News - 2024

തന്റെ മൃതസംസ്കാര ചടങ്ങ് ലളിതമായിരിക്കണം, മൃതദേഹം മേരി മേജർ ബസിലിക്കയില്‍ കബറടക്കണം: ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 14-12-2023 - Thursday

വത്തിക്കാൻ സിറ്റി: മരിച്ചാൽ മൃതദേഹം റോമിലെ മേരി മേജർ ബസിലിക്കയില്‍ കബറടക്കണമെന്നാണ് ആഗ്രഹമെന്ന് ഫ്രാൻസിസ് മാർപാപ്പ. ചൊവ്വാഴ്ച രാത്രി മെക്സിക്കൻ ടെലിവിഷൻ പ്രോഗ്രാമായ "N+" സംപ്രേക്ഷണം ചെയ്ത പുതിയ അഭിമുഖത്തിലാണ്, തന്റെ മൃതസംസ്കാരത്തെ കുറിച്ചുള്ള വിവരങ്ങള്‍ പാപ്പ വെളിപ്പെടുത്തിയത്. സംസ്കാര ചടങ്ങുകൾ ലളിതമാക്കാൻ വത്തിക്കാനിലെ ആചാര്യൻ ആർച്ച് ബിഷപ്പ് ഡീഗോ റാവെല്ലിയുമായി ചേർന്ന് പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നു പാപ്പ വെളിപ്പെടുത്തി. അന്ത്യകർമങ്ങൾ ലളിതമായിരിക്കണമെന്നും പാപ്പ പറഞ്ഞു.

തന്റെ മരിയ ഭക്തിയെ തുടര്‍ന്നാണ് മേരി മേജര്‍ ദേവാലയത്തില്‍ സംസ്കരിക്കണമെന്ന് ആഗ്രഹമുള്ളതെന്നും ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ മരിയൻ ആരാധനാലയങ്ങളിലൊന്നിൽ തന്റെ അടക്കം നടത്തുന്നതിനായി സ്ഥലം ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഫ്രാൻസിസ് മാർപാപ്പ കൂടെക്കൂടെ സന്ദര്‍ശനം നടത്താറുള്ള ദേവാലയമാണ് മേരി മേജർ ബസിലിക്ക. 'റോമിലെ സംരക്ഷക' എന്ന ഇവിടുത്തെ പ്രസിദ്ധമായ രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്താന്‍ പാപ്പ എത്താറുണ്ട്. അന്താരാഷ്ട്ര സന്ദര്‍ശനങ്ങള്‍ക്കു മുന്‍പും ശേഷവും പാപ്പ ഈ ദേവാലയത്തിലെത്തി പ്രാര്‍ത്ഥിക്കാറുണ്ടെന്നത് ശ്രദ്ധേയമായ വസ്തുതയാണ്.

സാധാരണയായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മാര്‍പാപ്പമാരുടെ മൃതശരീരം സംസ്ക്കരിക്കാറുള്ളത്. ലിയോ പതിമൂന്നാമൻ മാർപാപ്പയെ 1903-ൽ സെന്റ് ജോൺ ലാറ്ററൻ ആർച്ച് ബസിലിക്കയിൽ അടക്കം ചെയ്തത് ഒഴിച്ചാല്‍ ഒരു നൂറ്റാണ്ടിനിടെ മരണപ്പെട്ട എല്ലാ പാപ്പമാരെയും സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് സംസ്ക്കരിച്ചിരിക്കുന്നത്. അതേസമയം ഫ്രാന്‍സിസ് പാപ്പ ആഗ്രഹം പ്രകടിപ്പിച്ച മരിയൻ ബസിലിക്കയിൽ 6 മാര്‍പാപ്പമാരെ അടക്കം ചെയ്തിട്ടുണ്ട്. സെന്റ് മേരി മേജറിൽ അടക്കം ചെയ്യപ്പെട്ട അവസാനത്തെ മാർപാപ്പ 1669-ൽ അന്തരിച്ച ക്ലെമന്റ് ഒന്‍പതാമനായിരുന്നു.


Related Articles »