News

ഗ്വാഡലൂപ്പ മരിയ ഭക്തി പ്രചരിപ്പിക്കുവാന്‍ പൊന്തിഫിക്കല്‍ ഇന്റര്‍നാഷ്ണല്‍ മരിയന്‍ അക്കാദമി

പ്രവാചകശബ്ദം 05-09-2023 - Tuesday

മെക്സിക്കോ സിറ്റി: ഗ്വാഡലൂപ്പയില്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തി ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ‘ദി പൊന്തിഫിക്കല്‍ ഇന്റര്‍നാഷ്ണല്‍ മരിയന്‍ അക്കാദമി’യും ദി ഇന്‍സ്റ്റിറ്റൂട്ടോ സുപ്പീരിയര്‍ ഡെ എസ്റ്റുഡിയോസ് ഗ്വാഡലൂപ്പാനോസും (ഐ.എസ്.ഇ.ജി) സംയുക്ത കരാറില്‍ ഒപ്പുവെച്ചു. ഗ്വാഡലൂപ്പ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെ കുറിച്ചുള്ള പഠനങ്ങളില്‍ ശ്രദ്ധ നേടിയ ‘ഐ.എസ്.ഇ.ജി’യുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. വാര്‍ഷികവുമായി ബന്ധപ്പെട്ട് മെക്സിക്കോ സിറ്റിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസില്‍ പൊന്തിഫിക്കല്‍ മരിയന്‍ അക്കാദമിയുടെ പ്രസിഡന്റായ ഫാ. സ്റ്റെഫാനോ സെച്ചിന്‍ ഒ.എഫ്.എം മുഖ്യ അതിഥിയായി പങ്കെടുത്തിരുന്നു.

ഫാ. സ്റ്റെഫാനോ സെച്ചിനും, ഐ.എസ്.ഇ.ജി’യുടെ ഡയറക്ടറായ മോണ്‍. എഡ്വാര്‍ഡോ ചാവേസുമാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചിരിക്കുന്നത്. മെക്സിക്കോയിലെ മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ നോര്‍ബെര്‍ട്ടോ റിവേരായും ക്നൈറ്റ്സ് ഓഫ് കൊളംബസിന്റെ മുന്‍ സുപ്രീം ക്നൈറ്റായ കാള്‍ ആന്‍ഡേഴ്സണും ചടങ്ങില്‍ പങ്കെടുത്തു. ഗ്വാഡലൂപ്പ പ്രത്യക്ഷീകരണങ്ങളുടെ പഠനവും, പ്രചാരണവും തുടരുന്നതിനായി റോമും ലോകമെമ്പാടുമുള്ള വിവിധ മരിയന്‍ കേന്ദ്രങ്ങളും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിനായി സഹകരണ കരാര്‍ നിലവില്‍ വരുത്തിയിട്ടുണ്ടെന്നു എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാ. സ്റ്റെഫാനോ പറഞ്ഞു.

1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് ലഭിച്ച മരിയന്‍ പ്രത്യക്ഷീകരണത്തിലൂടെ ആഗോള ശ്രദ്ധ നേടിയ കേന്ദ്രമാണ് ഗ്വാഡലൂപ്പ. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുന്നതായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ അനേകം പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിന്നു.

പരിശുദ്ധ കന്യകാമറിയത്തേക്കുറിച്ചുള്ള ശാസ്ത്രപരവും, ദൈവശാസ്ത്രപരവുമായ പഠനങ്ങള്‍ക്കും, മരിയന്‍ ഭക്തിയുടെ പ്രചാരണത്തിനുമായി ചുമതലപ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര പൊന്തിഫിക്കല്‍ സംഘടനയാണ് പൊന്തിഫിക്കല്‍ ഇന്റര്‍നാഷണല്‍ മരിയന്‍ അക്കാദമി. അന്താരാഷ്ട്ര പൊന്തിഫിക്കല്‍ സംഘടന എന്ന നിലയില്‍ ഗവേഷണ മേഖലയിലും, സാംസ്കാരിക, സഭാപരമായ മേഖലകളിലും, മതാന്തര സംവാദങ്ങളിലും മരിയോളജിക്കല്‍ സയന്‍സിനെയും, തിരുസഭാധിഷ്ഠിതമായ മരിയന്‍ ഭക്തിയെയും പ്രോത്സാഹിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി മരിയന്‍ പണ്ഡിതന്‍മാരെ ഏകോപിപ്പിക്കുന്ന ചുമതലയും പൊന്തിഫിക്കല്‍ ഇന്റര്‍നാഷണല്‍ മരിയന്‍ അക്കാദമിക്കുണ്ട്.


Related Articles »