Videos

ക്രിസ്ത്യാനി എന്തിലാണ് മേൻമ ഭാവിക്കേണ്ടത്? | നോമ്പുകാല ചിന്തകൾ | മുപ്പത്തിയേഴാം ദിവസം

പ്രവാചകശബ്ദം 19-03-2024 - Tuesday

"നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേൻമ ഭവിക്കാൻ എനിക്കിടയാകാതിരിക്കട്ടെ" (ഗലാ 6:14)

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിയേഴാം ദിവസം ‍

നമ്മുടെ ജീവിതത്തിൽ ദൈവം നമ്മുക്ക് ധാരാളം ദാനങ്ങൾ നൽകിയിട്ടുണ്ട്. ചിലപ്പോഴൊക്കെ ഈ ദാനങ്ങളൊക്കെ നമ്മുടെ അധ്വാനം കൊണ്ട് നേടിയതാണ് എന്ന നിലയിൽ നാം മേൻമ ഭാവിക്കാറുണ്ട്. ചിലപ്പോഴൊക്കെ നാം നമ്മുടെ പാരമ്പര്യത്തിലും കുടുംബമഹിമയിലും മേൻമ ഭാവിക്കാറുണ്ട്? എന്നാൽ ഒരു ക്രിസ്ത്യാനി എന്തിലാണ് മേൻമ ഭാവിക്കേണ്ടത്? വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നു: "നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേൻമ ഭവിക്കാൻ എനിക്കിടയാകാതിരിക്കട്ടെ" (ഗലാ 6:14).

ക്രിസ്‌തു നമ്മുടെ പാപങ്ങൾക്കു വേണ്ടി കുരിശിൽ മരിച്ചുവെന്നും, അതിലൂടെ നമ്മൾ ദൈവമക്കളും സ്വർഗ്ഗരാജ്യത്തിന് അവകാശികളുമായിത്തീർന്നു എന്നതിലും നമ്മുക്ക് അഭിമാനിക്കാം. അവിശ്വാസിക്ക് കുരിശ് അപമാനത്തിന്റെ ചിഹ്നമാണെങ്കിൽ വിശ്വാസിക്ക് അത് അഭിമാനത്തിന്റെ ചിഹ്‌നവും രക്ഷയുടെ അടയാളവുമാണ്.

വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു: ക്രൂശിക്കപ്പെടാനുള്ളിടത്തേക്ക് ഈശോ കുരിശും ചുമന്നുകൊണ്ടു പോകുന്നത് മഹത്തായ ഒരു കാഴ്‌ചയായിരുന്നു. അവിശ്വാസിയാണ് കാഴ്ചക്കാരനെങ്കിൽ ഈശോ വലിയൊരു പരിഹാസ പാത്രം മാത്രം. വിശ്വാസിയാണെങ്കിൽ മഹത്തായ ഒരു രഹസ്യം. അവിശ്വാസിയായ ഒരു കാഴ്‌ചക്കാരന് അത് അപമാനത്തിന്റെ പ്രകടനം. വിശ്വാസിക്കോ അത് വിശ്വാസത്തിന്റെ ഉന്നതമായ പ്രകാശനം. അവിശ്വാസി രാജകീയ ചെങ്കോലിൻ്റെ സ്ഥാനത്ത് തൻ്റെ ശിക്ഷയ്ക്കുള്ള മരം വഹിക്കുന്ന രാജാവിനെ നോക്കി പരിഹസിച്ചു ചിരിക്കുന്നു. വിശ്വാസിയാകട്ടെ താൻ ക്രൂശിക്കപ്പെടാനുള്ള മരം വഹിക്കുന്ന രാജാവിൽ പിന്നീട് വിശുദ്ധർ അഭിമാനം കൊള്ളാനുള്ളവനെ ദർശിക്കുന്നു.

പ്രിയപ്പെട്ട സഹോദരങ്ങളെ, ഈ നോമ്പുകാലത്ത് നമ്മുക്ക് വിചിന്തനം ചെയ്യാം. നമ്മുടെ ഈ ലോക നേട്ടങ്ങളിൽ നമ്മൾ മേൻമ ഭവിക്കുന്നവരാണോ? എങ്കിൽ നാം തിരിച്ചറിയണം അവയൊന്നും നമ്മെ സ്വർഗ്ഗരാജ്യത്തിന് അവകാശിയാക്കുന്നില്ല എന്നു മാത്രമല്ല അവയ്ക്ക് നമ്മുടെ ജീവിതത്തിൽ ദൈവത്തെക്കാൾ ഉയർന്ന സ്ഥാനം നൽകുന്നുവെങ്കിൽ അത് നമ്മളെ നിത്യനരകാഗ്നിക്ക് എറിയപ്പെടുന്നതിന് കാരണമായേക്കാം. അതിനാൽ നമ്മുടെ ഈ ലോക നേട്ടങ്ങളും സൗഭാഗ്യങ്ങളും ഈശോയുടെ കുരിശിൽ ചുവട്ടിലേക്ക് നമ്മുക്ക് ഇറക്കി വയ്ക്കാം. എന്നിട്ട് നമ്മെ വീണ്ടടുത്തു രക്ഷിച്ച അവിടുത്തെ കുരിശിൽ നമ്മുക്ക് അഭിമാനിക്കാം. കാരണം “ദൈവത്തിനും മനുഷ്യർക്കുമിടയിലെ ഏക മധ്യസ്ഥനായ ക്രിസ്‌തുവിന്റെ അതുല്യമായ ബലിയാണ് കുരിശ്” (CCC 618).

More Archives >>

Page 1 of 31