ സുരക്ഷാ അന്തരീക്ഷം അനുദിനം വഷളായികൊണ്ടിരിക്കുകയാണ്.


Related Articles »