News

തിരുനാള്‍ ദിനത്തില്‍ ഗ്വാഡലൂപ്പ മരിയന്‍ പ്രത്യക്ഷീകരണം പ്രമേയമാക്കിയ സിനിമയുടെ ട്രെയിലര്‍ പുറത്ത്

പ്രവാചകശബ്ദം 12-12-2023 - Tuesday

മെക്സിക്കോ സിറ്റി: ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം പ്രമേയമാക്കി നിര്‍മ്മിച്ചിരിക്കുന്ന “Guadalupe, Mother of Humanity” (ഗ്വാഡലൂപ്പ; മാനവികതയുടെ മാതാവ്) എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറക്കി. ലോകമെമ്പാടും ഇന്നു ആഘോഷിക്കുന്ന ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണ തിരുനാളിനോടനുബന്ധിച്ചാണ് ഇന്റർനാഷ്ണൽ കാത്തലിക് ഫിലിം ഫെസ്റ്റിവല്‍ ഗ്രൂപ്പും ഗോയ പ്രൊഡക്‌ഷൻസും ചേർന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറക്കിയത്.

1531-ൽ സംഭവിച്ച ഗ്വാഡലൂപ്പ പ്രത്യക്ഷീകരണവും സന്ദേശവും ലോകമെമ്പാടും എത്തിക്കാൻ ഇത് സഹായിക്കുമെന്ന് സിനിമയുടെ ഡയറക്‌ടറായ ഗാബി ജേക്കബ് എസിഐ പ്രെൻസയോട് പറഞ്ഞു. ഏതാണ്ട് മൂന്ന് വർഷമായി സിനിമയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ഞങ്ങൾ ശരിക്കും സന്തുഷ്ടരാണ്, ഇത് സുവിശേഷവത്ക്കരണത്തിനുള്ള മികച്ച മാർഗമാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്വാഡലൂപ്പ പ്രത്യക്ഷീകരണത്തിന് 2031-ൽ 500 വർഷം തികയുവാനിരിക്കെയാണ് സിനിമ പുറത്തിറക്കുന്നതെന്നതും ശ്രദ്ധേയമാണ്.

മെക്‌സിക്കോ, സ്‌പെയിൻ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ജർമ്മനി എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയില്‍ ഗ്വാഡലൂപ്പിലെ ബസിലിക്കയുടെ റെക്ടറായ ബിഷപ്പ് എഫ്രയിൻ ഹെർണാണ്ടസ്, അതിരൂപതയുടെ റേഡിയോ ആൻഡ് ടെലിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഫാ. ജോസ് ഡി ജെസസ് അഗ്വിലാർ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 2024 ഫെബ്രുവരി 22നാണ് മെക്സിക്കോയിലും മധ്യ അമേരിക്കയിലും സിനിമ റിലീസ് ചെയ്യുക. 2024 ഫെബ്രുവരി 29 ന് കൊളംബിയ, അമേരിക്ക, ഇക്വഡോർ, ഉറുഗ്വേ എന്നിവിടങ്ങളില്‍ സിനിമ പ്രദര്‍ശനം ആരംഭിക്കും. 2024 മാർച്ച് 1നാണ് സ്പെയിനില്‍ പ്രദര്‍ശനം തുടങ്ങുക.

500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »